Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക ആശങ്ക: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ചർച്ച നടത്തിയതിന് പിന്നാലെ പ്രശ്‌നപരിഹാരം ഉറപ്പു നൽകി മന്ത്രി എകെ ശശീന്ദ്രൻ ബിഷപ്പിനെ കണ്ടു; കാട്ടുപന്നി ശല്യം പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

കർഷക ആശങ്ക: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ചർച്ച നടത്തിയതിന് പിന്നാലെ പ്രശ്‌നപരിഹാരം ഉറപ്പു നൽകി മന്ത്രി എകെ ശശീന്ദ്രൻ ബിഷപ്പിനെ കണ്ടു; കാട്ടുപന്നി ശല്യം പരിഹരിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്

കെ വി നിരഞ്ജൻ

കോഴിക്കോട്: കർഷകരുടെ ആശങ്കകളുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി ചർച്ച നടത്തിയ ഇൻഫാം ദേശീയ രക്ഷാധികാരി കൂടിയായ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ നേരിൽ കണ്ട് ചർച്ച നടത്തി മന്ത്രി എ കെ ശശീന്ദ്രൻ . ക്രിസ്ത്യൻ സമുദായത്തെ അടുപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നതിനിടെയായിരുന്നു ബിഷപ്പ് ജെ പി നദ്ദയുമായി ചർച്ച നടത്തിയത്. വന്യജീവി ശല്യവും ബഫർ സോൺ നിശ്ചയിച്ചതിലെ അപാകതയും മൂലം പ്രയാസത്തിലായ കർഷകരുടെ ആശങ്കകളായിരുന്നു ബിഷപ്പ് പങ്കു വെച്ചത്.

പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് നദ്ദ ഉറപ്പു നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശശീന്ദ്രൻ നേരിട്ടെത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ താമരശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കർഷകരുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനനുകൂലമായ നിയമനിർമ്മാണ മുണ്ടാവുമെന്ന് കൂടിക്കാഴ്ചയിൽ മന്ത്രി വ്യക്തമാക്കി. മനുഷ്യന്റെ ജീവനും കൃഷിക്കും വെല്ലുവിളിയായ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന് കാത്തു നിൽക്കാതെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ചാണ് സർക്കാറിന്റെ ആലോചനയിലുള്ളതെന്നും ഉടൻ തന്നെ നിയമ നിർമ്മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. വളരെ സന്തോഷകരമായ കുടിക്കാഴ്ചയായിരുന്നുവെന്ന് ബിഷപ്പ് പറഞ്ഞു.

കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ തുറന്നു സംസാരിക്കുവാൻ സാധിച്ചുവെന്നും പ്രശ്‌ന പരിഹാരങ്ങളോട് മന്ത്രിക്ക് തുറന്ന സമീപനമായിരുന്നുവെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട്ട് കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിനും ബിജെപി പൊതുയോഗത്തിനുമായി കോഴിക്കോട്ടെത്തിയ നദ്ദയെ കടവ് റിസോർട്ടിൽ വച്ചാണ് ബിഷപ്പ് കണ്ടത്.

കേന്ദ്രസഹമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന നേതാക്കളും ഉൾപ്പെടെ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.വന്യജീവിശല്യവും ബഫർ സോൺ നിശ്ചയിച്ചതിലെ അപാകതയുംമൂലം പൊറുതിമുട്ടുന്ന കർഷകരുടെ ആശങ്കകൾ ഉടൻ പരിഹരിക്കക്കണമെന്ന് കൂടിക്കാഴ്ചയിൽ ബിഷപ് നദ്ദയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് നദ്ദ ബിഷപ്പിന് ഉറപ്പ് നൽകുകയും ചെയ്തു. ബഫർസോണുമായി ബന്ധപ്പെട്ട വിഞ്ജാപനം ജൂണിൽ വരുന്നതിന് മുൻപ് വില്ലേജുകൾ നിശ്ചയിച്ചതിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഹരിക്കണം. വന്യ ജീവികൾ കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.

ഇതുമൂലം കർഷകർ ആകെ ദുരിതത്തിലാണ്. കാട്ടിൽ നിന്നും നാട്ടിലിറങ്ങുന്ന വന്യ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുവാദം നൽകണമെന്നും ബിഷപ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാർ സമീപകാലത്തായി എടുത്ത നിലപാട് ആശങ്കയുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടിയിരുന്നു.ബന്ധപ്പെട്ട മന്ത്രാലയവുമായി ചർച്ചചെയ്ത് ഈ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നദ്ദ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് കാട്ടുപന്നി വിഷയത്തിൽ കേന്ദ്ര തീരുമാനത്തിന് കാത്തു നിൽക്കാതെ നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവുമായി സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP