Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ സ്‌കൂളുകൾ വിദ്യാർത്ഥികളില്ലാതെ അടച്ചുപൂട്ടുമ്പോൾ സ്വകാര്യ സ്‌കൂളുകളെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; സ്‌റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന 308 സ്‌കൂളുകൾക്ക് കൂടി അംഗീകാരം നൽകി; 80 സ്‌കൂളുൾക്ക് കൂടി അംഗീകാരം നൽകാനും നീക്കം

സർക്കാർ സ്‌കൂളുകൾ വിദ്യാർത്ഥികളില്ലാതെ അടച്ചുപൂട്ടുമ്പോൾ സ്വകാര്യ സ്‌കൂളുകളെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്; സ്‌റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന 308 സ്‌കൂളുകൾക്ക് കൂടി അംഗീകാരം നൽകി; 80 സ്‌കൂളുൾക്ക് കൂടി അംഗീകാരം നൽകാനും നീക്കം

തിരുവനന്തപുരം: സർക്കാറിന് കീഴിലുള്ള സ്‌കൂളുകളിൽ വിദ്യാർത്ഥികളെ ലഭിക്കാതെ അടച്ചുപൂട്ടൽ ഭീഷണി നേരിടുമ്പോൾ സ്വകാര്യ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. സംസ്ഥാനത്ത് നിലവിൽ അംഗീകാരമില്ലാതെ സ്‌റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന കൂടുതൽ സ്‌കൂളുകൾക്ക് അംഗീകാരം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം 308 സ്‌കൂളുകൾക്ക് അംഗീകാരം നൽകി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ ശിപാർശക്ക് അംഗീകാരം നൽകിയത്. അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ച 626 സ്‌കൂളുകളിൽനിന്നാണ് 308 എണ്ണത്തിന് അംഗീകാരം നൽകിയത്. ഇത് കൂടാതെ 80ഓളം അൺ എയ്ഡഡ് സ്‌കൂളുകൾക്കും കൂടി അംഗീകാരം നൽകാനാണ് മന്ത്രിസഭ ഒരുങ്ങുന്നത്.

കൂടുതൽ അൺഎയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന പൊതുവിദ്യാലയങ്ങൾക്ക് ഭീഷണിയാണെന്ന് വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. സർക്കാർ അദ്ധ്യാപകരാണ് പ്രധാനമായു ഈ ആശങ്ക ഉന്നയിച്ചത്. എന്നാൽ, ഇവരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇപ്പോഴത്തെ നയം. വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്‌കൂളുകളെ മാത്രമാണ് ഇപ്പോൾ അഗീകാരത്തിനായി പരിഗണിക്കുന്നതെന്നും ഇത് പൊതുവിദ്യാലയങ്ങളെ ബാധിക്കില്‌ളെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാൽ, അംഗീകാരം ലഭിക്കുന്നതോടെ ഈ സ്‌കൂളുകളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ എത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് അൺ എയ്ഡഡ് സ്‌കൂളുകൾ.

അംഗീകാരമില്ലാതെ സ്‌റ്റേറ്റ് സിലബസിൽ പ്രവർത്തിക്കുന്ന അൺഎയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് രണ്ടു വർഷം മുമ്പാണ് അപേക്ഷ ക്ഷണിച്ചത്. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവർത്തനാനുമതി നൽകാനാകില്ല. ഈ സാഹചര്യത്തിലാണ് നിലവിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം നൽകാൻ തീരുമാനിച്ചത്. ഇതിനായി 2013 ജൂലൈ 15ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനപ്രകാരം അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന 626 സ്‌കൂൾ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചു. അപേക്ഷകൾ പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങിയ പത്തംഗ കമ്മിറ്റി രൂപവത്കരിച്ചു.

കമ്മിറ്റി പരിശോധിച്ചാണ് 308 സ്‌കൂളുകൾ മാനദണ്ഡമനുസരിച്ചുള്ളവയാണെന്നും ഇവക്ക് അംഗീകാരം നൽകുന്നതിനുമുള്ള നടപടികൾക്കായി ശിപാർശ ചെയ്തതും. ശിപാർശ അംഗീകരിച്ച വിദ്യാഭ്യാസ വകുപ്പ് അംഗീകാരത്തിനായി മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുകയായിരുന്നു.

2012 ജൂൺ ഒന്ന് പ്രകാരം അഞ്ചു വർഷത്തിൽ കുറയാതെ പ്രവർത്തിച്ചുവരുന്ന സ്‌കൂളുകളെയാണ് അംഗീകാരത്തിന് പരിഗണിച്ചത്. സൊസൈറ്റി/ട്രസ്റ്റ് നിയമപ്രകാരം രൂപവത്കരിച്ച വിദ്യാഭ്യാസ ഏജൻസിക്ക് കീഴിൽ പ്രവർത്തിക്കുന്നവയായിരിക്കണം സ്‌കൂളുകൾ. സ്‌കൂൾ മേൽനോട്ടം ഭരണസമിതിക്ക് കീഴിലായിരിക്കണം. വ്യക്തിഗത മാനേജ്‌മെന്റുകൾക്ക് കീഴിലെ സ്‌കൂളുകളാണെങ്കിൽ 10 വർഷത്തെ പ്രവർത്തനപാരമ്പര്യം ഉണ്ടായിരിക്കണം. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും വേതനം നൽകുന്നതിനും സ്‌കൂൾ നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമായ സാമ്പത്തികഭദ്രത ട്രസ്റ്റിനുണ്ടായിരിക്കണം. ഇത് തെളിയിക്കാനാവശ്യമായ ബാങ്ക് രേഖകൾ ഹാജരാക്കണം. സ്‌കൂളിൽ ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും ഉണ്ടാകണം.

ക്‌ളാസിൽ ചുരുങ്ങിയത് 30 കുട്ടികളെങ്കിലും ഉണ്ടായിരിക്കണം. എൽ.പിയിൽ 150 കുട്ടികളും എൽ.പിയും യു.പിയും ഒന്നിച്ചാണെങ്കിൽ 250 കുട്ടികളും യു.പിയിൽ മാത്രം 100 കുട്ടികളും ഒന്നു മുതൽ 10 വരെയുള്ള സ്‌കൂളുകളിൽ 350 കുട്ടികളും എട്ടു മുതൽ 10 വരെയുള്ള സ്‌കൂളുകളിൽ 100 കുട്ടികളും ഉണ്ടായിരിക്കണം. സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് നൽകുന്ന വേതനം അംഗീകാരം ആവശ്യപ്പെടുന്ന സ്‌കൂളുകളിലെ അദ്ധ്യാപകർക്കും നൽകണം. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണം. കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന രൂപത്തിൽ സ്ഥല, കെട്ടിട സൗകര്യങ്ങൾ സ്‌കൂളിനുണ്ടായിരിക്കണം. സർക്കാർ നിശ്ചയിച്ച യോഗ്യതയുള്ളവരായിരിക്കണം അദ്ധ്യാപകർ. ഇവ ഉൾപ്പെടെ 30ഓളം നിബന്ധനകളാണ് അംഗീകാരത്തിനായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവച്ചത്. ഇവ ഏറക്കുറെ പാലിച്ചവയെയാണ് അംഗീകാരത്തിനായി പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP