Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെളിവായി വീട്ടിൽ നിന്നും കൊണ്ടുപോയത് സിപിഎമ്മിന്റെ ചെങ്കൊടി! വീഡിയോ റെക്കോഡ് ചെയ്യാനായി നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹ ഫൈസലിന്റെ വായ പൊലീസ് പൊത്തിപ്പിടിച്ചു എന്നും അമ്മ ജമീല; പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യം പെരുകുന്നതിനിടെ യുഎപിഎ പിൻവലിക്കാനൊരുങ്ങി സർക്കാരും; മാവോയിസ്റ്റ് ബന്ധമാരോപിച്ച് റിമാൻഡിലായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ ജാമ്യഹർജി പരിഗണിക്കുക തിങ്കളാഴ്‌ച്ച

തെളിവായി വീട്ടിൽ നിന്നും കൊണ്ടുപോയത് സിപിഎമ്മിന്റെ ചെങ്കൊടി! വീഡിയോ റെക്കോഡ് ചെയ്യാനായി നിർബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ച ശേഷം താഹ ഫൈസലിന്റെ വായ പൊലീസ്  പൊത്തിപ്പിടിച്ചു എന്നും അമ്മ ജമീല; പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യം പെരുകുന്നതിനിടെ യുഎപിഎ പിൻവലിക്കാനൊരുങ്ങി സർക്കാരും; മാവോയിസ്റ്റ് ബന്ധമാരോപിച്ച് റിമാൻഡിലായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരുടെ ജാമ്യഹർജി പരിഗണിക്കുക തിങ്കളാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന് തെളിവായി പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയത് സിപിഎമ്മിന്റെ കൊടിയെന്ന് റിമാൻഡിലായ താഹ ഫൈസലിന്റെ മാതാവ്. താഹയെ കൊണ്ട് നിർബന്ധിപ്പിച്ച് മുദ്രാവാക്യം വിളിപ്പിക്കുകയും അതിന് ശേഷം വായ പൊത്തിപ്പിടിക്കുകയുമാണ് പൊലീസ് ചെയ്തതെന്നും താഹയുടെ അമ്മ ജമീല വ്യക്തമാക്കി. ഇതിന്റെ വീഡിയോയാണ് പൊലീസ് പകർത്തിയിരിക്കുന്നത്. യുവാവിന മാവോയിസ്റ്റ് നിലപാട് ഇല്ലെന്നും ജമില പറയുന്നു.

അതിനിടെ, യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ പാർട്ടിയിലും മുന്നണിയിലും നിന്ന് തന്നെ രൂക്ഷമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ യുഎപിഎ പിൻവലിക്കാൻ സർക്കാർ തലത്തിൽ ആലോചന തുടങ്ങി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും പരസ്യനിലപാടുമായി രംഗത്തെത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

യുവാക്കൾക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയെങ്കിലും അത് അന്തിമമായി നിലനിൽക്കുന്നതല്ലെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പൊലീസ് യു.എ.പി.എ ചുമത്തിയാലും കേസിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകണമെങ്കിൽ സർക്കാരിന്റെയും വിരമിച്ച ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടേയും അംഗീകാരം വേണം. ഈ ഘട്ടത്തിൽ യു.എ.പി.എ റദ്ദാക്കാൻ സർക്കാരിന് സാധിക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫൈസൽ എന്നിവരെ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച രാത്രിയാണ്, കോഴിക്കോട് സ്വദേശികളായ ഇവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യു.എ.പി.എയും ചുമത്തിയിരുന്നു. പാലക്കാട് മഞ്ചക്കണ്ടിയിലെ മാവോവാദി ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്തതിനാണ് ഇവർ അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് ഭാഷ്യം.

നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ ഇവരിൽനിന്ന് പിടിച്ചെടുത്തതായും പൊലീസ് പറയുന്നു. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്. കെട്ടിച്ചമച്ച കേസിലാണ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയതെന്ന് മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ അലൻ ശുഹൈബും താഹ ഫസലും നേരത്തെ പറഞ്ഞിരുന്നു. തങ്ങൾക്കെതിരായി ഒരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ വേണ്ടി കൊണ്ടുപോകുംവഴിയാണ് ഇവർ ഇത് പറഞ്ഞത്.

തങ്ങൾക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞു. ഭരണകൂട ഭീകരതയാണെന്ന് അലൻ ഷുഹൈബ് ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവിൽ വച്ചാണ് അലനെ അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. നിയമ വിദ്യാർത്ഥിയാണ് അലൻ. അലന്റെ ചെറുവണ്ണൂരിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. തന്റെ മകന് മാവോയിസ്റ്റ് സംഘടനയുമായി ബന്ധമില്ലെന്നും ഒരു നോട്ടീസ് കൈയിലുണ്ടെന്ന പേരിലാണ് പൊലീസ് അവനെ അറസ്റ്റ് ചെയ്തതെന്നും അലന്റെ അമ്മ സബിത ശുഹൈബ് പറഞ്ഞു.

അതേസമയം അറസ്റ്റിലായവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെങ്കിൽ പാർട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. എന്നാൽ മാവോയിസ്റ്റുകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് അറസ്റ്റ് ചെയ്തത്. അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ പ്രവർത്തകനായ ത്വാഹ ഫസലിനെയും ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും താഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP