Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഡംബര കാർ നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം ക്രൈംബ്രാഞ്ചിന് തിരികെ നൽകാൻ കോടതി ഉത്തരവ്; അധികാര പരിധിയുള്ള എറണാകുളം കോടതിയിൽ സമർപ്പിക്കാൻ ഉത്തരവ്; തിരുവനന്തപുരത്ത് കുറ്റപത്രം ഫയൽ ചെയ്യാനിടയായത് പിഴവാലെന്ന് അപേക്ഷ

ആഡംബര കാർ നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം ക്രൈംബ്രാഞ്ചിന് തിരികെ നൽകാൻ കോടതി ഉത്തരവ്; അധികാര പരിധിയുള്ള എറണാകുളം കോടതിയിൽ സമർപ്പിക്കാൻ ഉത്തരവ്; തിരുവനന്തപുരത്ത് കുറ്റപത്രം ഫയൽ ചെയ്യാനിടയായത് പിഴവാലെന്ന് അപേക്ഷ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ആഡംബര കാർ രജിസ്‌ട്രേഷനിൽ 19. 60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചുവെന്ന കേസിൽ നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ക്രൈംബ്രാഞ്ചിന് തിരികെ നൽകാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. കുറ്റപത്രം എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിക്കാനും സി ജെ എം പ്രഭാഷ് ലാൽ ഉത്തരവിട്ടു. തിരുവനന്തപുരം കോടതിയിൽ ജനുവരി 4 ന് കുറ്റപത്രം സമർപ്പിച്ച അതേ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ കഴിഞ്ഞ ദിവസത്തെ അപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ആരോപിക്കുന്ന സംഭവങ്ങളിൽ പ്രധാന കുറ്റകൃത്യം നടന്നത് എറണാകുളം ജില്ലയിലായതിനാലാണ് കുറ്റപത്രം എറണാകുളം കോടതിയിൽ ഫയൽ ചെയ്യാൻ കോടതിയുടെ അനുമതി തേടിയത്.തിരുവനന്തപുരത്ത് പിശകായി ഫയൽ ചെയ്യാനിടയായത് ചാർജ് ഫയൽ ചെയ്ത ഉദ്യോഗസ്ഥന്റെ പിഴവാലെന്നും അപേക്ഷയിൽ പറയുന്നു.

എറണാകുളം ജില്ലയിലെ ഡീലറിൽ നിന്ന് വാങ്ങിയ 75 ലക്ഷം രൂപ വിലയുള്ള പി വൈ - പൂജ്യം ഒന്ന് ബിഎ - 999 നമ്പർ ഓഡി ക്യു ഏഴ് മോഡൽ കാറും 80 ലക്ഷം രൂപക്കുള്ള മറ്റൊരു ഓഡി കാറും സ്ഥിര മേൽവിലാസം കേരളത്തിലുള്ള ക്ഷുഭിത യൗവ്വന താരം കേരളത്തിൽ രജിസ്റ്റർ ചെയ്യാതെ പുതുച്ചേരിയിലെ താൽക്കാലിക വിലാസത്തിൽ രജിസ്റ്റർ ചെയ്തത് വഴി സംസ്ഥാന ഖജനാവിന് 19.60 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.പുതുച്ചേരിയിലെ എൽ എ പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്‌മെന്റ്‌സിലെ താൽക്കാലിക വിലാസത്തിൽ എൽ.ഐ.സി പോളിസിയെടുത്ത ശേഷം അവിടുത്തെ നോട്ടറി അസ്വക്കേറ്റ് വഴി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും പതിപ്പിച്ച് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു. ഡീലർമാരാണ് എല്ലാം ശരിയാക്കി നൽകിയതെങ്കിലും അവരെ പ്രതിചേർത്തിട്ടില്ല. സമാനമായ കേസിൽ നടി അമലാ പോളും ഫഹദ് ഫാസിലും പിഴയൊടുക്കിയതിനാൽ ഇരുവർക്കുമെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചില്ല. പ്രതികൾ മുൻകൂർ ജാമ്യം നേടിയിരുന്നു.

ഒരു വാഹനം ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയും മറ്റൊരു സംസ്ഥാനത്ത് 30 ദിവസത്തിൽ കൂടുതൽ ഓടിച്ചാൽ രജിസ്‌ട്രേഷൻ മാറ്റണമെന്നാണ് ചട്ടം. എന്നാൽ ആരും പാലിക്കുകയോ വാഹനവകുപ്പ് ശ്രദ്ധിക്കുകയോ ചെയ്യാറില്ല. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ശേഷം മുപ്പത് ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഓടിച്ചിട്ടും കേരളത്തിലേയ്ക്ക് രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ എറണാകുളം ആർ.ടി.ഒ അധികൃതർ താരമുൾപ്പെടെ 70 പേർക്ക് നോട്ടീസയച്ചിരുന്നു. 1178 കാറുകൾ കേരളത്തിൽ വാങ്ങിയ ശേഷം പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാൽ പലർക്കുമെതിരെ നടപടിയെടുക്കാതെ ഫയൽ പൂഴ്‌ത്തിവച്ചിരിക്കുന്നതായി ആരോപണമുണ്ട്. അതേ സമയം താരം ബിജെപിയായതിനാൽ രാഷ്ട്രീയ പ്രേരിതമായി തിരഞ്ഞുപിടിച്ച് ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് കുറ്റപത്രം സമർപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. താരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലക്ഷങ്ങൾ ചെലവിടുന്നയാളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP