Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇരട്ട ജീവപര്യന്ത ശിക്ഷാ തടവുകാരനായ ഗുണ്ടക്ക് അഴിമതി പരോൾ: എസ്‌ഐയെയും ജയിൽ സൂപ്രണ്ടിനെയും വിജിലൻസ് ട്രിബ്യൂണൽ വിചാരണ ചെയ്യാൻ ഉത്തരവിട്ട് കോടതി; 32 കേസുകൾ മറച്ചുവച്ച് തുമ്പ എസ് ഐയുടെ ശുപാർശ; ജയിലിൽ കിടന്ന് ഗുണ്ടാ പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാട്ടേ സുരേഷിന് ഒത്താശ ചെയ്തവരെ കുടഞ്ഞ് വിജിലൻസ് കോടതി

ഇരട്ട ജീവപര്യന്ത ശിക്ഷാ തടവുകാരനായ ഗുണ്ടക്ക് അഴിമതി പരോൾ: എസ്‌ഐയെയും ജയിൽ സൂപ്രണ്ടിനെയും വിജിലൻസ് ട്രിബ്യൂണൽ വിചാരണ ചെയ്യാൻ ഉത്തരവിട്ട് കോടതി; 32 കേസുകൾ മറച്ചുവച്ച് തുമ്പ എസ് ഐയുടെ ശുപാർശ; ജയിലിൽ കിടന്ന് ഗുണ്ടാ പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കരാട്ടേ സുരേഷിന് ഒത്താശ ചെയ്തവരെ കുടഞ്ഞ് വിജിലൻസ് കോടതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കരാട്ടേ സുരേഷിന് നിയമ വിരുദ്ധ പരോൾ ലഭിക്കുന്നതിന് കേസ് വിവരങ്ങൾ മറച്ചുവച്ച് ശുപാർശ കത്ത് നൽകിയ എസ്‌ഐക്കും പരോൾ ശുപാർശചെയ്ത ജയിൽ സൂപ്രണ്ടിനുമെതിരെ വിചാരണയ്ക്ക് ഉത്തരവിട്ട് വിജിലൻസ് കോടതി.

തലസ്ഥാന നഗരിയിലെ കുപ്രസിദ്ധ ഗുണ്ടയും അപ്രാണി കൃഷ്ണകുമാർ കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന ശിക്ഷാ തടവുകാരനുമാണ് കരാട്ടേ സുരേഷ്. തുമ്പ സബ് ഇൻസ്‌പെക്ടർ പരോൾ അനുകൂല ശുപാർശ കത്ത് നൽകി പരോളിന് ജയിൽ സൂപ്രണ്ട് ശുപാർശ ചെയ്യുകയായിരുന്നു. ഈ സംഭവത്തിലാണ് തുമ്പ എസ്‌ഐ ആർ. ജയസനിലിനും പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് എ. ജി. സുരേഷിനുമെതിരെ വിജിലൻസ് ട്രിബ്യൂണൽ വിചാരണക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥനും വിജിലൻസ് ലീഗൽ അഡൈ്വസറും വ്യത്യസ്ത നിലപാടെടുത്ത കേസിൽ ലീഗൽ അഡൈ്വസറുടെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.

പ്രതികളെ വിചാരണ ചെയ്യാനായി കുറ്റപത്രം സമർപ്പിക്കാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനും വിജിലൻസ് എസ്‌പിയും റിപ്പോർട്ടയച്ചപ്പോൾ കുറ്റപത്രം വേണ്ടെന്നും വിജിലൻസ് ട്രിബ്യൂണൽ വിചാരണ മതിയെന്നുമുള്ള നിലപാടാണ് വിജിലൻസ് ഐജിയും ഡയറക്ടറും ലീഗൽ അഡൈ്വസറും എടുത്തത്.

2016 ലാണ് കേസിനാസ്പദമായ അഴിമതി പരോൾ നൽകിയത്. അപ്രാണി കൃഷ്ണകുമാർ വധക്കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കരാട്ടേ സുരേഷ് എന്ന ശിക്ഷാ തടവുകാരന്് തുമ്പ എസ് ഐ : ജയസനിലും പൂജപ്പുര ജയിൽ സൂപ്രണ്ട് സുരേഷ് കുമാറും ചേർന്ന് ഉന്നത ഉദ്യോഗസ്ഥരോ സ്റ്റേഷനിലെ മറ്റു പൊലീസുകാരോ അറിയാതെ സ്റ്റേഷൻ തപാൽ ബുക്കിൽ പതിക്കാതെയും പരോൾ ലഭിക്കാൻ ഒത്താശ ചെയ്തുവെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസി.കമ്മീഷണർ റെജി ജേക്കബ്ബ് അന്വേഷണം നടത്തി. അന്വേഷണത്തിൽ മേലുദ്യോഗസ്ഥരെ അറിയിക്കാതെ എസ് ഐ പ്രത്യേക താൽപര്യമെടുത്താണ് പരോളിന് അനുകൂല റിപ്പോർട്ട് നൽകിയതെന്നും റിപ്പോർട്ട് ജയിലിൽ നേരിട്ടെത്തിച്ചെന്നും കണ്ടെത്തി. മാത്രവുമല്ല മൂന്നു കൊലക്കേസടക്കം 32 ക്രിമിന്നൽ കേസുകളിൽ പ്രതിയായ സുരേഷ് പുറത്തിറങ്ങിയാൽ ക്രമ സമാധാന പ്രശ്‌നങ്ങളുണ്ടാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

പ്രതികൾ നൽകുന്ന പരോൾ അപേക്ഷകൾ ജയിൽ സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവി അല്ലെങ്കിൽ റൂറൽ എസ്‌പിക്കാണ് നിയമ പ്രകാരം കൈമാറേണ്ടത്. അവർ സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് വിളിച്ചു വരുത്തി ജയിൽ സൂപ്രണ്ടിന് കൈമാറണമെന്നതാണ് ചട്ടം. എന്നാലിവിടെ ജയിൽ സൂപ്രണ്ട് നേരിട്ട് പരോളപേക്ഷ എസ് ഐക്ക് പ്രതിയുടെ സഹോദരൻ വഴി കൊടുത്തയച്ചു. പരോളപേക്ഷയിൽ ആവശ്യപ്പെടാത്ത കാര്യങ്ങൾ രേഖപ്പെടുത്തിയാണ് എസ്‌ഐ പരോൾ അനുകൂല റിപ്പോർട്ട് തയ്യാറാക്കിയത്.

പ്രതി രണ്ടു തവണ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വിവരവും ഒടുവിൽ വയനാട്ടിൽ നിന്നും പൊലീസ് വളരെ പണിപ്പെട്ട് കോടതി വാറണ്ടിൽ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കിയ വിവരവും കേസ് വിവരങ്ങളും എസ്‌ഐ റിപ്പോർട്ടിൽ മറച്ചു വച്ചു. സ്റ്റേഷനിലെ മറ്റു പൊലീസുകാരെ അറിയിക്കാതെയും തപാൽ ബുക്കിലും ജി ഡി ( ജനറൽ ഡയറി ) യിലും രേഖപ്പെടുത്താതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടാതെയും ആണ് പരോളനുകൂല റിപ്പോർട്ട് എസ് ഐ രഹസ്യമായി തയ്യാറാക്കി രഹസ്യമായി ജയിൽ സൂപ്രണ്ടിന് കൈമാറിയത്.

സംഭവം വിവാദമായപ്പോൾ വിജിലൻസ് ഡയറക്ടർ 'സോഴ്‌സ് റിപ്പോർട്ട്' പ്രകാരം വിജിലൻസ് ദ്രുതപരിശോധനക്ക് ഉത്തരവിട്ടു. തുടർന്ന് തുമ്പ എസ്.എ. ജയസനിൽ, പൂജപ്പുര മുൻ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, കൊലക്കേസുൾപ്പെടെ 33 കേസുകളിൽ പ്രതിയായ കുളത്തൂർ സ്റ്റേഷൻകടവ് തെക്കേവിളാകം വീട്ടിൽ കരാട്ടേ സുരേഷ് എന്ന സുരേഷ് എന്നിവർക്കെതിരെ ദ്രുത പരിശോധന നടത്തിയ വിജിലൻസ് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി : ആർ. മഹേഷ് ഗുണ്ടയേയും ജയിൽ സൂപ്രണ്ടിനെയും ഒഴിവാക്കി വിജിലൻസ് കേസ് വേണ്ടെന്നും എസ് ഐക്കെതിരെ വകുപ്പു നടപടി മാത്രം ശുപാർശ ചെയ്ത് ദ്രുത പരിശോധന റിപ്പോർട്ട് 2016 ഡിസംബർ 7 ന് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. ഇതിനെതിരെ അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിൽ ദ്രുത പരിശോധന റിപ്പോർട്ട് തള്ളി മൂന്നു പേർക്കുമെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി 2018 ഫെബ്രുവരി 20 ന് ഉത്തരവിട്ടു.

തടവുകാരന് ലഭിച്ച നിയമവിരുദ്ധ പരോൾ റിപ്പോർട്ട് അഴിമതി നിരോധന നിയമത്തിലെ ' വിലപ്പെട്ട കാര്യസാദ്ധ്യം ' എന്ന വകുപ്പ് 13 (1) ഡി ( ശ ) യുടെ നിർവ്വചനത്തിൽ പെടുമെന്ന് കണ്ടാണ് വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ മൂന്നു പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. തുടർന്ന് തുമ്പ പൊലീസ് സ്റ്റേഷനിൽ നിന്നും സെൻട്രൽ ജയിലിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് ആഴത്തിലുള്ള അന്വേഷണം പുരോഗമിക്കവേ എസ്‌ഐയും ജയിൽ സൂപ്രണ്ടും തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി പ്രതികളുടെ ആവശ്യം തള്ളി അന്വേഷണം നേരിടാൻ ഉത്തരവിട്ടു.

തുടർന്ന് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനായി തീരുമാനമെടുത്ത് ഡിവൈഎസ്‌പി എ .അബ്ദുൾ വഹാബ് സംസ്ഥാന വിജിലൻസ് മാന്വൽ നടപടി ക്രമത്തിന്റെ ഭാഗമായി നിയമോപദേശം തേടി കേസ് ഡയറി ഫയൽ വിജിലൻസ് ലീഗൽ അഡൈ്വസറുടെ ഓഫീസിന് കൈമാറി. എന്നാൽ വിജിലൻസ് അഡീ. ലീഗൽ അഡൈ്വസർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ നായർ കേസിൽ കുറ്റപത്രം സമർപ്പിക്കേണ്ടെന്നും സർക്കാർ ഉദ്യോഗസ്ഥരായ പ്രതികളെ മാത്രം വിജിലൻസ് ട്രിബ്യൂണൽ വിചാരണ നടത്തിയാൽ മതിയെന്നും നിയമോപദേശം നൽകി. എന്നാൽ ഈ നിയമോപദേശം തള്ളിയ എസ്‌പി മൂന്നു പ്രതികൾക്കുമെതിരെ കുറ്റപത്രം നൽകാൻ നിർദ്ദേശിച്ച് അനുമതിക്കായി ഫയൽ വിജിലൻസ് ഐ.ജിക്ക് കൈമാറി. എന്നാൽ ഐ ജിയും കുറ്റപത്രം വേണ്ടെന്നും ട്രിബ്യൂണൽ വിചാരണ മതിയെന്നുമുള്ള നിലപാടെടുത്ത് ഫയൽ വിജിലൻസ് ഡയറക്ടർക്ക് കൈമാറി. ഐജിയുടെ നിലപാട് ശരിവച്ച ഡയറക്ടർ ഫയൽ മടക്കി ഡി വൈ എസ് പിക്ക് അയച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ ട്രിബ്യൂണൽ വിചാരണക്കായി അനുമതി തേടി വിജിലൻസ് ഡി വൈ എസ് പി : എ . അബ്ദുൾ വഹാബ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. 2018 ൽ മലപ്പുറം ഡിവൈഎസ്‌പിക്കെതിരെ എൻ.ആർ. സംഗീത നൽകിയ അപ്പീൽ ഹർജിയിൽ ധ 2018 (3) കെ. എച്ച്. സി. പേജ് 423 ൽ റിപ്പോർട്ടായ കേസ് പ ഹൈക്കോടതി ' വിലപ്പെട്ട കാര്യസാദ്ധ്യ 'ത്തിന് ' സാമ്പത്തിക മൂല്യം അല്ലെങ്കിൽ വിപണി മൂല്യം ' എന്ന വ്യാഖ്യാനം നൽകി. ഹൈക്കോടതി ജസ്റ്റിസ് : എബ്രഹാം മാത്യു നൽകിയ ഈ വ്യാഖ്യാന പ്രകാരം പൊതുസേവകൻ ചെയ്യുന്ന നിയമവിരുദ്ധ പ്രവൃത്തി കൊണ്ട് മറ്റുള്ളവർക്ക് സാമ്പത്തിക മൂല്യമോ വിപണി മൂല്യമോ ഉണ്ടായാൽ മാത്രമേ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 ( 1 ) ഡിയിലെ ' വിലപ്പെട്ട കാര്യസാദ്ധ്യ ' ത്തിന്റെ നിർവ്വചനത്തിൽ പെടുകയുള്ളു. ഇവിടെ മൂന്നാം പ്രതിക്ക് നൽകിയ സേവനം എന്നത് ' അനുകൂല പരോൾ റിപ്പോർട്ട് ' ആണ്. ഹൈക്കോടതിയുടെ വ്യാഖ്യാനപ്രകാരം ഇത് വിലപ്പെട്ട കാര്യസാദ്ധ്യമായി കണക്കാക്കാനാവില്ലെന്ന് വിജിലൻസ് ജഡ്ജി ഡി. അജിത് കുമാർ എസ് ഐയെയും ജയിൽ സൂപ്രണ്ടിനെയും ട്രിബ്യൂണൽ വിചാരണ ചെയ്യണമെന്ന ഉത്തരവിൽ ചൂണ്ടിക്കാട്ടി.

എന്നാൽ 2018 ജൂലൈ 22 ന് നിലവിൽ വന്ന അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 17 എ യിൽ പാർലമെന്റ് കൊണ്ടു വന്ന ഭേദഗതി പ്രകാരം 'വിലപ്പെട്ട കാര്യസാദ്ധ്യം' എന്നത് 'പൊതുസേവകൻ ഏതു രീതിയിലും മറ്റുള്ളവർക്ക് നൽകുന്ന സഹായം' എന്ന നിർവ്വചനം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർവ്വചനം 2016 ജൂൺ 28 ന് എസ്‌ഐ നൽകിയ വ്യാജ പരോൾ റിപ്പോർട്ട് പ്രകാരം 2016 ഓഗസ്റ്റ് 18 ന് ജയിൽ സൂപ്രണ്ട് നൽകിയ പരോൾ ഉത്തരവിന് ബാധകമാക്കാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP