Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കടൽക്കൊല കേസിൽ ഇന്ത്യയ്ക്ക് തിരിച്ചടി; ഇറ്റാലിയൻ നാവികരുടെ വിചാരണാ നടപടികൾ നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ; സെപ്റ്റംബർ 24ന് ഇരു രാജ്യങ്ങളും റിപ്പോർട്ട് നൽകണം; അന്തിമ വിധി പ്രഖ്യാപനം പിന്നീട്

കടൽക്കൊല കേസിൽ ഇന്ത്യയ്ക്ക് തിരിച്ചടി; ഇറ്റാലിയൻ നാവികരുടെ വിചാരണാ നടപടികൾ നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര ട്രിബ്യൂണൽ; സെപ്റ്റംബർ 24ന് ഇരു രാജ്യങ്ങളും റിപ്പോർട്ട് നൽകണം; അന്തിമ വിധി പ്രഖ്യാപനം പിന്നീട്

ഹാംബുർഗ്: വിവാദമായ കടൽക്കൊലക്കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികരുടെ വിചാരണാ നടപടികൾ ഇരു രാജ്യങ്ങളും നിർത്തിവെക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടു. മറീനുകളെ വിചാരണ ചെയ്യാൻ ഏതു രാജ്യത്തിനാണ് അധികാരമെന്നാണ് ട്രിബ്യൂണൽ പരിശോധിച്ചത്. ഇരു രാജ്യങ്ങളിലെയും വിചാരണാ നടപടികൾ നിർത്തിവെക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. അടുത്തമാസം 24 രണ്ട് രാജ്യങ്ങളും റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാവികരുടെ വിചാരണാ നടപടികൾ ആരംഭിച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോടതി വിധി തിരിച്ചടി നൽകുന്നതാണ്. കേസിലെ അന്തിമ വിധി പിന്നീട് ഉണ്ടാകും. രാജ്യാന്തര ട്രിബ്യൂണലിന്റെ വിധി ഇരു രാഷ്ട്രങ്ങൾക്കും ബാധകമാണ്.

സംഭവം നടന്നത് അന്താരാഷ്ട്ര കപ്പൽചാലിൽ ആയതിനാൽ നാവികരെ വിചാരണ ചെയ്യാൻ ഇറ്റലിക്കാണ് അവകാശമെന്നും നാവികരായ മാക്‌സി മിലിയാനോ ലത്തോറെയെയും സാൽവത്തോറെ ജെറോണിനെയും ഇറ്റലിക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു ഇറ്റലിയുടെ ആവശ്യം. നാവികരെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ഇറ്റലി ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ അതിനു തയ്യാറായിരുന്നില്ല. ഇന്ത്യക്കാരായ രണ്ടു മത്സ്യത്തൊഴിലാളികളെ നാവികർ വെടിവച്ചു കൊന്നത് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ വച്ചാണെന്നും അതിനാൽ നാവികരെ വിചാരണ ചെയ്യാനുള്ള പൂർണ്ണ അധികാരം ഇന്ത്യക്കാണെന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.

കടലിലുണ്ടാകുന്ന വിഷയങ്ങളിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ തയ്യാറാക്കിയ യുഎൻ ക്ലോസ് പ്രകാരമാണ് ഇറ്റലി രാജ്യാന്തര മധ്യസ്ഥത തേടിയത്. സംഭവം നടന്നത് രാജ്യാന്തര സമുദ്രാതിർത്തിയിലാണെന്നാണ് ഇറ്റലിയുടെ മുഖ്യവാദം. പ്രതികളായ മറീനുകളെ തർക്കം പരിഹരിക്കും വരെ ഇറ്റലിയിൽ തങ്ങാൻ അനുവദിക്കണമെന്നും ഇന്ത്യയിലെ നിയമനടപടികൾ നിർത്തിവയ്ക്കണമെന്നും ട്രിബ്യൂണലിൽ ഇറ്റലി ആവശ്യപ്പെട്ടിരുന്നു.

സംഭവം നടന്ന് മൂന്നുവർഷം പിന്നിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്നും ഇറ്റലി ട്രിബ്യൂണലിൽ ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യത്തെ നിയമനടപടികളെ ഇറ്റലി അവഹേളിച്ചുവെന്നാണ് ട്രിബ്യൂണലിനു മുന്നിലെ ഇന്ത്യയുടെ വാദം. ഇന്ത്യയിെല പ്രാഥമിക നിയമ നടപടികൾ പോലും ഇറ്റലി പൂർത്തിയാക്കിയില്ല. പ്രശ്‌നത്തിന് ഇന്ത്യയിൽ തന്നെ പരിഹാരം സാധ്യമാണെന്നും കേസ് പരിഗണിക്കാനുള്ള അർഹത രാജ്യാന്തര ട്രിബ്യൂണലിനില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

മറീനുകളുടെ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാമെന്ന് ഇന്ത്യ ട്രിബ്യൂണലിനു മുൻപാകെ ഉറപ്പു നൽകിയിരുന്നു. രാജ്യാന്തര ട്രിബ്യൂണൽ അധ്യക്ഷൻ ബ്‌ളാഡ്മിർ ഗോളിഡ്‌സന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പറഞ്ഞത്. ഫ്രഞ്ച് അഭിഭാഷകരായ ഏലിയൻ പെല്ലറ്റ്, ആർ ബണ്ടി എന്നിവരാണ് രാജ്യാന്തര ്രൈടബ്യൂണലിൽ ഇന്ത്യക്ക് വേണ്ടി ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറൽ പി.എൽ നരസിംഹ, വിദേശകാര്യ മന്ത്രാലയത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട ഇന്ത്യൻ സംഘവും വിദേശ അഭിഭാഷകരെ സഹായിക്കാൻ ജർമനിയിലെത്തിയിരുന്നു.

അറബിക്കടലിൽ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇറ്റാലിയൻ സൈനികരായ ലസ്‌തോറെ മാസി മിലിയാനോയും സാൽവത്തോറെ ജിറോണും ഇന്ത്യയിൽ വിചാരണ നേരിടുന്നത്. കൊല്ലം നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ ഐസക് സേവ്യറിന്റെ മകൻ അജീഷ് ബിങ്കി (21) എന്നിവരാണു കടലിൽ വെടിയേറ്റു മരിച്ചത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP