Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുത്തലാഖ് സംബന്ധിച്ച കോടതിവിധിയിൽ ആകെ ആശയക്കുഴപ്പം; അഞ്ചിൽ നാല് ജഡ്ജിമാരും വെവ്വേറെ വിധിന്യായം പുറപ്പെടുവിച്ചു; രണ്ട് പേർ ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന പേർ ഭരണഘടനക്ക് എതിരാണെന്ന് പറഞ്ഞു; അന്തിമ വിധിയെന്താണെന്നറിയാൻ വിധിപ്പകർപ്പുകൾ ലഭിക്കണം

മുത്തലാഖ് സംബന്ധിച്ച കോടതിവിധിയിൽ ആകെ ആശയക്കുഴപ്പം; അഞ്ചിൽ നാല് ജഡ്ജിമാരും വെവ്വേറെ വിധിന്യായം പുറപ്പെടുവിച്ചു; രണ്ട് പേർ ഭരണഘടന വിരുദ്ധമല്ലെന്ന് പറഞ്ഞപ്പോൾ മൂന്ന പേർ ഭരണഘടനക്ക് എതിരാണെന്ന് പറഞ്ഞു; അന്തിമ വിധിയെന്താണെന്നറിയാൻ വിധിപ്പകർപ്പുകൾ ലഭിക്കണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാൽ ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ മറ്റൊരു നിലപാടാണ് എടുത്തത്. ഒരു ജഡ്ജി മാത്രമാണ് ചീഫ് ജസ്റ്റിസീനെ പിന്തുണച്ചത്. അതുകൊണ്ട് തന്നെ വിധി പകർപ്പ് പുറത്തുവന്നാലേ വിധിയിൽ വ്യക്തത വരൂ. ഏതായാലും മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വന്നതോടെ ഫലത്തിൽ അതിന് നിരോധനവും വരും. കേന്ദ്രസർക്കാരിന്റെ നിയമ നിർമ്മാണം വരെ മുസ്ലിം വിവാഹമോചനങ്ങൾ അനിശ്ചിതത്വത്തിലാകുമെന്നാണ് സൂചന.

വിഷയത്തിൽ പാർലമെന്റ് തീരുമാനമെടുക്കട്ടെ എന്നും ഇതിന് ആറ് മാസം സമയം അനുവദിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റീസിന്റെ വിധി. ഈ ആറ് മാസം മുത്തലാഖ് നിരോധിക്കാമെന്നും ചീഫ് ജസ്റ്റീസ് വിധി പുറപ്പെടുവിച്ചു. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എസ്.അബ്ദുൾ നസീർ ചീഫ് ജസ്റ്റീസിന്റെ വിധിയെ അനുകൂലിക്കുകയായിരുന്നു. മലയാളിയായ ജസ്റ്റീസ് കുര്യൻ ജോസഫ്, റോഹിൽടൺ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേർ മുത്തലാഖിനെ എതിർത്തതോടെ അത് കോടതി വിധിയാകും. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ടാലും എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരമാണ് ഉള്ളത്.

വിവാഹം, വിവാഹമോചനം, സ്വത്ത് പിന്തുടർച്ചവകാശം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ഇന്ത്യൻ ഭരണഘടന മതസ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. (ഉദാ-ഹിന്ദുമതസ്ഥരായ രണ്ട് പേർ വിവാഹം ചെയ്യുമ്പോൾ അത് ഹിന്ദു മാര്യേജ് ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്യുക. എന്നാൽ വ്യത്യസ്ത മതത്തിൽ രണ്ട് പേർ വിവാഹം ചെയ്യുന്നത് സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ്) ഇതനുസരിച്ച് മുസ്ലീമതവിശ്വാസികളുടെ ഇടയിൽ വിവാഹമോചനം നടക്കുന്നത് മുത്തലാഖ് ചൊല്ലിയാണ്. രാജ്യത്തെ 18 കോടി മുസ്ലീമതവിശ്വാസികളും ഇത്രകാലവും ഈ നിയമമാണ് പിന്തുടർന്ന് പോന്നിരുന്നത്.

കഴിഞ്ഞ കുറേക്കാലമായി മുത്തലാഖ് എടുത്ത് കളയണമോ വേണ്ടയോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടന്നു വന്നിരുന്നു. തീർത്തും സ്ത്രീവിരുദ്ധമാണ് മുത്തലാഖ് എന്നതായിരുന്നു ഉയർന്ന നിലപാട്. ഇത് ശരിവയ്ക്കുകയാണ് ഇപ്പോഴത്തെ സുപ്രീംകോടതി ഉത്തരവ്. 2014-ൽ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ മുത്തലാഖിനെ എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പലവേദികളും മുത്തലാഖ് തീർത്തും സ്ത്രീവിരുദ്ധമാണെന്ന് പ്രസ്താവിച്ചു. ലിംഗസമത്വം കാത്തുസൂക്ഷിക്കുവാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുത്തലാഖ് വിഷയം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ നിയമനിർമ്മാണത്തിന്റെ സാധ്യതകൾ ബിജെപിയും തേടും. ബിജെപി മുന്നോട്ട് വയ്ക്കുന്ന ഏകസിവിൽ കോഡ് എന്ന ആശയത്തിൽ മുത്തലാഖ് പോലെ മതപരമായ നിയമങ്ങൾക്ക് സാധുതയില്ല. വിവാഹം, വിവാഹമോചനം തുടങ്ങിയ വ്യക്തിനിയമങ്ങളിൽ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഒരു നിയമം മതിയെന്നതാണ് ഏകസിവിൽകോഡിന്റെ അടിസ്ഥാന ആശയം. ഇതിലേക്കുള്ള ബിജെപി സർക്കാരിന്റെ നീക്കത്തിനും ഈ വിധി കൂടുതൽ കരുത്താകും. തുടർച്ചയായി രണ്ടാഴ്‌ച്ചയോളം സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുത്തലാഖ് സംബന്ധിച്ച ഹർജികളിൽ വാദം കേട്ടു. വാദങ്ങൾക്കിടെ പലപ്പോഴും മുത്തലാഖിനെതിരെ രൂക്ഷവിമർശനമാണ് കോടതിയിൽ നിന്നുയർന്നത്. ഈ വികാരം ശരിവയ്ക്കുന്നതാണ് ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ അഭിപ്രായവും.

മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി വാദത്തിനിടെ നിരീക്ഷിച്ചു. മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും സുപ്രീംകോടതി ഒരുഘട്ടത്തിൽ സുപ്രീംകോടതി പറഞ്ഞിരുന്നു. മുത്തലാഖിന് നിയമപരമായി സാധുതയുണ്ടെന്ന് വാദിക്കുന്ന വിവിധ ചിന്താധാരകളിൽപ്പെട്ടവരുണ്ടാകാം. എന്നാൽ, മുസ്ലിങ്ങൾക്കിടയിലെ ഏറ്റവും നീചമായ വിവാഹമോചനമാണ് അതെന്നായിരുന്നു കോടതിയുടെ നേരത്തെയുള്ള നിരീക്ഷണവും. മുത്തലാഖ് കോടതിയുടെ പരിഗണന ആവശ്യമുള്ള വിഷയമല്ലെന്നും ഇതിനെ സ്ത്രീകൾക്ക് എതിർക്കാനാകുമെന്നും കേസിൽ കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതും ഭൂരിപക്ഷം അംഗീകരിച്ചില്ല. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കേസിൽ ഒരു കക്ഷിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാം ജേഠ്മലാനിയുടേയും വാദം.

മുത്തലാഖിനുള്ള അവകാശം പുരുഷനുമാത്രമാണുള്ളത്. ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങൾക്ക് എതിരാണത് എന്നതിനാൽ മുത്തലാഖ് റദ്ദാക്കണമെന്ന് അദ്ദേഹം സുപ്രീംകോടതിയെ ബോധിപ്പിച്ചു. മുത്തലാഖ് സ്ത്രീവിരുദ്ധമായ ഒരു നിയമമാണെന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാട്. മുത്തലാഖ് സുപ്രീംകോടതി നിരോധിക്കുന്ന പക്ഷം പുതിയ നിയമം ഉണ്ടാക്കാൻ തയ്യാറാണെന്നും ഇക്കാര്യത്തിൽ മുസ്ലിം മതവിശ്വാസികൾക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ 1400 വർഷമായി പിന്തുടർന്നു പോരുന്ന ഒരു നിയമമാണ് മുത്തലാഖെന്നും പെട്ടെന്നൊരു ദിവസം മുത്തലാഖ് എടുത്തു കളയുവാൻ സാധിക്കില്ലെന്നും മുസ്ലിം പേഴ്‌സണൽ ബോർഡ് സുപ്രീംകോടതിയിൽ വാദിച്ചു. ഇത് അംഗീകരിക്കാൻ ഭൂരിപക്ഷം തയ്യാറായതുമില്ല.

വാട്‌സാപ്പിലൂടെ മൊഴി ചൊല്ലിയതടക്കമുള്ള സംഭവങ്ങൾ സുപ്രീംകോടതിയിൽ ഉന്നയിക്കെപ്പടുകയും ചെയ്തു. 1954-ൽ സെപ്ഷ്യൽ മാര്യേജ് ആക്ട് നിലവിൽ വന്നശേഷവും 1934-ൽ മുസ്ലീ പേഴ്‌സണൽ ലോ അനുസരിച്ച് മുന്നോട്ട് പോകണമെന്ന നിലപാടാണ് മുസ്ലിം വ്യക്തി ബോർഡ് ഉന്നയിക്കുന്നത്. എന്നാൽ എകസിവിൽ കോഡ് എന്ന വാദത്തെ ശക്തിപ്പെടുത്തും എന്ന ഭയം അവർ പങ്കുവയ്ക്കുന്നുണ്ട്. ഇതൊന്നും കോടതി പരിഗണിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP