Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തെ ഞെട്ടിച്ച തുമ്പ പൊലീസ് വെടിവെപ്പ് കേസിൽ രണ്ട് പൊലീസുകാർ കൂറുമാറി; 116 പ്രതികളിൽ ഒരാളെ പോലും അറിയില്ലെന്നും മൊഴി; സേനയിൽ നിന്നും വിരമിച്ചതിനാൽ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണോ മൊഴി മാറ്റമെന്നും പ്രോസിക്യൂഷന്റെ ചോദ്യം; തുമ്പ വെടിവെപ്പ് കേസിന്റെ നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്

കേരളത്തെ ഞെട്ടിച്ച തുമ്പ പൊലീസ് വെടിവെപ്പ് കേസിൽ രണ്ട് പൊലീസുകാർ കൂറുമാറി; 116 പ്രതികളിൽ ഒരാളെ പോലും അറിയില്ലെന്നും മൊഴി; സേനയിൽ നിന്നും വിരമിച്ചതിനാൽ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണോ മൊഴി മാറ്റമെന്നും പ്രോസിക്യൂഷന്റെ ചോദ്യം; തുമ്പ വെടിവെപ്പ് കേസിന്റെ നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്

പി.നാഗരാജ്

തിരുവനന്തപുരം: തുമ്പ പൊലീസ് വെടിവെയ്‌പ്പ് കേസിൽ ദൃക്‌സാക്ഷികളായ തുമ്പ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് കോൺസ്റ്റബിൾമാർ കൂറുമാറി പ്രതി ഭാഗം ചേർന്നു. വിചാരണ കോടതിയായ തിരുവനന്തപുരം അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി കവിതാ ഗംഗാധരന് മുന്നിലാണ്  പൊലീസ് കോൺസ്റ്റബിൾമാരായ രാധാകൃഷ്ണൻ നായരും ബാഹുലേയനും ആദ്യ പൊലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർന്നത്. പ്രതിക്കൂട്ടിൽ നിന്ന 116 പ്രതികളിൽ ഒരാളെ പോലും അറിയില്ലെന്നും മൊഴി നൽകി.

പ്രതികൾ വാൾ, ചുരുട്ടുവാൾ, മഴു, പങ്കായം, ഉഗ്ര സ്‌ഫോടക ശേഷിയുള്ള ബോംബ്, കല്ല്, കമ്പി എന്നീ മാരകായുധങ്ങളുപയോഗിച്ച് പൊലീസുദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊലീസ് ജീപ്പ് , ഹെൽമറ്റ് , ഷീൽഡ് എന്നിവ തല്ലിത്തകർക്കുകയും ചെയ്തു. പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം രണ്ടു കോൺസ്റ്റബിൾമാരും മൊഴി കൊടുത്തിരുന്നു. കുറ്റപത്രത്തോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കിയ ഈ മൊഴിയാണ് പൊലീസുകാർ കോടതിയിൽ തിരുത്തിയത്.

അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ജയച്ചന്ദ്രൻ ദീർഘനേരം ക്രോസ് ചോദ്യം ചോദിച്ചിട്ടും കൂറുമാറിക്കൊണ്ടുള്ള ചീഫ് വിസ്താര മൊഴിയിൽ ഇരുവരും ഉറച്ചു നിന്നു. ഇരുവരും പൊലീസ് സേനയിൽ നിന്ന് വിരമിച്ചതിനാൽ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങിയാണോ മൊഴി മാറ്റമെന്ന ചോദ്യത്തിന് അല്ലായെന്ന് ഇരുവരും മറുപടി നൽകി. രണ്ടു പൊലീസുകാരും പ്രോസിക്യൂഷൻ ഭാഗം 33 -ഉം 35 ഉം സാക്ഷികളാണ്.

കഴക്കൂട്ടം മേനംകുളം ഫാത്തിമ തുമ്പ കടൽ പുറം താമസക്കാരായ ഷാജി, വർഗ്ഗീസ് , റോബിൻസൺ , ചാൾസ് , റിനു , കസ്ബർ , ജോസഫ് പെരേര , അൽഫോൻസ് എന്നിവരടക്കം 116 പ്രതികളാണ് പൊലീസ് വധശ്രമക്കേസിൽ വിചാരണ നേരിടുന്നത്. 2001 ഡിസംബർ 28 പകൽ 11.30 നാണ് സംസ്ഥാനം നടുങ്ങിയ പൊലീസ് വെടിവെയ്‌പ്പ് നടന്നത്. വെടിവെയ്‌പ്പിൽ വർഗ്ഗീസ് എന്ന മൽസ്യ തൊഴിലാളി മരണപ്പെട്ടു.

കടപ്പുറത്തെ ഒരു പെൺകുട്ടിയെ മറ്റൊരു തുറയിലെ യുവാവ് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് ഇരുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. നിയന്ത്രിക്കാനായി എത്തിയ ഏ.ആർ. ക്യാമ്പിലെ രണ്ട് പൊലീസുകാർ ആക്രമണം ഭയന്ന് പ്രാണ രക്ഷാർത്ഥം ചായ്പിൽ പതുങ്ങിയിരുന്നു. തുടർന്ന് മാരകായുധങ്ങളുമായി ലഹളക്കാർ സംഘടിച്ച് രാജീവ്‌നഗർ റോഡുപരോധിച്ചു.

കാണാതായ രണ്ടു പൊലീസുകാരെ കണ്ടെത്താനും ക്രമ സമാധാനം പരിപാലിക്കാനുമായി സിറ്റി പേലീസ് കമ്മീഷണർ രാജൻ സിംഗിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി. എന്നാൽ അക്രമകാരികൾ പൊലീസിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് കമ്മീഷണർ വെടി വെക്കാൻ നിർദ്ദേശിച്ചത്. 2003 ഓഗസ്റ്റ് 3 നാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് അസി. കമ്മീഷണർ റ്റി. ജെയിംസ് വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചതിനും 116 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP