Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഭാഷകർ അടച്ചിട്ട ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചതായുള്ള വാർത്തകൾ വ്യാജമോ? സുപ്രീം കോടതി അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് അഭിഭാഷക അസോസിയേഷൻ

അഭിഭാഷകർ അടച്ചിട്ട ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചതായുള്ള വാർത്തകൾ വ്യാജമോ? സുപ്രീം കോടതി അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് അഭിഭാഷക അസോസിയേഷൻ

കൊച്ചി: അഭിഭാഷകർ അടച്ചിട്ട കേരള ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതായുള്ള വാർത്തകൾ വ്യാജമെന്നു റിപ്പോർട്ട്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും സുപ്രീം കോടതിയിൽ നിന്ന് അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

മീഡിയ റൂമിന്റെ കേടുപാടുകൾ തീർത്തു നൽകണമെന്നു കോടതി നിർദ്ദേശിച്ചതായും കേരള ഹൈക്കോടതിയിലെ സംഭവങ്ങൾ ഒട്ടും ആശാവഹമല്ലെന്നാണ് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂർ പറഞ്ഞതെന്നുമായിരുന്നു വാർത്തകൾ പുറത്തുവന്നത്.

കേരള ഹൈക്കോടതിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടു കെ.യു.ഡബ്ല്യു.ജെ നൽകിയ നിവേദനം പരിഗണിച്ചാണ് കോടതി നിർദ്ദേശമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ആക്ടിങ് ചീഫ് ജസ്റ്റിസിനും ഇത് സംബന്ധിച്ച് മേൽനോട്ടം വഹിക്കാൻ ജസ്റ്റിസ് കുര്യൻ ജോസഫിനും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയതായും വാർത്തകൾ വരുന്നതിനിടെയാണു ഹൈക്കോടതിയിലെ മീഡിയ റൂം പൂട്ടി തന്നെ കിടക്കുമെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ വ്യക്തമാക്കിയത്. ഹൈക്കോടതി ജസ്റ്റിസുമാരുടെ സാന്നിധ്യത്തിൽ ചേർന്നെടുത്ത തീരുമാനം നടപ്പാക്കുമെന്നും അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി മാദ്ധ്യമപ്രവർത്തകരെക്കുറിച്ചുണ്ടായിരുന്ന ധാരണ മുഴുവൻ തെറ്റിപ്പോയെന്നാണ് നിയമവിദഗ്ധൻ അഡ്വ. പി രാംകുമാർ പ്രതികരിച്ചത്. നുണ കൈകാര്യം ചെയ്യുന്നതിൽ അഭിഭാഷകരേക്കാൾ മിടുക്കരാണു പത്രപ്രവർത്തകരെന്നു തെളിഞ്ഞുവെന്നും ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു എന്ന തരത്തിൽ നുണപ്രചാരണമാണ് മാദ്ധ്യമങ്ങൾ നടത്തിയത്. അസാധാരണമായ തൊലിക്കട്ടിയാണിത്. ഏറെ നാളുകളായി സംഘം ചേർന്ന് അഭിഭാഷകരെ അപമാനിക്കുകയാണ്. നഗ്നമായ നുണപ്രചാരണമാണ് മാദ്ധ്യമപ്രവർത്തകർ അഭിഭാഷകരുടെ കാര്യത്തിൽ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവൺമെന്റ് പ്ലീഡർ ധനേഷ് മാത്യു മാഞ്ഞൂരാൻ പൊതുസ്ഥലത്ത് വച്ച് യുവതിയെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന കേസുമായി ബന്ധപ്പെട്ട് വാർത്ത നൽകിയതിനു പിന്നാലെയാണ് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. ഹൈക്കോടതി വളപ്പിലും തിരുവനന്തപുരം വഞ്ചിയൂരിലെ ജില്ലാകോടതിയിലും അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

വഞ്ചിയൂർ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകർ പൂട്ടിയതോടെയാണ് സംഘർഷം തുടങ്ങിയത്. മീഡിയ റൂമിന് മുന്നിൽ പ്രകോപനപരമായ പോസ്റ്ററുകളും പതിച്ചിരുന്നു. നാലാം ലിംഗക്കാരെ കോടതിവളപ്പിൽ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. കോടതി വളപ്പിലുണ്ടായ സംഘർഷത്തിൽ നിരവധി മാദ്ധ്യമ പ്രവർത്തകർക്കും വക്കിൽ ഗുമസ്തനും പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ഹൈക്കോടതിയിലേയും വഞ്ചിയൂർ കോടതിയിലേയും അഭിഭാഷകർ ഇന്നും കോടതിയിൽ ഹാജരായില്ല.

കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ മാദ്ധ്യമപ്രവർത്തകർ വ്യാഴാഴ്ച സുപ്രീംകോടതി ജസ്റ്റിസ് സിറിയക് തോമസിനെ കണ്ട് നേരിട്ട് പരാതി ബോധിപ്പിച്ചിരുന്നു. തുടർന്ന് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നിർദ്ദേശാനുസരണം തലസ്ഥാനത്തെത്തിയ ഹൈക്കോടതി ജഡ്ജിമാരായ സി.എൻ. രവീന്ദ്രനും പി.ആർ. രാമചന്ദ്ര മേനോനും വഞ്ചിയൂർ കോടതി സമുച്ചയത്തിലെ ജുഡീഷ്യൽ ഓഫീസർമാർ , അഭിഭാഷക പ്രതിനിധികൾ, പത്ര പ്രവർത്തകർ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. അഭിഭാഷകരും മാദ്ധ്യമ പ്രവർത്തകരും സഹവർത്തിത്വം പുലർത്തേണ്ടവരാണെന്ന് അഭിപ്രായപ്പെട്ട ജഡ്ജിമാർ ഇരുവിഭാഗവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ മീഡിയാ റിലേഷൻ കമ്മിറ്റി രൂപീകരിക്കാൻ വച്ച നിർദ്ദേശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടു. ജില്ലാ ജഡ്ജിയുടെ മേൽനോട്ടത്തിൽ ബാർ അസോസിയേഷൻ, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ, പത്രപ്രവർത്തകയൂണിയൻ, പ്രസ്‌ക്ലബ് പ്രതിനിധികൾ എന്നിവരുൾപ്പെട്ടതാകും മീഡിയാ റിലേഷൻ കമ്മറ്റി. മാദ്ധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ എല്ലാമാസവും മീഡിയാ റിലേഷൻ കമ്മിറ്റി കൂടണമെന്നാണ് അഭിപ്രായം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP