Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദിവാസികൾക്ക് നൽകാനുള്ള 14 ഏക്കർ ഭൂമി വീരേന്ദ്രകുമാറും മകനും ചേർന്ന് കൈവശപ്പെടുത്തിയോ? മുൻ മാതൃഭൂമി ലേഖകന്റെ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ആദിവാസികൾക്ക് നൽകാനുള്ള 14 ഏക്കർ ഭൂമി വീരേന്ദ്രകുമാറും മകനും ചേർന്ന് കൈവശപ്പെടുത്തിയോ? മുൻ മാതൃഭൂമി ലേഖകന്റെ പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തലശ്ശേരി: വയനാട്ടിലെ കൃഷ്ണഗിരി വില്ലേജിൽ ആദിവാസികൾക്കു നൽകാനായി സർക്കാർ നീക്കിവച്ച 14 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ ജെഡിയു നേതാവ് എം പി വീരേന്ദ്രകുമാർ എംപിക്കും മുൻ എംഎൽഎയുമായ എം വി ശ്രേയാംസ് കുമാറിനുമെതിരെ വിജിലൻസ് അന്വേഷണം. ഇരുവർക്കുമെതിരെ നൽകിയ ഹർജിയിൽ ത്വരിതാന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ജഡ്ജി വി.ജയറാം ഉത്തരവായി. വയനാട് വിജിലൻസ് ഡിവൈഎസ്‌പിയാണ് റിപ്പോർട്ട് നൽകേണ്ടത്.

മുൻ മാതൃഭൂമി ജീവനക്കാരും എറണാകുളം പാലാരിവട്ടത്തെ പി.രാജനാണ് ഹർജിക്കാരൻ. ആദ്യം കലക്ടർക്കും തുടർന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്.അച്യുതാനന്ദനും ഉമ്മൻ ചാണ്ടിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. വ്യാജരേഖ ചമച്ച് സർക്കാർ ഭൂമി തട്ടിയെടുത്തു എന്നതാണ് ഇവർക്കെതിരായ ആക്ഷേപം. വിജിലൻസ് അന്വേഷണം ഇരുവർക്കും കനത്ത തിരിച്ചടിയാവും.

വയനാട് ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജിൽ റിസർവേ നമ്പർ 754/2 ൽ 14.44 ഏക്കർ സർക്കാർ ഭൂമി ശ്രേയാംസ്‌കുമാർ അനധികൃതമായി കൈവശംവയ്ക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട ഭൂമിയാണിതെന്ന ഹൈക്കോടതി വിധിയെ തുടർന്ന് 2010 ഫെബ്രുവരി ഒമ്പതിന് സർക്കാർ തിരിച്ചുപിടിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. ഈഭൂമിയിൽ അവകാശം സ്ഥാപിച്ച ആദിവാസികളെ പൊലീസിനെ ഉപയോഗിച്ച് നീക്കിയ ശേഷം ശ്രേയാംസ്‌കുമാർ സ്ഥലം കൈവശംവയ്ക്കുകയാണ്. സർക്കാർ സ്ഥലമാണെന്നറിഞ്ഞാണ് ഭൂമി വീരേന്ദ്രകുമാർ മകൻ ശ്രേയാംസ്‌കുമാറിന് നൽകിയത്.

2005ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ശ്രേയാംസ്‌കുമാർ സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത്. നിയമസഭയിലാണ് ഇക്കാര്യം പറഞ്ഞത്. ഈ ഭൂമി പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സർക്കാർ ഉത്തരവുമിറങ്ങി. 2007 സെപ്റ്റംബർ ഒമ്പതിനാണ് അവസാനമായി ഉത്തരവ് വന്നത്. ഭൂമി പതിച്ചുനൽകണമെന്ന ശ്രേയാംസ്‌കുമാറിന്റെ ഹർജി തള്ളി അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരനാണ് ഉത്തരവിറക്കിയത്.

ഭൂമി പതിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ശ്രേയാംസ്‌കുമാർ റവന്യു മന്ത്രിയായിരുന്ന കെ എം മാണിക്ക് നിവേദനം നൽകിയിരുന്നു. മാണിക്ക് അനുകൂലനിലപാടായിരുന്നു. ഇതിന്റെ ഭാഗമായി റവന്യുവകുപ്പിന്റെ റിപ്പോർട്ട് ചോദിച്ചു. അനുവദിക്കാൻ പറ്റില്ലെന്നായിരുന്നു മറുപടി. 'കൈവശ ഭൂമിയുടെ ഗുണകരമായ ആവശ്യ'ത്തിന് ഭൂമി പതിച്ചുനൽകണമെന്ന് ശ്രേയാംസ്‌കുമാർ ആവശ്യപ്പെട്ടു. ഇപ്രകാരം പരമാവധി 15 സെന്റ്മാത്രമേ പതിച്ച് നൽകാനാവൂ എന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. പൊതുതാൽപ്പര്യമുള്ള കാര്യങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള ചട്ടപ്രകാരം ഭൂമി വേണമെന്നായിരുന്നു പിന്നീടുള്ള ആവശ്യം. ഇതും സാധ്യമല്ലെന്ന് മറുപടി നൽകി. ഭൂമി നൽകാനാവില്ലെന്ന് റവന്യു കമീഷണറേറ്റും വ്യക്തമാക്കി.

ഭൂമിയേറ്റെടുക്കുന്നത് തടയാനും പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടും കോടതി കയറിയിറങ്ങി. ഹൈക്കോടതി ഡിവിഷൻബെഞ്ച് 2008 ഫെബ്രുവരി 15ന് നൽകിയ ഉത്തരവിൽ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവിട്ടു. ഇതുപ്രകാരമാണ് ഭൂമി സർക്കാർ തിരിച്ചുപിടിച്ചത്. എന്നിട്ടും ഒഴിഞ്ഞുകൊടുക്കാൻ ശ്രേയാംസ്‌കുമാർ തയ്യാറായില്ല. വർഷങ്ങളായി ഈ ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ല. ഭൂമിയിലെ ആദായമെടുക്കുന്നത് ശ്രേയാംസ്‌കുമാറാണ്. കോഴിക്കോട് കൊല്ലഗൽ 212 ദേശീയപാതയിൽ കാപ്പിത്തോട്ടമുള്ള കോടികൾ വിലമതിക്കുന്ന ഭൂമിയാണ് ശ്രേയാംസ്‌കുമാർ കൈയേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP