Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: രക്തക്കറ പുരണ്ട കത്തി ക്യാമ്പസിലെ മൺകൂനയിൽ പൂഴ്‌ത്തിവച്ചത് കണ്ടെടുത്തതായി പൊലീസ് റിപ്പോർട്ട്; മൂന്ന് പ്രതികളുടെ ജാമ്യഹർജികൾ കോടതി തള്ളി; നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് കോടതി; ശിവരഞ്ജിത്തും നസീമും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം: രക്തക്കറ പുരണ്ട കത്തി ക്യാമ്പസിലെ മൺകൂനയിൽ പൂഴ്‌ത്തിവച്ചത് കണ്ടെടുത്തതായി പൊലീസ് റിപ്പോർട്ട്; മൂന്ന് പ്രതികളുടെ ജാമ്യഹർജികൾ കോടതി തള്ളി; നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് കോടതി; ശിവരഞ്ജിത്തും നസീമും 29 വരെ  ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ

അഡ്വ. പി.നാഗ് രാജ്

 തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തും യൂണിറ്റ് സെക്രട്ടറി നസീമും കൃത്യത്തിനുപയോഗിച്ച കത്തികൾ കണ്ടെടുത്തതായി കന്റോൺമെന്റ് പൊലീസ് സർക്കിൾ ഇൻസ് പെക്ടർ എം. അനിൽകുമാർ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ഇരുവരെയും തിര്യെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ തൊണ്ടിമുതൽ പ്രതികളുടെ സാന്നിദ്ധ്യത്തിൽ വീണ്ടെടുത്ത വിവരം വ്യക്തമാക്കിയത്.

ശിവരഞ്ജിത്ത് അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളേജ് ക്യാമ്പസിനുള്ളിലെ മൺകൂനയിൽ പൂഴ്‌ത്തിവച്ച നിലയിലായിരുന്നു. രക്തക്കറ പുരണ്ട കത്തി തെളിവെടുപ്പിന് കൊണ്ടുപോയപ്പോൾ ശിവരഞ്ജിത്ത് എടുത്ത് ഹാജരാക്കിത്തന്നത് മഹസറിൽ വിവരിച്ച് തൊണ്ടി ലിസ്റ്റായ കെ.പി എഫ് (കേരള പൊലീസ് ഫോഴ്‌സ് ) 151 എ ഫോറത്തിൽ ചേർത്തതായും ഡോക്ടറെയും അഖിലിനെയും കാണിച്ച് തിരിച്ചറിയിച്ച ശേഷം കോടതി മുഖേന ഫോറൻസിക് ലാബി ലേക്കയക്കാൻ ഹർജി സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ സിഐ വ്യക്തമാക്കി. നസീമിന്റെ കൈവശമുണ്ടായിരുന്ന കത്തി മഹസർ തയ്യാറാക്കിയ വേളയിൽ ലഭ്യമായതായും അത് തന്റേതാണെന്ന് നസീം സമ്മതിച്ച് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

അതീവ സുരക്ഷയിൽ ലോക്കൽ പൊലീസിനൊപ്പം 20 ആർ ആർ ആർ എഫ് (റാപ്പിഡ് റെസ്‌പോൺസ് റെസ്‌ക്യൂ ഫോഴ്‌സ് ) ന്റെ അകമ്പടി കാവലിലാണ് കോടതിയിൽ എത്തിച്ചത്. എന്തെങ്കിലും പരാതിയുണ്ടോയെന്ന മജിസ്‌ട്രേട്ട് അനീസയുടെ ചോദ്യത്തിന് പ്രതിക്കൂട്ടിൽ നിന്ന ഇരു പ്രതികളും ' ഇല്ലാ ' യെന്ന് മറുപടി ബോധിപ്പിച്ചു.തുടർന്ന് ഇരുവരയും പൊലീസ് കസ്റ്റഡിയിൽ നിന്നും 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്ത് ജില്ലാ ജയിലിലേക്ക് വീണ്ടും റിമാന്റ് ചെയ്തു.

അതേ സമയം വധശ്രമ കേസിലെ നാലു മുതൽ ആറു വരെ പ്രതികളും എസ് എഫ് ഐ കോളേജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമായ അദ്വൈത് മണികണ്ഠൻ , ആരോമൽ .എസ്.നായർ , ആദിൽ മുഹമ്മദ് എന്നിവരുടെ ജാമ്യ ഹർജികൾ കോടതി തള്ളി. നിഷ്ഠൂരവും ക്രൂരവുമായ കൃത്യം ചെയ്ത പ്രതികൾക്ക് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ ജാമ്യത്തിനർഹതയില്ലെന്ന് ജാമ്യം നിരസിച്ച ഉ ത്തരവിൽ കോടതി വ്യക്തമാക്കി. റിമാന്റിൽ കഴിയുന്ന എട്ടാം പ്രതി നേമം സ്വദേശി ഇജാബിന്റെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും.

ഈ മാസം പന്ത്രണ്ടാം തീയതി പട്ടാപ്പകൽ 11.30 മണിക്കാണ് നഗരമധ്യത്തിലെ പാളയം യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വച്ച് എസ് എഫ് ഐ പ്രവർത്തകനായ മൂന്നാം വർഷ ബി എ പൊളിറ്റിക്‌സ് വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ അപകടകരമായ കത്തി കൊണ്ട് നെഞ്ചിൽ രണ്ടു പ്രാവശ്യം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭരണകക്ഷിയിൽ ഉന്നത സ്വാധീനമുള്ള ഇരു വരും 15 ന് പുലർച്ചെ കേശവദാസപുരത്ത് വെച്ച് പൊലീസുകാരുമായുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം പിടികൊടുക്കുകയായിരുന്നു . ഉന്നത സ്വാധീനമുള്ള ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും മുഖം രക്ഷിക്കാനായി അറസ്റ്റ് നാടകം അരങ്ങേറിയത്. 14 ന് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും കേസിലെ നാലും അഞ്ചും ആറും പ്രതികളുമായ അദ്വൈത് മണികണ്ഠൻ, ആരോമൽ, ആദിൽ മുഹമ്മദ് എന്നിവർ മുൻ നിശ്ചയ പ്രകാരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കീഴങ്ങെിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP