Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പത്ത് രൂപ വില നിശ്ചയിക്കുന്നു; അമ്പത് മൈക്രോണിനു മുകളിലുള്ള ബാഗുകൾക്കും തദ്ദേശ സ്ഥാപനത്തിന്റെ സീൽ നിർബന്ധമാക്കും

കൊച്ചിയിൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പത്ത് രൂപ വില നിശ്ചയിക്കുന്നു; അമ്പത് മൈക്രോണിനു മുകളിലുള്ള ബാഗുകൾക്കും തദ്ദേശ സ്ഥാപനത്തിന്റെ സീൽ നിർബന്ധമാക്കും

കൊച്ചി: പ്ലാസ്റ്റിക് ബാഗ് നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി അമ്പത് മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗിന് പത്തു രൂപ വില നിശ്ചയിക്കാൻ കൊച്ചി നഗരസഭ ആലോചിക്കുന്നു.

2016ലെ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമപ്രകാരം നഗരത്തിൽ വില്പന നടത്തുന്ന പ്ലാസ്റ്റിക് കവറിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഈ അധികാരം ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗിന് പത്ത് രൂപയാക്കാനാണ് ആലോചന. ഇതിനായി കൗൺസിൽ തീരുമാനം ഉണ്ടാവേണ്ടതുണ്ട്. മറ്റ് തദ്ദേശ സ്ഥാപനങ്ങളും കൊച്ചി മാതൃക പിന്തുടർന്നാൽ സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉപയോഗത്തിൽ വലിയ കുറവ് വരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമപ്രകാരം വില്പന നടത്തുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ അതത് തദ്ദേശ സ്ഥാപനങ്ങളിൽ കൊണ്ടുവന്ന് വ്യാപാരികൾ സീൽ ചെയ്ത് വാങ്ങണം. അമ്പത് മൈക്രോണിനു മുകളിലുള്ള ബാഗാണെങ്കിലും തദ്ദേശ സ്ഥാപനത്തിന്റെ സീൽ നിർബന്ധമാണ്. ഇക്കാര്യത്തിൽ ചെറുകിട-വൻകിട വ്യാപാരികളെന്ന വ്യത്യാസമില്ല. തദ്ദേശ സ്ഥാപനത്തിന്റെ സീൽ ഇല്ലാത്ത പ്ലാസ്റ്റിക് ബാഗുകളിൽ സാധനങ്ങൾ നൽകുന്നത് കുറ്റകരമായി മാറും.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി നഗരസഭയിൽ ബാഗുകളുടെ സീലിങ് കർശനമാക്കാനും പത്ത് രൂപ വില നിശ്ചയിക്കാനും ആലോചിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമത്തെക്കുറിച്ച് ജന പ്രതിനിധികളും അജ്ഞരാണ്. ജന പ്രതിനിധികളെ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി പരിശീലന ക്ലാസ് സംഘടിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

പുതിയ നിയമപ്രകാരം പ്ലാസ്റ്റിക് കാരിബാഗുകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന വ്യാപാരികളും തെരുവു കച്ചവടക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് മാസം കുറഞ്ഞത് നാലായിരം രൂപ നിരക്കിൽ ഒരു വർഷത്തേക്ക് നാല്പത്തെണ്ണായിരം രൂപ പ്ലാസ്റ്റിക് പരിപാലനത്തിന് ഫീസായി ഈടാക്കണമെന്നും ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾ

ഉത്തരവിറക്കണമെന്നും സപ്തംബർ 24 ന് ഇറക്കിയ സർക്കുലറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗത്തിന്റെ തോത് അനുസരിച്ച് കൂടുതൽ തുക മാലിന്യ പരിപാലന ഫീസായി വ്യാപാരികളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഈടാക്കാമെന്നും സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി നഗരസഭാ കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചർച്ചയ്ക്ക് ഇതുവരെ വന്നിട്ടില്ല. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന വ്യാപാരികളിൽ നിന്ന് വലിയ തുക മാലിന്യ പരിപാലന ഫീസ് ഈടാക്കുമ്പോൾ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിന്ന് പിന്തിരിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പ്ലാസ്റ്റിക് ബാഗിന് പത്ത് രൂപ വരെ വില നിശ്ചയിച്ചു നൽകുമ്പോൾ, കാരിബാഗുകളുടെ ഉപയോഗത്തിൽ വൻ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ വി.കെ. മിനിമോൾ പറഞ്ഞു. ഇതു സംബന്ധിച്ച നിർദ്ദേശം കൗൺസിലിന്റെ മുന്നിൽ വെയ്ക്കും. അതിനു മുമ്പ് പ്ലാസ്റ്റിക് മാലിന്യ പരിപാലന നിയമം സംബന്ധിച്ച് അംഗങ്ങളിൽ അവബോധമുണ്ടാക്കുന്നതിനായി ക്ലാസ് സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP