Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസ്; കുറ്റം ചുമത്താനായി 23 പ്രതികളെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം; ഒളിവിൽ പോയ പതിനാറാം പ്രതി സെയിൽസ് സ്റ്റാഫിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

50 കോടി രൂപയുടെ ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസ്; കുറ്റം ചുമത്താനായി 23 പ്രതികളെയും ഹാജരാക്കാൻ ക്രൈംബ്രാഞ്ചിന് കോടതി നിർദ്ദേശം; ഒളിവിൽ പോയ പതിനാറാം പ്രതി സെയിൽസ് സ്റ്റാഫിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അ‍ഡ്വ. പി നാ​ഗരാജ്

തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്നായി അമ്പതു കോടിയിലധികം രൂപ തട്ടിയെടുത്ത ' ടോട്ടൽ ഫോർ യു ' നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യ പ്രതി ശബരിനാഥടക്കം 23 പ്രതികളെയും കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിനോട് ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളെ സെപ്റ്റംബർ 30 ന് ഹാജരാക്കാനാണുത്തരവ്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പതിനാറാം പ്രതിയും സ്ഥാപനത്തിലെ സെയിൽസ് ജീവനക്കാരനുമായ സനലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

2007 - 08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പിന് കളമൊരുക്കിയത്. സ്റ്റാച്യു ഗവ. സെക്രട്ടറിയേറ്റിനെതിർവശം കാപ്പിറ്റൽ സെൻറർ ബിൽഡിംഗിലും മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലും ' ടോട്ട് ടോട്ടൽ ' എന്ന പേരിലും , പടിഞ്ഞാറേക്കോട്ട പുന്നപുരം റാം ടവേഴ്സിൽ ' ഐ നെസ്റ്റ് ' , ' ടോട്ടൽ ഫോർ യു ' എന്നീ പേരുകളിലും , പാളയം പഞ്ചാപ്പുര റോഡിൽ ' എസ്. ജെ. ആർ. ഗ്രൂപ്പ് ' എന്ന പേരിലും തട്ടിപ്പ് സ്ഥാപനങ്ങൾ തുടങ്ങിയാണ് കോടികൾ കൈക്കലാക്കി ജനങ്ങളെ വഞ്ചിച്ചത്.

തങ്ങൾക്ക് ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ ലൈസൻസ് ഉണ്ടെന്നും നിക്ഷേപത്തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 മുതൽ 80 % വരെയുള്ള സമ്പത്തിക വളർച്ചാ പദ്ധതിയിൽ 30, 40,60,90 തുടങ്ങിയ ദിവസങ്ങൾക്കും പല വർഷക്കാലാവധിക്കുമുള്ള സ്ഥിര നിക്ഷേപ പദ്ധതിയുണ്ടെന്നും കാലാവധി കൂടുന്തോറും വളർച്ചാ നിരക്കും കൂടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ന്യായമായ പണമാണ് തരുന്നതെന്നും ജനങ്ങളുടെ നിക്ഷേപത്തുക തങ്ങൾ ഷെയർ മാർക്കറ്റ് , മ്യൂച്വൽ ഫണ്ട് , ക്രൂഡ് ഓയിൽ കമ്പനി , വെള്ളി കമ്പനി എന്നിവിടങ്ങളിൽ നിക്ഷേപിച്ച് അതിൽ നിന്നുള്ള ലാഭവിഹിതമാണ് തരുന്നതെന്നും നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു കോടികൾ വഞ്ചിച്ചെടുത്തത്. മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ ശബരിനാഥിന്റെ പേരിൽ സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിന്റെ തിരുവനന്തപുരം ശാഖയിൽ 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉള്ളതായ വ്യാജ സ്ഥിര നിക്ഷേപ രസീതുകൾ കാട്ടിയാണ് വൻ കിട നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തത്.

' ടോട്ടൽ ഫോർ യു ' ധന കാര്യ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറും പാർട്ട്ണറുമായ അതിയന്നൂർ കൊടങ്ങാവിള ശരദാ വിലാസം വീട്ടിൽ ശബരിനാഥ് ( 21) , മെഡിക്കൽ കോളേജ് ചാലക്കുഴി റോഡിൽ മുണ്ടക്കൽ അർക്കേഡ് ബിൽഡിംഗിലുള്ള ' നെസ്റ്റ് ഇൻവെസ്റ്റ്മെന്റ് സൊല്യൂഷൻസ് ' ജനറൽ മാനേജർ ബിന്ദു മഹേഷ് ( 32 ) , സിഡ്കോ സീനിയർ മാനേജർ ചന്ദ്രമതി അമ്മ ( 50 ) , ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക് (35) , ശബരിയുടെ പിതാവും നെസ്റ്റ് ഇൻവെസ്റ്റ്‌മെന്റ്' സൊല്യൂഷൻസ് എന്ന നാമധേയത്തിൽ വഞ്ചിയൂർ രജിസ്ട്രാർ ഓഫ് ഫേംസ് മുമ്പാകെ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ശബരിയോടൊപ്പം പാർട്ണറും സ്ഥാപനങ്ങളുടെ ഡയറക്ടറുമായ കൊടങ്ങാവിള ശാരദാ വിലാസത്തിൽ രാജൻ ( 50 ) , പടിഞ്ഞാറേ കോട്ട പുന്നപുരം റാം ടവേഴ്സിൽ പ്രവർത്തിച്ച ' ഐ നെസ്റ്റ് ' സ്ഥാപനത്തിൽ ഡോക്യുമെന്റേഷൻ ഹെഡ്ഡായ ബിന്ദു സുരേഷ് ( 30 ) , തിരുവനന്തപുരം ധനലക്ഷ്മി ബാങ്ക് മാനേജരും ടോട്ടൽ സ്ഥാപനങ്ങളുടെ അക്കൗണ്ട് കാര്യങ്ങൾ നോക്കിയിരുന്നതും ക്യാൻവാസിങ് ഏജന്റുമായ ഹേമലത ( 50 ) , ഹേമലതയുടെ മകളും ശബരിനാഥിന്റെ സ്നേഹിതയും എയർഹോസ്റ്റസും ക്യാൻവാസിങ് ഏജന്റുമായ ലക്ഷ്മി മോഹൻ ( 28 ) , പുന്നപുരം ' ഐനെസ്റ്റിൽ ' ബ്രാഞ്ച് മാനേജരായി നിയോഗിക്കപ്പെട്ട മിലി. എസ്. നായർ ( 38 ) , ടോട്ടൽ സ്ഥാപനങ്ങളുടെ ധന കാര്യ ഉപദേഷ്ടാവ് കൊല്ലം അശ്വനി ഹോസ്പിറ്റൽ ഉടമ ഡോ. രമണി ( 38 ) , കേരളാ ഗവ. സെക്രട്ടറിയേറ്റിൽ നിന്നും അണ്ടർ സെക്രട്ടറി തസ്തികയിൽ വിരമിച്ചതും സ്റ്റാച്യു കാപ്പിറ്റൽ ടവറിൽ ടോട്ട് ടോട്ടലിലും തുടർന്ന് പുന്നപുരം ഐ നെസ്റ്റിലും ബ്രാഞ്ച് മാനേജരായ അഥീലാബീവി ( 58 ) , പട്ടം ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ വിനോദ് (35 ) , നെസ്റ്റിലെ സീനിയർ സെയിൽസ് മാനേജർ ഫെനി ഫെലിക്സ് ( 32 ) , നെസ്റ്റിലെ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ രാഹുൽ ( 33 ) , പുന്നപുരം ഐ നെസ്റ്റിലെ സെയിൽസ് മാനേജർ ജിജേഷ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ സെയിൽസ് സ്റ്റാഫ് സനൽ ( 30 ) , ടോട്ടൽ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവും ഏജൻറുമായ അവീഷ് ശിവ പ്രസാദ് ( 30 ) , ചാലക്കുഴി നെസ്റ്റിലെ ബ്രാഞ്ച് മാനേജർ ബിനീഫ് ( 32 ) , ടോട്ടൽ സ്ഥാപനങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറും അഡ്വക്കേറ്റുമായ സുരേഷ് കുമാർ ( 39 ) , വഴുതക്കാട് ധനലക്ഷ്മി ബാങ്ക് ശാഖയിൽ എൻ ആർ ഐ ബ്രാഞ്ച് മാനേജരും കാൻവാസിങ് ഏജൻറുമായ ബൈജു ( 40 ) , ഏജന്റുമാരായ സെയ്ദലി ( 40 ) , ആദർശ് ലാൽ ( 38 ) , മാലാ നായർ ( 37 ) എന്നിവരാണ് ടോട്ടൽ നിക്ഷേപ തട്ടിപ്പു കേസിലെ 1 മുതൽ 23 വരെയുള്ള പ്രതികൾ.

ശബരി മാനേജിങ് ഡയറക്ടറായും പിതാവ് രാജൻ ഡയറക്ടറായും എസ്.ജെ.ആർ റിസോർട്ട്സ് ആൻഡ് ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്ട്രാർ ഓഫ് കമ്പനീസിൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനങ്ങൾ രജിസ്റ്റേഡ് കമ്പനി ആണെന്ന ധാരണ നിക്ഷേപകരിൽ ഉളവാക്കി. ശബരി 2007 നവംബർ 23 ന് സെഞ്ചൂറിയൻ ബാങ്ക് തിരുവനന്തപുരം ശാഖയിൽ തന്റെ പേരിൽ തുറന്ന ഒരു കറന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപം നടത്താൻ കഴിയില്ലെന്നിരിക്കെ ശബരിയും പിതാവും സെഞ്ചൂറിയൻ ബാങ്ക് ഓഫ് പഞ്ചാബിൽ നിന്നും സ്ഥിര നിക്ഷേപ രസീതുകൾ ഏതോ വിധത്തിൽ എടുത്ത് കറന്റ് അക്കൗണ്ട് തുടങ്ങും മുമ്പുള്ള തീയതികളിലായി 50 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഈ ബാങ്കിൽ ഉണ്ടെന്ന് വ്യാജമായി ചമച്ചും , ഈ രസീതുകളുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പുകൾ ഡോ. രമണിയെയും പ്രമോദ് ഐസക്കിനെയും ഏൽപ്പിച്ചും അവർ ഇത് വ്യാജമാണെന്നറിഞ്ഞു കൊണ്ട് അസ്സലിന്റെ പകർപ്പാണെന്ന് നിക്ഷേപകരെ കാണിച്ച് പ്രേരിപ്പിച്ച് നിക്ഷേപം സ്വീകരിച്ചു. ഇത്തരത്തിൽ സ്വരൂപിച്ച 50 കോടിയിൽപരം രൂപയിൽ നിന്നും 2.25 കോടി രൂപ ചെലവഴിച്ച് ശബരി തന്റെ പേരിൽ 15 ആഡംബര കാറുകൾ വാങ്ങി. മറ്റു 4 ആഡംബര കാറുകൾ ചന്ദ്രമതി , രാജൻ , ഹേമലത , ലക്ഷ്മി മോഹൻ എന്നിവരുടെ പേരിൽ വാങ്ങി നൽകി.

കുമാരപുരത്ത് 462 ഏക്കർ വസ്തു വില വാങ്ങുന്നതിന് 4.62 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ ഉടമക്ക് അഡ്വാൻസ് നൽകി. 10 സെന്റ് വസ്തു 45 ലക്ഷം രൂപ വില സമ്മതിച്ച് 15 ലക്ഷം രൂപ ഉടമക്ക് അഡ്വാൻസ് നൽകി. 9.94 സെന്റ് വസ്തുവും വീടും 1.4 കോടി രൂപ വില സമ്മതിച്ച് 70 ലക്ഷം രൂപ അഡ്വാൻസ് നൽകി.ശബരിയുടെ സ്വപ്ന പദ്ധതിക്കായി മലയിൻകീഴ് പിടാരത്തുള്ള 8. 22 ഏക്കർ വസ്തു 4.11 കോടി രൂപ വില സമ്മതിച്ച് 2 കോടി 11 ലക്ഷം രൂപ അഡ്വാൻസ് നൽകി. മറ്റൊരു വീടും വസ്തുവും 1. 5 കോടി രൂപ വില സമ്മതിച്ച് 60 ലക്ഷം രൂപ അഡ്വാൻസ് നൽകി കരാറുകളിൽ ഏർപ്പെട്ടു.

കുട്ടനാടുള്ള സിനിക് വില്ല വില വാങ്ങുന്നതിന് 2 കോടി രൂപ വില സമ്മതിച്ച് 50 ലക്ഷം രൂപ അഡ്വാൻസ് നൽകി. മണക്കാട് വില്ലേജിൽ കരമന കാലടിയിൽ 26 ലക്ഷം രൂപക്ക് 6 സെൻറ് വില വാങ്ങി. വസ്തു വകകൾ വാങ്ങുന്നതിന് ബ്രോക്കർ ഫീസായി 36 ലക്ഷം രൂപയും കൈ വായ്പയായി 8 ലക്ഷം രൂപയും നൽകി. എറണാകുളം വൃന്ദാവൻ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റ് 9, 000 രൂപ മാസ വാടകയിൽ ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ഹേമലതക്കും ലക്ഷ്മി മോഹനും താമസിക്കുന്നതിനായി വാടകക്ക് ഏറ്റെടുത്തു. ഈ ഫ്ലാറ്റിൽ അവരോടൊപ്പം പല ദിവസങ്ങളിലും ശബരി താമസിച്ചതായും ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ട്. ടോട്ടൽ സ്ഥാപനങ്ങളുടെ ഓഫീസുമുറികൾക്കായി 7.15 ലക്ഷം രൂപ അഡ്വാൻസും 33, 000 രൂപ നിരക്കിൽ മാസ വാടക നൽകി. ശബരിയുടെ താമസത്തിന് കവടിയാർ ക്യൂൻസ് വെ പോയിന്റിലെ ഐ ഒ ബി ഫ്ലാറ്റിന് 20, 000 മാസവാടകയിൽ 2, 40, 000 രൂപ അഡ്വാൻസ് നൽകി. ശബരിയുടെ കൊടങ്ങാവിളയിലെ വീട് മോടി പിടിപ്പിക്കാനായി 25 ലക്ഷം രൂപ ചെലവഴിച്ചു.

ലക്ഷ്മി മോഹന് 25 ലക്ഷം രൂപ വില വരുന്ന സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകി. ആലപ്പുഴ കൺട്രി വെക്കേഷണൽ ഹോളിഡേ ക്ലബ്ബ് അംഗത്വം നേടാൻ 1. 35 ലക്ഷം രൂപ ചെലവഴിച്ചു. കൂട്ടുപ്രതികളുടെ പേരിൽ നിക്ഷേപങ്ങൾ നടത്തി പണാപഹരണം നടത്തിയതായും മറ്റു പ്രതികൾ നിക്ഷേപകരെ പ്രലോഭിപ്പിച്ച് തുകകൾ നിക്ഷേപിപ്പിച്ച് കമ്മീഷൻ ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയതായും റബ്ബർഎസ്‌റ്റേറ്റ് , വസ്തുവകകൾ , ആഡംബര കാറുകൾ എന്നിവയടക്കം വാങ്ങിക്കൂട്ടി ഗൂഢാലോചനയിലും വഞ്ചനയിലും പങ്കാളികളയായതായും കുറ്റപത്രത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി പി. രഘു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരുവനന്തപുരം അഡീ. സി .ജെ.എം കോടതിയിൽ പ്രതികൾക്കെതിരെ 11 കേസുകളിലായി 11 കുറ്റപത്രങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (കുറ്റകരമായ ഗൂഢാലോചന , 109 (കുറ്റകൃത്യത്തിന് പ്രേരണയും സഹായവും ചെയ്യൽ ) , 406 (കുറ്റകരമായ ട്രസ്റ്റ് ലംഘനം ) , 409 ( ബാങ്കറോ ഏജന്റോ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തൽ ) , 420 ( ചതിക്കുകയും പണം നൽകാൻ നേരുകേടായി പ്രചോദിപ്പിച്ച് പണം കൈക്കലാക്കുകയും ചെയ്യൽ ) , 465 ( വ്യാജ നിർമ്മാണം ) , 468 ( ചതിക്കുന്നതിനു വേണ്ടിയുള്ള വ്യാജ നിർമ്മാണം ) , 471 (വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ ) , 34 (കുറ്റകൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായും നിന്ന് പ്രവർത്തിച്ചുള്ള കൂട്ടായ്മ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP