Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാരെ എസ്എഫ്‌ഐക്കാർ നടുറോഡിൽ മർദ്ദിച്ച സംഭവം: നസീം അടക്കം അഞ്ച് പ്രതികൾക്കെതിരെ കുറ്റം ചുമത്തും; ഹാജരാകാൻ ഉത്തരവിട്ടു കോടതി; ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി കുടുങ്ങിയത് സംസ്ഥാന മന്ത്രിമാർക്കൊപ്പം പൊതുവേദി പങ്കിട്ടത് മാധ്യമ വിമർശനത്തിന് ഇടയായപ്പോൾ; മുഖ്യപ്രതിയെ പ്രതിയെ അഞ്ചാം പ്രതിയാക്കി തലോടലും

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാരെ എസ്എഫ്‌ഐക്കാർ നടുറോഡിൽ മർദ്ദിച്ച സംഭവം: നസീം അടക്കം അഞ്ച് പ്രതികൾക്കെതിരെ കുറ്റം ചുമത്തും; ഹാജരാകാൻ ഉത്തരവിട്ടു കോടതി; ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി കുടുങ്ങിയത് സംസ്ഥാന മന്ത്രിമാർക്കൊപ്പം പൊതുവേദി പങ്കിട്ടത് മാധ്യമ വിമർശനത്തിന് ഇടയായപ്പോൾ; മുഖ്യപ്രതിയെ പ്രതിയെ അഞ്ചാം പ്രതിയാക്കി തലോടലും

പി നാഗരാജ്

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് നഗര മധ്യത്തിലെ പാളയം നടുറോഡിൽ വച്ച് എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുൻ എസ് എഫ് ഐ നേതാവടക്കം 5 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കുറ്റം ചുമത്തുന്നതിന് അഞ്ച് പ്രതികളും സെപ്റ്റംബർ 22 ന് കോടതിയിൽ ഹാജരാകാനാണുത്തരവ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരമാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഉള്ള എസ് എഫ് ഐ പ്രവർത്തകരായ ആരോമൽ , അഖിൽ , ഹൈദർ , ശ്രീജിത്ത് , യൂണിവേഴ്‌സിറ്റി കോളെജിലെ കത്തിക്കുത്ത് കേസിലെ പ്രധാന പ്രതിയും പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും മുൻ എസ് എഫ് ഐ നേതാവുമായ പി.ജി. വിദ്യാർത്ഥി അമ്പലത്തറ കല്ലാട്ടു മുക്ക് മുസ്ലിം പള്ളിക്ക് സമീപം റ്റി.സി. 48/198 ൽ നസീം ( 26 ) എന്നിവരാണ് പൊലീസാക്രമണ കേസിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾ.

2018 ഡിസംബർ പന്ത്രണ്ടിന് പട്ടാപ്പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പൊലീസ് ഓഫീസർമാരെയാണ് യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.എഫ്.ഐക്കാർ മൃഗീയമായും പൈശാചികമായും മർദ്ദിച്ചത്. ഇതിൽ പൊലീസുകാരെ കൂടുതൽ ആക്രമിച്ചത് നസീമാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിനാണ് പൊലീസുകാരായ വിനയചന്ദ്രൻ , ശരത് എന്നിവരെ വളഞ്ഞിട്ട് മർദിച്ചത്. എഫ്.ഐ.ആറിൽ വെള്ളം ചേർത്ത് കേസിന് ബലം കുറക്കാൻ ആശുപത്രിയിൽ ചികിത്സ തേടിയ പൊലീസുകാരെ സി പി എം നേതാക്കളുടെ ഭീഷണിയിലും സ്വാധീനത്തിലും മെഡിക്കൽ കോളേജധികൃതർ ചികിത്സ പൂർത്തിയാകാതെ തന്നെ നിർബന്ധിത ഡിസ്ചാർജ് നൽകി വിട്ടയച്ചത് വിവാദമായിരുന്നു. ഇരകളായ പൊലീസിനൊപ്പം നിൽക്കേണ്ട ഇടത്‌പൊലീസ് സംഘടന പ്രതികൾക്ക് ഒപ്പം നിന്നത് പൊലീസ് സേനക്കകത്ത് നിന്ന് തന്നെ സംഘടനക്കെതിരെ എതിർപ്പ് ഉയർന്നു വന്നിരുന്നു. ഇടത് സംഘടന പ്രതികൾക്കൊപ്പം നിൽക്കുന്നത് സത്യസന്ധമായി ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മനോവീര്യം കെടുത്തുമെന്ന വിമർശനമാണ് സേനക്കകത്ത് നിന്നും ഉണ്ടായത്.

ആറു പേരെ പ്രതി ചേർത്താണ് കന്റോൺമെന്റ് പൊലീസ് കേസ് എടുത്ത് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞ് ഏറെ നാളായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് മാധ്യമ വാർത്തയായപ്പോൾ ഉന്നത സി പി എം നേതാക്കളുടെ സ്വാധീനത്തിൽ കന്റോൺമെന്റ് പൊലീസിന്റെ ഒത്താശയോടെ ആദ്യ നാല് പ്രതികൾ പൂജപ്പുര സ്റ്റേഷനിൽ കീഴടങ്ങൽ നാടകത്തിലൂടെ ഹാജരായി. പ്രതികളെല്ലാം അറസ്റ്റ് ഭയന്ന് ഒളിവിലാണെന്ന് തുടക്കം മുതലേ കന്റോൺമെന്റ് പൊലീസ് വെളിപ്പെടുത്തുകയായിരുന്നു.

എന്നാൽ മുഖ്യപ്രതിയായ യുണിവേഴ്‌സിറ്റി കോളേജിലെ പി.ജി.വിദ്യാർത്ഥിയായ നസീം പൊലീസ് തണലിൽ നഗരത്തിൽ തന്നെ വിലസിയിട്ടും ഉന്നത സ്വാധീനത്താൽ അറസ്റ്റ് നടന്നില്ല. അതേ സമയം 2019 ജനുവരി അവസാനം യൂണിവേഴ്സിറ്റി കോളേജിൽ സംസ്ഥാനത്തെ രണ്ടു മന്ത്രിമാർ പങ്കെടുത്ത പരിപാടിയിൽ നസീം വേദി പങ്കിട്ടു. ഇത് ചിത്രങ്ങൾ സഹിതം മാധ്യമങ്ങളിലൂടെ പുറത്ത് വന്നു. ഇതോടെ മുഖം രക്ഷിക്കാനായി നസീം കീഴടങ്ങിയതായി വരുത്തിത്തീർത്ത് കന്റോൺമെന്റ് സ്റ്റേഷനിൽ ജനുവരി 30 ന് ഹാജരാകുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP