Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അശ്ലീല വീഡിയോകൾ ചെയ്ത വിജയ്.പി.നായരെ 14 ​ദിവസത്തേക്ക് റിമാന്റ് ചെയ്തത് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ; വിജയ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെ റിപ്പോർട്ട് ഹാജരാക്കണമെന്നും പൊലീസിന് നിർദ്ദേശം; അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം

അശ്ലീല വീഡിയോകൾ ചെയ്ത വിജയ്.പി.നായരെ 14 ​ദിവസത്തേക്ക് റിമാന്റ് ചെയ്തത് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ; വിജയ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ നാളെ റിപ്പോർട്ട് ഹാജരാക്കണമെന്നും പൊലീസിന് നിർദ്ദേശം; അറസ്റ്റ് ചെയ്തത് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം

അഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത വിജയ്.പി.നായരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്കയച്ചു. വിജയ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മ്യൂസിയം പൊലീസ് റിപ്പോർട്ട് നാളെ (ബുധനാഴ്ച) ഹാജരാക്കാൻ മജിസ്ട്രേട്ട് എ. അനീസ മ്യൂസിയം സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ആദ്യം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള പ്രവർത്തി) , കേരള പൊലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം ക്രൈം 725/2020 നമ്പരായി കേസ് രജിസ്റ്റർ ചെയ്ത് എഫ് ഐ ആർ സെപ്റ്റംബർ 28 ന് രാവിലെ കോടതിയിൽ സമർപ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. എന്നാൽ വിജയിനെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ സ്വാധീനത്താൽ പൊലീസ് വകുപ്പുകൾ മാറ്റിമറിച്ച് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത ശേഷം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലെന്ന കാരണം കാട്ടിയാണ് ഉച്ച തിരിഞ്ഞ് കോടതിയിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്. ഐ റ്റി നിയമത്തിലെ 66 , 67 (എ) എന്നീ വകുപ്പുകളാണ് അഡീ. റിപ്പോർട്ടിൽ കൂട്ടിച്ചേർത്തത്. പരാതി വായിച്ച് പരാതിയിലെ വസ്തുതകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാണ് എഫ്ഐആറിൽ ശിക്ഷാർഹമായ കുറ്റങ്ങളുടെ വകുപ്പുകളിടുന്നത്. ഇവിടെയും അപ്രകാരം ചെയ്ത മ്യൂസിയം പൊലീസ് ആൾക്കൂട്ടത്തിന്റെ ഇംഗിതത്തിന് അനുസൃതമായും സർക്കാരിന്റെയും മേലുദ്യോഗസ്ഥരുടെയും നിർദ്ദേശത്താൽ നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. അതേ സമയം വിദേശത്ത് നിന്നു പോലും ഫെമിനിസ്റ്റുകളുടെ നിയമം കൈയിലെടുത്തുള്ള അക്രമത്തിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പിയെത്തുകയായിരുന്നു. ഫെമിനിസ്റ്റുകളുടെ ചരിത്ര ശുദ്ധിയെക്കുറിച്ചു പോലും കമന്റുകൾ വന്നു.

അതേ സമയം യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഫെമിനിസ്റ്റുകൾ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 28 ന് സമർപ്പിച്ചു. അതോടൊപ്പം യൂട്ഊബർ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി തമ്പാനൂർ പൊലീസിനെക്കൊണ്ട് ഫെമിനിസ്റ്റുകൾ എടുപ്പിച്ച മാനഭംഗക്കേസിൽ യൂട്യൂബറും അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുൻകൂർ ജാമ്യ ഹർജികളിൽ സർക്കാർ നിലപാട് അറിയിക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവൻ ഫെമിനിസ്റ്റുകൾ വീഡിയോയിൽ പകർത്തുകയും ഇതിന്റെ ഫെയ്സ് ബുക്ക് ലൈവ് ദിയ തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂർ ഗാന്ധാരി അമ്മൻകോവിൽ റോഡിലുള്ള ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകൾ അരങ്ങ് തകർത്തത്. തുടർന്ന് വിജയിന്റെ ലാപ്ടോപ്പ് , മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.

തുടർന്ന് തമ്പാനൂർ പൊലീസിൽ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയേറ്റവും ബലപ്രയോഗവും ചെയ്തെന്ന് കാട്ടി പരാതി നൽകി. പരാതിയിൽ തമ്പാനൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂർ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരിൽ തമ്പാനൂർ പൊലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തൽ) , 323 (ദേഹോപദ്രവം ഏൽപ്പിക്കൽ) , 506 ( ഭീഷണിപ്പെടുത്തൽ) , 392 ( പിടിച്ചുപറിക്കൽ) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിക്കൽ) എന്നീ വകുപ്പുകൾ 3 ഫെമിനിസ്റ്റുകൾക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.

തങ്ങൾ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകൾ വെവ്വേറെ സമർപ്പിച്ച തങ്ങളുടെ ജാമ്യ ഹർജിയിൽ പറയുന്നു. ജാമ്യമില്ലാ കേസിൽ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ തങ്ങളെ ജാമ്യത്തിൽ വിട്ടയക്കാൻ തമ്പാനൂർ പൊലീസിന് നിർദ്ദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹർജിയിലെ ആവശ്യം. തങ്ങൾ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹർജികൾ സമർപ്പിച്ചത്. കൃത്യത്തിൽ കൂടുതൽ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹർജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേൽക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.

അതേ സമയം താൻ യാതൊരു ബലപ്രയോഗമോ കൈയേറ്റമോ മാനഭംഗശ്രമമോ നടത്തിയിട്ടില്ലെന്ന് വിജയ് തന്റെ ജാമ്യ ഹർജിയിൽ പറയുന്നു. താൻ യാതൊരു പ്രകോപനവും നടത്താതെ ഭവ്യതയോടെ മാഡം എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. വകുപ്പ് 354 പ്രകാരമുള്ള കുറ്റം ചുമത്തിയത് ന്യായീകരിക്കാനുള്ള യാതൊരു തെളിവോ സംഗതിയോ ഇല്ല. അക്രമം അഴിച്ചു വിട്ട ഫെമിനിസ്റ്റുകൾക്ക് ഭരണകക്ഷിയിലും അച്ചടി - ദൃശ്യ മീഡിയകളിൽ ഉയർന്ന സ്വാധീനമുണ്ട്. ഫെമിനിസ്റ്റുകൾ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ട മുഴുനീള വീഡിയോ പരിശോധിച്ചാൽ തന്നെ വകുപ്പു 354 ചുമത്താൻ തക്ക യാതൊരു കൃത്യവും താൻ ചെയ്തിട്ടില്ലായെന്ന് വ്യക്തമാകുന്നതാണ്. ഉന്നത സ്വാധീനത്താൽ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിക്കാൻ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണ്. അതിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. മേൽ സാഹചര്യങ്ങളാൽ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് വിജയിന്റെ ജാമ്യ ഹർജിയിൽ പറയുന്നു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിന്റെ യൂടൂബിൽ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരൻ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഒരാൾ കണ്ടതായാണ് വീഡിയോയിൽ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകൾ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാൽ മാത്രമേ അപകീർത്തി കേസ് നിലനിൽക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP