Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരന്തമുണ്ടാക്കിയത് ഡീസൽ അടിച്ച ശേഷം ചീറിപാഞ്ഞെത്തിയ വള്ളം; ഇടി ഉറപ്പായതോടെ പുരുഷന്മാർ കായലിലേക്ക് എടുത്തു ചാടി; കൂട്ടിയിടിയിൽ ബോട്ട് ബിസ്‌ക്കറ്റ് പോലെ പൊടിഞ്ഞു; കരയിൽ നിന്ന വിദേശികൾ രക്ഷാപ്രവർത്തകരായി; മരിച്ചത് പിന്നിൽ നിന്ന് യാത്ര ചെയ്ത ആറുപേർ; വള്ളം ഓടിച്ച സ്രാങ്ക് അറസ്റ്റിൽ; ഫോർട്ട് കൊച്ചിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

ദുരന്തമുണ്ടാക്കിയത് ഡീസൽ അടിച്ച ശേഷം ചീറിപാഞ്ഞെത്തിയ വള്ളം; ഇടി ഉറപ്പായതോടെ പുരുഷന്മാർ കായലിലേക്ക് എടുത്തു ചാടി; കൂട്ടിയിടിയിൽ ബോട്ട് ബിസ്‌ക്കറ്റ് പോലെ പൊടിഞ്ഞു; കരയിൽ നിന്ന വിദേശികൾ രക്ഷാപ്രവർത്തകരായി; മരിച്ചത് പിന്നിൽ നിന്ന് യാത്ര ചെയ്ത ആറുപേർ; വള്ളം ഓടിച്ച സ്രാങ്ക് അറസ്റ്റിൽ; ഫോർട്ട് കൊച്ചിയിൽ രക്ഷാപ്രവർത്തനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യാത്രാ ബോട്ടു മുങ്ങി ആറു മരണം. ഫോർട്ട് കൊച്ചിയിലെ കമാലക്കടവിലാണ് യാത്രാബോട്ടും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിൻ ഭാഗത്തേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.40നാണ് അപകടമുണ്ടായത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി വോൾഗ (12), വൈപ്പിൻ അഴീക്കൽ സ്വദേശി സൈനബ, മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീർ, കാളമുക്ക് സ്വദേശി അയ്യപ്പൻ, ഫോർട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശി സിന്ധു എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നാലുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പെട്രോൾ അടിച്ച ശേഷം അതിവേഗം വരികയായിരുന്ന മത്സ്യബന്ധന വള്ളമാണ് ബോട്ടിൽ ഇടിച്ചത്. കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രബോട്ട് രണ്ടായി പിളർന്ന് തലകീഴായി മറിയുകയായിരുന്നു.

വൈപ്പിനിൽനിന്നു നിറയെ യാത്രക്കാരുമായി ഫോർട്ട് കൊച്ചിയിലേക്കു വന്ന വർഷ എന്ന ബോട്ടാണു ഫോർട്ട് കൊച്ചി ജങ്കാർ ജെട്ടിക്ക് 100 മീറ്റർ അകലെ ആഴമുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടത്. 35 വർഷത്തോളം കാലപ്പഴക്കം ചെന്ന സ്വകാര്യ ബോട്ടാണിത്. അഴിമുഖത്തു നിന്നു വേഗത്തിൽ വരികയായിരുന്ന യന്ത്രം ഘടിപ്പിച്ച മൽസ്യബന്ധന വള്ളം യാത്രാ ബോട്ടിന് കുറുകേ ഇടിച്ചു കയറുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു മുങ്ങുകയായിരുന്നെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. ഈ റൂട്ടിൽ സർവീസിനായി കൊച്ചി നഗരസഭ കരാർ നൽകിയിരിക്കുന്ന ബോട്ടാണിത്. കാലപ്പഴക്കമുള്ള ബോട്ടിന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്.

ബോട്ടിനെ ലക്ഷ്യമാക്കി ചീറിപാഞ്ഞ് വള്ളം വരുന്നത് കണ്ടപ്പോൾ തന്നെ ബോട്ടിലുള്ളവർ ദുരന്തം തിരിച്ചറിഞ്ഞു. ബോട്ടിന്റെ സൈഡിലുണ്ടായിരുന്ന പുരുഷന്മാർ കായലിലേക്ക് ചാടി. നീന്തലറിയാവുന്ന സ്ത്രീകളും ചാടി രക്ഷപ്പെട്ടു. ബോട്ടിൻ പിൻഭാഗത്ത് നിന്നവരാണ് മരണമടഞ്ഞ്. ഫോർട്ട്‌കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയാണ് അപകടം. കപ്പൽ ചാലായതിനാൽ ഈ ഭാഗത്ത് ആഴമേറെയാണ്. തീരത്ത് നിന്ന് അടുത്തായതിനാൽ ബോട്ട് മറിയുന്നത് നാട്ടുകാർ കണ്ടു. അവർ ഉടൻ ത്‌ന്നെ കായലിലേക്ക് എടുത്ത് ചാടി രക്ഷാ പ്രവർത്തനം തുടങ്ങി. വിദേശികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇതിന് സമീപം നിറുത്തിയിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടും രക്ഷാ പ്രവർത്തനത്തിൽ സജീവമായി. ലൈഫ് ജാക്കറ്റുകളും മറ്റും അവർ കായലിലേക്ക് എടുത്തെറിഞ്ഞു. ഈ രക്ഷാപ്രവർത്തനമാണ് മരണ സംഖ്യ കുറച്ചത്.

പിന്നീട് കോസ്റ്റ് ഗാർഡും പൊലീസും ഫയർഫോഴ്‌സുമെല്ലാം എത്തി. ഇതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി. ബോട്ടിൽ മുപ്പതിലേറെപ്പേർ യാത്ര ചെയ്തിരുന്നുവെന്നാണു കരുതുന്നത്. കോസ്റ്റ് ഗാർഡും മറൈൻ വിഭാഗവും തിരച്ചിൽ നടത്തുകയാണ്. ഇരുപത്തിയാറു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിയിടിയെത്തുടർന്ന് ബോട്ട് തലകീഴായി മറിഞ്ഞിരുന്നു. ഫോർട്ട് കൊച്ചി-വൈപ്പിൻ ബോട്ടാണ് മുങ്ങിയത്. എത്രപേർ ബോട്ടിലുണ്ടായിരുന്നു എന്നു വ്യക്തമായ കണക്കുകൾ ഇതുവരെ ആർക്കും നൽകാനായിട്ടില്ല. 28 ടിക്കറ്റുകളാണ് യാത്രാ ബോട്ടിനു നൽകിയിരുന്നതെന്ന് ഫെറി അധികൃതർ അറിയിച്ചു. പക്ഷേ, അധികമാളുകൾ കയറിയിരുന്നോ എന്ന കാര്യം അധികൃതർക്കു വ്യക്തമായി പറയാൻ ആകുന്നില്ല.

അതുകൊണ്ട് തന്നെ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇവിടം കപ്പൽ ചാലായതിനാൽ ആഴമേറെയാണ്. ബോട്ടിൽ കുടുങ്ങിയവർക്കായും തിരച്ചിൽ തുടരുകയാണ്. മുങ്ങിയ ബോട്ട് കെട്ടിവലിച്ചു കൊണ്ട് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. നാളെയും തെരച്ചിൽ വേണ്ടി വരുമെന്നാണ് സൂചന. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത് എന്നതിനാൽ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചു. കൂടുതൽ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയിരുന്നു. അതും കൃത്യസമയത്ത് തന്നെ ലഭിച്ചു.

രക്ഷപ്പെട്ട യാത്രക്കാർക്ക് 'കെമിക്കൽ ന്യൂമോണിയ' എന്ന രോഗാവസ്ഥയെന്ന് ഡോക്ടർമാർ. ഡീസൽ അടങ്ങിയ വെള്ളം യാത്രക്കാരുടെ ശ്വാസകോശത്തിനുള്ളിൽ കയറിയതാണ് ഈ രോഗാവസ്ഥക്ക് കാരണം. നാലു പേർ സൗത്തിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഇവരുടെ നില ഗുരുതരമാണ്. സ്ഥിരം യാത്രക്കാർക്ക് പുറമെ കുട്ടികളടക്കം വിനോദ യാത്രക്കെത്തിയ നിരവധി പേരും ബോട്ടിലുണ്ടായിരുന്നു.

ആശുപത്രിയിൽ ചികിൽസയിലുള്ളവരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഉന്നതതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും വ്യക്തമാക്കി. ചികിൽസയിലുള്ളവരുടെ ചിലവും സർക്കാർ വഹിക്കും.

സർക്കാർ കെടുകാര്യസ്ഥതയെന്ന് വി എസ്

ഫോർട്ട് കൊച്ചിയിലെ ബോട്ട് ദുരന്തത്തിന് കാരണം സർക്കാരിന്റെയും കോർപ്പറേഷന്റെയും കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. 35 വർഷം പഴക്കമുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് നിയന്ത്രണമോ സുരക്ഷാക്രമീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന് കാര്യമായ സംവിധാനങ്ങൾ ഇല്ലെന്നും വി എസ് ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP