Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂണിവേഴ്‌സിറ്റി കോളജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പൊലീസാക്രമണക്കേസും; ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റപത്രം; വധശ്രമക്കേസ് ഒതുക്കിയത് നിസാര വകുപ്പ് ചുമത്തി നരഹത്യയാക്കി; പ്രതികൾ ഇപ്പോഴും ഒളിവിലെന്ന് കന്റോൺമെന്റ് പൊലീസ്; പ്രതികൾ പൊലീസ് സ്റ്റേഷൻ മാർച്ചിലടക്കം മുൻനിരയിൽ; പ്രതികളെ ജൂലൈ 29ന് ഹാജരാക്കാൻ കോടതി ഉത്തരവ്

പി നാഗരാജ്

തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പൊലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെയും കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ തലോടിയുള്ള കുറ്റപത്രം കന്റോൺമെന്റ് സമർപ്പിച്ചത്.

ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ പൊലീസിന്റെ കണ്ണിന് മുന്നിൽ സിറ്റിയിൽ വിലസിയിട്ടും സ്റ്റേഷന് മുന്നിലെത്തിയിട്ടും ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച്‌പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച യഥാർത്ഥ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെ പ്രതികൾ കൃത്യത്തിന് ശേഷം ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനിടയായിട്ടില്ലെന്ന് കാട്ടി തലോടൽ കുറ്റപത്രം സമർപ്പിച്ചുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാൻ മജിസ്ട്രേട്ട് എ. അനീസ കന്റോൺമെന്റ് പൊലീസിനോട് ഉത്തരവിട്ടു.

എസ്. എഫ്. ഐ. നേതാക്കളായ സർവ്വകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് , യൂണിവേഴ്‌സിറ്റി കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് , എസ് എഫ് ഐ പ്രവർത്തകരായ ചന്ദു അശോക് , ജെ.ജെ. അഭിജിത് , കാർത്തിക് , വിനേഷ് ഷാജി , അഭീഷ് , അമൽ മുഹമ്മദ് , ഉജ്വൽ ചക്രവർത്തി , നന്ദകുമാർ , അഭിജിത്ത് , സെയ്ദാലി , ബാഹുൽ കൃഷ്ണ , നൈൽ , പി .റ്റി. അമൽ , കൃഷ്ണകാന്ത് , ആർ.എസ്.അക്ഷയ് , എസ്.എസ്. ആദേശ് , സുനിൽ , ശംഭു , അജ്മൽ , വിഘ്‌നേശ്വരൻ എന്നിവരാണ് പൊലീസാക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ഒന്നു മുതൽ ഇരുപത്തിരണ്ട് വരെയുള്ള പ്രതികൾ.

കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് നരഹത്യാ ശ്രമത്തിന് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫഹദ് , എ.ആർ. റിയാസ് , ജോബിൻ ജോസ് , ചന്ദു അശോക് , വിനേഷ് ഷാജി , അക്‌ബർ ഷാ , അമൽ മുഹമ്മദ് , സുനിൽ , റ്റി. ശംഭു , വിഷ്ണു , അജ്മൽ , വിഘ്‌നേശ്വരൻ എന്നീ 12 പേരാണ് നരഹത്യാ ശ്രമ കുറ്റപത്രത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

വധശ്രമത്തിന് ഐപിസി 307 ചുമത്തുന്നതിന് പകരം 307 കുറവ് ചെയ്ത് താരതമ്യേന നിസാര വകുപ്പായ നരഹത്യ ശ്രമം ചുമത്തി ഐപിസി വകുപ്പ് 308 ഇട്ട് നേർപ്പിച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് പൊലീസിനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭയന്ന് പിൻതിരിയുന്നതിലേക്കായി ദേഹോപദ്രവമേൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും കെ എസ് യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2019 നവംബർ 29 വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.

അതേ സമയം 2019 ഡിസംബർ 3 ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത പൊലീസാക്രമണ - നരഹത്യാശ്രമക്കേസുകളിലടക്കം പ്രതികളായ റിയാസ് , ജോബിൻ ജോസ് എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ കേസുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികൾ സമരം അവസാനിപ്പിച്ചത്.

പൊലീസാക്രമണ - നരഹത്യാശ്രമ കേസുകളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ഗവ. മെൻസ് ഹോസ്റ്റലിൽ നിന്ന് നാമമാത്രമായി അഞ്ച് എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികൾ അതേ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

കേസന്വേഷണ ഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുക , മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിൽ പ്രതികളുടെ മുഖ - ശരീര സാദൃശ്യമുള്ളവരെ പ്രതികൾക്കൊപ്പം ഇടകലർത്തി നിർത്തി ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തുക എന്നീ ചുമതലകൾ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 9 പ്രകാരം നിർവ്വഹിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ കടമയും കർത്തവ്യവുമാണ്. വിചാരണയിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കേണ്ടതിൽ ഇവ നിർണ്ണായക തെളിവാകേണ്ടതുമാണ്.

കൂടാതെ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 അനുശാസിക്കും വിധം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതിനയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് സഞ്ചരിച്ച് തൊണ്ടി മുതൽ പ്രതിയുടെ സാന്നിധ്യത്തിൽ പ്രതിയെക്കൊണ്ട് വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ രീതികൾ വിചാരണയിൽ നിർണ്ണായക തെളിവായി കോടതി മുമ്പാകെ വരേണ്ടതാണെന്നത് വിജയകരമായ പ്രോസിക്യൂഷന് നിർണ്ണായകമാണെന്ന നിയമം നിലവിലിരിക്കേ കേസ് അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് പ്രധാന പ്രതികളെ ഒളിവിലിട്ട് കുറ്റപത്രം സമർപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

വിചാരണയിൽ പ്രതികളുടെ ഭീഷണിയിൽ സാക്ഷികൾ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി മജിസ്‌ട്രേട്ട് മുമ്പാകെ രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചില്ല. കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം പൊലീസ് അപേക്ഷ പ്രകാരം രഹസ്യമൊഴി കൊടുപ്പിച്ച് വകുപ്പ് 306 പ്രകാരമാണ് കോടതി കൂട്ടു പ്രതിക്ക് മാപ്പ് നൽകി കൂട്ടുപ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുന്നത്. നേതാക്കളടക്കമുള്ള പ്രതികളുടെ ഗൂഢാലോചനയടക്കം വിചാരണയിൽ നിർണ്ണായകമാകുമെന്നതിനാലാണ് ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് അതിന് മുതിരാതെ നിഷ്‌ക്രിയത്വം കാട്ടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേതാക്കൾക്ക് ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള അലിബിയുടെ (കൃത്യ സമയം സംഭവസ്ഥലത്തോ ഗൂഢാലോചന സ്ഥലത്തോ താനില്ലായിരുന്നെന്ന പ്രതിയുടെ വാദം) പിൻബലത്താൽ കേസിൽ നിന്ന് ഊരിപ്പോകാനുള്ള പഴുതുകളിട്ടുള്ളതാണ് പൊലീസ് കുറ്റപത്രം.

കേസന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാത്ത കേസിൽ കോടതി വിചാരണയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയെ കോടതിയിൽ വച്ച് ആദ്യമായി ചൂണ്ടിക്കാട്ടി തിരിച്ചറിയുന്നത് പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുമെന്നും പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയക്കാമെന്നുമുള്ള സുപ്രീം കോടതി വിധിന്യായങ്ങൾ നിലവിലുള്ളപ്പോഴാണ് പൊലീസ് ഭരണം കയ്യാളുന്ന ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പ്രതികളെ അറസ്റ്റ് ചെയ്യാതെ നിസംഗത കാട്ടി വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP