Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലപ്പുറത്ത് ഇന്ന് 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു; രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ മതസംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ആഹ്വാനം

മലപ്പുറത്ത് ഇന്ന് 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു; രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ മതസംഘടനാ പ്രതിനിധികളുടെ യോഗത്തിൽ  ആഹ്വാനം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപിക്കുന്നു. ജില്ലയിൽ ഇന്നു 38 പേർക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബർ 6) വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂർ (30), കുറുവ (28), താനാളൂർ (16), ഊരകം (13), കോട്ടയ്ക്കൽ നഗരസഭ (11), എ.ആർ നഗർ (10) എന്നിവയാണ് കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ.

ജില്ലയിൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ 162749 പേർ എം.ആർ വാക്‌സിൻ എടുക്കാത്തവരാണ്. ഇതിൽ 69089 പേർ ഒന്നാം ഡോസ് എം.ആർ വാക്‌സിനും 93660 പേർ രണ്ടാം ഡോസ് വാക്‌സിനുമാണ് എടുക്കാനുള്ളത്. രോഗവ്യാപനത്തിന്റെയും കുത്തിവെപ്പ് എടുക്കാനുള്ളവരുടെയും തോതനുസരിച്ച് ഹെൽത്ത് ബ്ലോക്കുകളെ മൂന്നു കാറ്റഗറികളാക്കി തിരിച്ച് വാക്‌സിൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്. ഓരോ ദിവസവും പതിനായിരം പേർക്ക് കുത്തിവെപ്പ് നൽകി രണ്ടാഴ്ചക്കകം ജില്ലയിലെ വാക്‌സിനേഷൻ നിരക്ക് 80.84 നൽ നിന്ന് 95 ശതമാനത്തിലെത്തിക്കും. വേങ്ങര (79%) , പൂക്കോട്ടൂർ (78%) , വെട്ടം (77%), വളവന്നൂർ (72%), കുറ്റിപ്പുറം (72%) എന്നിവയാണ് ജില്ലയിൽ അഞ്ചാം പനിക്കെതിരെ ഉള്ള കുത്തിവെപ്പിൽ 80 ശതമാനത്തിൽ താഴെ നില്ക്കുന്ന ഹെൽത്ത് ബ്ലോക്കുകൾ.

ജില്ലയിൽ അഞ്ചാം പനി രോഗ ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ വിളിച്ചു ചേർത്ത മത സംഘടനാ നേതാക്കളുടെ യോഗത്തിൽ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകളടക്കമുള്ള മതപാഠ ശാലകളിലൂടെയും വാക്‌സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യൽ മീഡിയ, വോയ്‌സ് ക്ലിപ്പിങുകൾ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കൾ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

രോഗം ബാധിച്ച് ആരും മരണത്തിലേക്ക് പോകരുത് എന്നാണ് സർക്കാർ നിലപാടെന്നും വാക്‌സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാവൂ എന്നും ജില്ലാ കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർക്ക് ചികിത്സ ഉറപ്പു വരുത്തും. രോഗ വ്യാപനം തടയുന്നതിനായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. ജില്ലയിൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളുടെ എം.ആർ വാക്‌സിനേഷൻ നിരക്ക് 80.84 ശതമാനമാണ്. ഇത് 95 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്‌സിനെടുക്കാൻ പ്രേരിപ്പിക്കണമെന്നും കളക്ടർ മതനേതാക്കളോട് അഭ്യർത്ഥിച്ചു. ചികിത്സയും വാക്‌സിനേഷനും വേണ്ടെന്ന രൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.

രണ്ടു ഡോസ് എം.ആർ വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂർണ്ണമായും പ്രതിരോധിക്കാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രേണുക പറഞ്ഞു. രോഗം ബാധിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്തവരാണ്. ബാക്കി 9 ശതമാനം പേർ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരു ശതമാനം പേർ അസുഖബാധിതരായെങ്കിലും ഇവർക്ക് പെട്ടെന്ന് തന്നെ ഭേദപ്പെടുകയും ചെയ്തതായി ഡി.എം.ഒ പറഞ്ഞു.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വിവിധ മത സംഘടനാ പ്രതിനിധികളായ സലീം എടക്കര (എസ്.വൈ.എസ്), പി.കെഎ ലത്തീഫ് ഫൈസി (സമസ്ത), അബ്ദുറഹ്മാൻ എം വലിയങ്ങാടി (ജമാഅത്തെ ഇസ്ലാമി), ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബി.എൽ ബിജിത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP