Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ കേസുകളിൽ ഇനി വിചാരണാ നടപടികൾ അതിവേഗം; 28 പോക്സോ അതിവേഗ സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുമെന്ന് മന്ത്രി ശൈലജ; എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് കോടതികൾ അനുവദിക്കും; ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്ര നീതിന്യായ മന്ത്രാലയം അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ

പോക്‌സോ കേസുകളിൽ ഇനി വിചാരണാ നടപടികൾ അതിവേഗം; 28 പോക്സോ അതിവേഗ സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുമെന്ന് മന്ത്രി ശൈലജ; എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് കോടതികൾ അനുവദിക്കും; ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്ര നീതിന്യായ മന്ത്രാലയം അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പോക്‌സോ കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ സംസ്ഥാനത്ത് കൂടുതൽ കോടതികൾ വരുന്നു. കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്സോ കോടതികൾ സ്ഥാപിക്കുന്നത്. നിർഭയ ഫണ്ടിൽ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 60:40 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികൾ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങി നൽകുന്നതിനും കോടതികൾ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് നിരവധി പദ്ധതികൾ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതായാണ് കാണുന്നത്. ഇപ്പോൾ തന്നെ 2497 കേസുകൾ അന്വേഷണത്തിലും 9457 കേസുകൾ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം കൂടി പോക്സോ അതിവേഗ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.

പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിന് അടുത്തകാലം വരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവർത്തിക്കുന്ന അഡിഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ പോക്സോ കോടതിയായി ഡെസിഗ്നേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതികളെ ചിൽഡ്രൻസ് കോർട്ടായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പോക്സോ ആക്ട് സെക്ഷൻ 28 അനുസരിച്ച് ഈ കോടതികളെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി കണക്കാക്കിയിട്ടുണ്ട്. എന്നാൽ എല്ലാ കേസുകളും ഈ കോടതികളിൽ കൈകാര്യം ചെയ്യുന്നുമുണ്ട്.

എറണാകുളത്ത് പ്രവർത്തിച്ചുവരുന്ന പോക്സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കി മാറ്റുന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്സോ കോടതി സ്ഥാപിക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു. ഈ കോടതിക്കായി 3 തസ്തികകൾ സൃഷ്ടിക്കുകയും 10 ജീവനക്കാരെ പുനർ വിന്യാസം മുഖേന നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ കുട്ടികളെ വിചാരണ ചെയ്യുന്ന ബാല സൗഹൃദ കോടതികൾ എല്ലായിടത്തും ലഭ്യമാക്കാനും ബലാൽത്സംഗ, പോക്സോ കേസുകളുടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് പോക്സോ അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ തിരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP