Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയോധ്യ കേസിലെ വിധിയിൽ ഇനിയൊരു പുനരാലോചന ഇല്ല; വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തള്ളി; തള്ളിയത് ജംയത്തുൽ ഉലുമ ഇ ഹിന്ദും വിശ്വഹിന്ദ് പരിഷത്തും 40 അക്കാദമിക വിദഗ്ധരും അടക്കം സമർപ്പിച്ച 18 ഹർജികൾ; ഹർജിയിൽ പുതിയ നിയമവശങ്ങൾ ഒന്നും ഉന്നയിച്ചിട്ടല്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച്; തർക്ക ഭൂമിയായ 2.77 ഏക്കറിൽ ക്ഷേത്രം നിർമ്മിക്കൻ അനുമതി നൽകിയ വിധി നിലനിൽക്കും; മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമിയിൽ പള്ളി പണിയാം

അയോധ്യ കേസിലെ വിധിയിൽ ഇനിയൊരു പുനരാലോചന ഇല്ല; വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തള്ളി; തള്ളിയത് ജംയത്തുൽ ഉലുമ ഇ ഹിന്ദും വിശ്വഹിന്ദ് പരിഷത്തും 40 അക്കാദമിക വിദഗ്ധരും അടക്കം സമർപ്പിച്ച 18 ഹർജികൾ;  ഹർജിയിൽ പുതിയ നിയമവശങ്ങൾ ഒന്നും ഉന്നയിച്ചിട്ടല്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ച്; തർക്ക ഭൂമിയായ 2.77 ഏക്കറിൽ ക്ഷേത്രം നിർമ്മിക്കൻ അനുമതി നൽകിയ വിധി നിലനിൽക്കും; മുസ്ലീങ്ങൾക്ക് അഞ്ചേക്കർ ഭൂമിയിൽ പള്ളി പണിയാം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അയോധ്യ കേസിൽ പുനപ്പരിശോധനാ ഹർജിയുമായി പോയവർക്ക് കനത്ത തിരിച്ചടി. വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രീംകോടതി തള്ളി. 18 ഹർജികളാണ് പരമോന്നത കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേയുടെ ചേംബറാണ് 18 ഹർജികൾ തള്ളിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ ഡിൈവൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ, സഞ്ജിവ് ഖന്ന എന്നിവരാണ് പുനപ്പരിശോധനാ ഹർജികൾ പരിഗണിച്ചത്. നേരത്തെ വിധി പറഞ്ഞ ബെഞ്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയ് വിരമിച്ച ഒഴിവിൽ ജസ്റ്റിസ് ഖന്നയെ നിയമിക്കുകയായിരുന്നു.

ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ദ്ധർ എന്നിവരുടെ ഹർജികളും തള്ളിയവയിൽ ഉൾപ്പെടുന്നു. അയോധ്യാ ഭൂമി തർക്ക കേസിൽ പ്രധാന ഹർജിക്കാരായ സുന്നി വഖഫ് ബോർഡ് പുനപ്പരിശോധനാ ഹർജി സമർപ്പിച്ചിരുന്നില്ല. ഭൂരിഭാഗം ഹർജികളിലും വിധി പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിട്ടുള്ളത്. മതേതര മൂല്യങ്ങൾക്ക് എതിരാണ് വിധിയെന്നും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ആക്ഷേപമുണ്ട്.

ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ ഉച്ചയ്ക്ക് 1.40-ന് ചേർന്ന ബെഞ്ചാണ് രണ്ടര മണിക്കൂറോളം ഹർജികൾ പരിഗണിച്ചത്.തുറന്ന കോടതിയിൽ ഹർജികൾ കേൾക്കണമോ എന്നതായിരുന്നു ആദ്യം പരിഗണിച്ചത്. അയോധ്യ കേസിൽ നേരത്തെ ഉന്നയിക്കപ്പെടാതിരുന്ന എന്തെങ്കിലും പുതിയ വാദങ്ങൾ പുനഃപരിശോധനാ ഹർജിയിൽ ഉണ്ടോ എന്ന കാര്യമാണ് പിന്നീട് പരിശോധിച്ചത്. എന്നാൽ പുതിയ വിഷയങ്ങൾ ഒന്നും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹർജികൾ തള്ളാൻ കോടതി തീരുമാനിച്ചത്.

അയോധ്യ കേസിലെ വിധിയിൽ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ 40 അക്കാദമിക വിദഗ്ദ്ധർ സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം കക്ഷികൾക്ക് മസ്ജിദ് നിർമ്മിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചത് എന്നതിന് ഒരു തെളിവും ഇല്ലെന്ന് അക്കാദമിക വിദഗ്ധരുടെ ഹർജികളിൽ പറയുന്നു.

നവംബർ ഒമ്പതിനാണ് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോധ്യക്കേസിൽ ചരിത്ര വിധി പുറപ്പെടുവിച്ചത്. തർക്ക ഭൂമിയായ 2.77 ഏക്കറിൽ ക്ഷേത്രം നിർമ്മിക്കാമെന്നും അയോധ്യയിൽ തന്നെ പള്ളി നിർമ്മിക്കുന്നതിനായി മുസ്ലീങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിക്കണമെന്നുമായിരുന്നു വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളിൽ രൂപീകരിക്കുമെന്നും വിധിയിൽ പറയുന്നു. അയോധ്യ കേസിൽ ഒമ്പത് കക്ഷികളായിരുന്നു ഉണ്ടായിരുന്നത്. വിധിക്കു ശേഷം ഇവർ എല്ലാവരും പുനഃപരിശോധനാ ഹർജികൾ നൽകിയിരുന്നു. ഇതിനു പുറമേ പുതുതായി ഒമ്പത് കക്ഷികൾക്കൂടി പുനഃപരിശോധനാ ഹർജികൾ നൽകി.

പുനപ്പരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിയതോടെ അയോധ്യാ കേസിന് പൂർണമായ പരിസമാപ്തിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരുത്തൽ ഹർജി നൽകുന്ന എന്ന സാധ്യത നിയമപരമായി മുന്നിലുണ്ടെങ്കിലും അതിൽ തിരിച്ചൊരു തീരുമാനമുണ്ടാവാനിടയില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP