Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു; വിശ്വാസ വോട്ട് തേടാൻ സർക്കാറിന് അനുമതി; കോൺഗ്രസ് വിമതരായ ഒമ്പത് പേർക്കും വോട്ടു ചെയ്യാമെന്ന് കോടതി

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഹൈക്കോടതി സ്‌റ്റേ ചെയ്തു; വിശ്വാസ വോട്ട് തേടാൻ സർക്കാറിന് അനുമതി; കോൺഗ്രസ് വിമതരായ ഒമ്പത് പേർക്കും വോട്ടു ചെയ്യാമെന്ന് കോടതി

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. ഹരീഷ് റാവത്ത് സർക്കാരിന് വിശ്വാസ വോട്ട് തേടാൻ ഹൈക്കോടതി അനുമതി നൽകി. രണ്ടു ദിവസത്തിനകം വിശ്വാസ വോട്ട് തേടാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഭരണത്തകർച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം കേന്ദ്രം രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. കേന്ദ്ര സർക്കാറിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. കോൺഗ്രസിന്റെ നീക്കം ഫലം കാണുന്ന വിധത്തിലുള്ള തീരുമാനമാണ് ഹൈക്കോടതിയിൽ നിന്നുമുണ്ടായത്.

മാർച്ച് ആദ്യം അവതരിപ്പിച്ച സുപ്രധാന ധനവിനിയോഗ ബില്ലിനെതിരെ ഒമ്പത് വിമത എംഎ‍ൽഎമാർ വോട്ടു ചെയ്തതോടെയാണ് സർക്കാർ ന്യൂനപക്ഷമായെന്ന് കേന്ദ്രസർക്കാർ വിധിയെഴുതിയത്. നിയമസഭയിൽ വിശ്വാസവോട്ട് തേടാനിരുന്നതിന് തൊട്ടു മുമ്പാണ് സർക്കാറിനെ പിരിച്ചുവിട്ടത്. കോൺഗ്രസ് വിമതരായ ഒമ്പത് പേർക്കും വോട്ടു ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. അതിനിടെ സർക്കാർ പിരിച്ചുവിടാനുള്ള രാഷ്ട്രപതിയുടെ തീരുമാനത്തെ ഹൈക്കോടതി ചോദ്യം ചെയ്തത് വരും ദിവസങ്ങളിൽ നിയമപരമായ ചർച്ചകൾക്ക് വഴിവെക്കും.

ഭരണഘടനയുടെ 356ാം വകുപ്പനുസരിച്ച് ഉത്തരാഖണ്ഡ് സർക്കാറിനെ പിരിച്ചുവിടാനും നിയമസഭ മരവിപ്പിക്കാനുമുള്ള ഉത്തരവിൽ രാഷ്ട്രപതി പ്രണബ് മുഖർജി ഞായറാഴ്ച രാവിലെയാണ് ഒപ്പുവച്ചത്. വിശ്വാസവോട്ടെടുപ്പിൽ പിന്തുണയ്ക്കായി മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്‌തെന്നാരോപിച്ച് ഒളിക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞ ശനിയാഴ്ച വിമതർ പുറത്തുവിട്ടിരുന്നു. എന്നാൽ വീഡിയോദൃശ്യങ്ങൾ വ്യാജമാണെന്നും ബിജെപി. അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രിയും സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തുകയാണെന്നുമാണ് കോൺഗ്രസ്സിന്റെ വാദം.

കഴിഞ്ഞ 18ന് സുപ്രധാന ധനബിൽ വോട്ടിനിട്ടപ്പോൾ ഒമ്പത് കോൺഗ്രസ് വിമത അംഗങ്ങൾ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയിൽ 36 എംഎ‍ൽഎ മാരുടെ പിൻബലത്തിലാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയിൽ 28 എംഎൽഎമാരുണ്ട്. വിമതരായ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടിയാൽ സർക്കാർ വെട്ടിലാവും. ഹരീഷ് റാവത്ത് സർക്കാറിൽ നിന്ന് ഒമ്പത് എംഎ‍ൽഎമാർ പിന്തുണ പിൻവലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു ആറ് എംഎ‍ൽഎ മാരുടെ പിന്തുണ കൂടി ഹരിഷ് റാവത്തിന്റെ സർക്കാറിന് ലഭിച്ചിരുന്നു. ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി വിജയ് ബഹുഗുണയുൾപ്പടെയുള്ള ഒമ്പത് കോൺഗ്രസ് എംഎ‍ൽഎ മാരാണ് ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്നിരിക്കുന്നത്.

ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും സംസ്ഥാനത്തെ തകർച്ചയിലേക്ക് നയിക്കുന്ന ഈ സർക്കാരിനെ പുറത്താക്കണമെന്നുമാണ് മുഖ്യ പ്രതിപക്ഷമായ ബിജെപിയുടെയും വിമതരുടെയും ആവശ്യം. ഇതിനിടെ 28ന് നിയമസഭയിൽ വിശ്വാസവോട്ട് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ കെ കെ പോൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്ത് ഭരണ പ്രതിസന്ധി രൂക്ഷമാണെന്നും രാഷ്ട്രപതി ഭരണം വേണമെന്നുമാവശ്യപ്പെട്ട് ഗവർണർ റിപ്പോർട്ട് നൽകിയതാണ് രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP