Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തടിക്കച്ചവടം സംബന്ധിച്ച തർക്കത്തിനിടെ 'പ്രശ്‌നം' പരിഹരിക്കാനെത്തിയത് 20 അംഗ ക്വട്ടേഷൻ സംഘം ! മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ സംഘത്തെ 'ഞൊടിയിടയിൽ പൊക്കി' പൊലീസ് ; പിടിയിലായവർ പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ നേരത്തെ പ്രതികൾ !

തടിക്കച്ചവടം സംബന്ധിച്ച തർക്കത്തിനിടെ 'പ്രശ്‌നം' പരിഹരിക്കാനെത്തിയത് 20 അംഗ ക്വട്ടേഷൻ സംഘം ! മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ സംഘത്തെ 'ഞൊടിയിടയിൽ പൊക്കി' പൊലീസ് ; പിടിയിലായവർ പോക്‌സോ ഉൾപ്പടെയുള്ള കേസുകളിൽ നേരത്തെ പ്രതികൾ !

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിലെ തടി കച്ചവടുമായി ബന്ധപ്പെട്ട് പേഴക്കാപ്പിള്ളിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായി മാരകായുധങ്ങളുമായി മൂവാറ്റുപുഴയിലെത്തിയ 20-അംഗ ഗുണ്ടാ സംഘത്തെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. മൂവാറ്റുപുഴ മുനിസിപ്പൽ മൈതാനിക്കു സമീപത്തു നിന്നും ബുധനാഴ്ച രാത്രിയാണ് സംഘം പിടിയിലായത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിലെ തടി കച്ചവടുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ഒരു വിഭാഗത്തിൽപെട്ട ആളുകളാണ് ക്വട്ടേഷൻ സംഘത്തെ അയച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സെബിന്റെ നേതൃത്വത്തിലാണ് മൂവാറ്റുപുഴയിലെത്തിയത്. ടെമ്പോ ട്രാവലറിലും, ഫോർച്യൂണർ വാഹനങ്ങളിലെത്തിയ സംഘം പൊലീസിന്റെ ശ്രദ്ധയിൽ പെടാതെ പലസ്ഥലങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു.മയക്കുമരുന്നായ ഹഷീഷ് കൈവശം വച്ചതിനും, വടകരയിൽ റിസോർട്ട് ഉടമയെ വെടിവച്ച കേസിലും, ആയുധങ്ങൾ കൈവശം വച്ച് ക്വട്ടേഷൻ നടത്തിയ കേസിലും, വാഹനം കത്തിച്ച കേസിലും, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിലും അടക്കം നിരവധി കേസുകളിൽ പ്രതിയായവരാണ് പിടിയിലായത്.

മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം മൂവാറ്റുപുഴയിലെത്തിയിട്ടുണ്ടന്ന് മൂവാറ്റുപുഴ ഡി.വൈ.എസ്‌പി കെ.ബിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ സി.ജയകുമാർ, എസ്‌ഐ. ഇ.എസ്.സാംസൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പൊലീസിനെ കണ്ട് വാഹനങ്ങളിലും, ഓടിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടകളെ സാഹസീകമായിട്ടാണ് പൊലീസ് കീഴടക്കിയത്. സെബിന് ക്വട്ടേഷൻ നൽകിയ മൈക്കിൾ എന്നയാളെ പറ്റി വിവരങ്ങൾ ലഭിച്ചിട്ടുണ്ടന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും സിഐ. ജയകുമാർ പറഞ്ഞു.

തെക്കൻ ജില്ലകളിൽ നിന്ന് തടിലോറികൾ പെരുമ്പാവൂരിലേക്ക് പോകുന്നത് മൂവാറ്റുപുഴ വഴിയാണ്. ഈ ലോറികൾ വഴി വക്കിൽ തടഞ്ഞ് നിർത്തി മരം വാങ്ങുന്ന ചില പ്ലൈവുഡ് കമ്പനിക്കാരും ഏറ്റുകച്ചവടക്കാരും ഉണ്ട്. ഇവരുടെ പ്രധാന താവളങ്ങളിലൊന്നാണ് മൂവാറ്റുപുഴ. പെരുമ്പാവൂരിലെ മാർക്കറ്റിനു പുറത്ത് തടി കച്ചവടം ചെയ്യുന്നത് പ്ലൈവുഡ് കമ്പനിക്കാരുടെ അസോസിയേഷനിലെ ധാരണ പ്രകാരം പാടില്ലാത്തതാണ്. എന്നാൽ അസോസിയേഷനിൽ പെടാത്ത ചിലർ തടി പുറത്തു വാങ്ങാറുണ്ട്. സാധാരണ ഗതിയിൽ വൈകുന്നേരത്തോടെയാണ് തടിലോറികൾ പെരുമ്പാവൂരിലേക്കെത്തുന്നത്.

മൂവാറ്റുപുഴയിൽ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റർ മാത്രമേ പെരുമ്പാവൂർക്കുള്ളു. മൂവാറ്റുപുഴ മുതൽ പെരുമ്പാവൂർ വരെയുള്ള യാത്രക്കിടെ വഴി വക്കിൽ നിന്ന് ഏറ്റു കച്ചവടക്കാർ ലോറിയിലെത്തുന്ന തടി വില പറഞ്ഞ് വാങ്ങും.ഇത് വലിയ തർക്കത്തിനും ഇടയാക്കിയിരുന്നു. തടി മാർക്കറ്റിലെത്തിയില്ലെങ്കിൽ എല്ലാ കമ്പനിക്കാർക്കും ആവശ്യത്തിനു നല്ല തടി കിട്ടില്ലെന്നതാണ് മറുവാദം. ഈ തർക്കമാണ് പേഴക്കാപ്പിള്ളിയിൽ ചൊവ്വാഴ്ച പൊലീസ് ലാത്തി വീശലിലേക്ക് വരെ നീണ്ടത്.

ഒരാഴ്ച മുമ്പാണ് ഇ.ഇ.സി മാർക്കറ്റിലെ വെയിങ് ബ്രിഡ്ജ് താല്ക്കാലികമായി നിർത്തിയതും പേഴക്കാപ്പള്ളിയിൽ തുറന്നതും. ഇത് അസ്സോസിയേഷനു പുറത്തുള്ള കമ്പനിക്കാരുമായുള്ള സംഘർഷം വർദ്ധിപ്പിച്ചു. തടി വാങ്ങുന്നതു തടയാനും തടയുന്നവരെ നേരിടാനും ഇരു കൂട്ടരും ഉറപ്പിച്ചതോടെയാണ് പ്രശ്നം കൈകാര്യചെയ്യാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP