Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സിബിഎസ്ഇയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫലം ഓഗസ്റ്റ് 17നകം പ്രഖ്യാപിക്കാൻ ഉത്തരവ്

അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സിബിഎസ്ഇയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫലം ഓഗസ്റ്റ് 17നകം പ്രഖ്യാപിക്കാൻ ഉത്തരവ്

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സിബിഎസ്ഇയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 17നകം അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തി ഫലം പ്രഖ്യപിക്കണമെന്ന് സിബിഎസ്ഇക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി.

പരീക്ഷ നടത്താൻ മൂന്ന് മാസം സമയം വേണമെന്ന സിബിഎസ്ഇയുടെ ആവശ്യം തള്ളിയാണ് സുപ്രീംകോടതി ആറാഴ്ച സമയം അനുവദിച്ചത്. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ വീണ്ടും നടത്താൻ മൂന്ന് മാസം കൂടെ സമയം ദീർഘിപ്പിച്ച് നൽകണമെന്നായിരുന്നു സിബിഎസ്ഇ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്.

നാലാഴ്ചയ്ക്കകം പരീക്ഷ വീണ്ടും നടത്താനായിരുന്നു പരീക്ഷ റദ്ദാക്കിയ വേളയിൽ കോടതിയുടെ ഉത്തരവ്. എന്നാൽ നാലാഴ്ചയ്ക്കകം പരീക്ഷ നടത്താൻ കഴിയില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു. തുടർന്ന് പരീക്ഷ എപ്പോൾ നടത്തിയാലും വേണ്ടില്ല ഫലം ഓഗസ്റ്റ് 17നകം പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടത്.

ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷയാണെന്നും ചോദ്യപേപ്പർ തയ്യാറാക്കാനും മറ്റും സമയമെടുക്കുമെന്നും സിബിഎഇ വാദിച്ചു. അവധിക്കാലമായതിനാൽ ചോദ്യാവലി തയ്യാറാക്കാൻ അദ്ധ്യാപകരെ കിട്ടാൻ ബുദ്ധിമുട്ടാണെന്നും സിബിഎസ്ഇക്ക് വേണ്ടി ഹാജരായ അന്റോർണി ജനറൽ മുകൾ റോത്തക്കി വ്യക്തമാക്കി. എന്നാൽ സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ച കാലത്ത് ഇത്തരം വാദത്തിന് പ്രസക്തിയില്ലെന്ന് ജസ്റ്റിസ് ആർ കെ അഗർ വാൾ അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും വിദ്യാർത്ഥികളും മൂന്ന് മാസം വേണമെന്ന ആവശ്യത്തെ എതിർത്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനം അഖിലേന്ത്യാ ക്വോട്ടയാണ്. 85 ശതമാനം സീറ്റുകളിലാണ് സംസ്ഥാന എൻട്രൻസ് പട്ടികയിൽ നിന്ന് പ്രവേശനം നൽകുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന മെഡിക്കൽ പ്രവേശനത്തെയും പരീക്ഷ വൈകുന്നത് ബാധിക്കുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

ഉത്തര സൂചിക ചോർന്നതിനെ തുടർന്നാണു മെയ് മൂന്നിന് നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. ഓഗസ്റ്റ് 17 നകം ഫലം പ്രഖ്യാപിച്ചാലും ഈ വർഷത്തെ മെഡിക്കൽ പ്രവേശന നടപടികൾ ഏറെ വൈകിയേക്കും.

കഴിഞ്ഞ 15 നാണ് അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷ കോടതി റദ്ദാക്കിയത്. രാജ്യത്ത് 6.3 ലക്ഷം വിദ്യാർത്ഥികളാണു പരീക്ഷയെഴുതിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും സർവകലാശാലകളിലെയും 15 ശതമാനം മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിനായാണ് അഖിലേന്ത്യാ പ്രീ മെഡിക്കൽ പ്രവേശനപ്പരീക്ഷ നടത്തുന്നത്. ചോദ്യപ്പേപ്പറുകൾ ചോർന്ന സാഹചര്യത്തിൽ പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് തൻവി സർവാൽ, ജാൻവി ശങ്കർ എന്നിവരും മറ്റു വിദ്യാർത്ഥികളും ചേർന്ന് നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ ചോദ്യപ്പേപ്പറുകൾ ചോർത്തുകയും മൊബൈലിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും ഉത്തരങ്ങൾ ലഭ്യമാക്കുകയും ചെയ്തുവെന്നാണ് ആരോപണം. 44പേർ ഇതിന്റെ പ്രയോജനം നേടിയതായി കോടതി കണ്ടെത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP