Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ല, വിവാഹ മോചനത്തിന് കാരണമാകാം; വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്താം; ഭാര്യയുടെ ഉടമയല്ല ഭർത്താവ്; ഐപിസി 497ാം വകുപ്പ് റദ്ദു ചെയ്ത് സുപ്രീംകോടതി; സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിര്; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നും ചരിത്രവിധി

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ല, വിവാഹ മോചനത്തിന് കാരണമാകാം; വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്താം; ഭാര്യയുടെ ഉടമയല്ല ഭർത്താവ്; ഐപിസി 497ാം വകുപ്പ് റദ്ദു ചെയ്ത് സുപ്രീംകോടതി; സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്ക് എതിര്; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നും ചരിത്രവിധി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉഭയകക്ഷി സമ്മതപ്രകാരമുള്ള വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി വിധി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 497 എടുത്തു കളഞ്ഞു കൊണ്ടാണ് നിർണായകമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. സ്ത്രീയുടെ അധികാരി ഭർത്താവല്ലെന്നും കോടതി വിധിപ്രസ്താവത്തിൽ എടുത്തു പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണെനന്ും കോടതി ഉത്തരവിൽ പറഞ്ഞു. വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ വിധി പറയുകയാണു സുപ്രീംകോടതി.

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിവാഹമോചനം ആവശ്യപ്പെടുമ്പോൾ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാമെന്നും പറഞ്ഞു. അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു വിധി പറഞ്ഞത്. ദീപക് മിസ്രയാണ് വിധി വായിച്ചത്.

സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി.

ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്ന 21-ാം ഭരണഘടനാ അനുച്ഛേദവുമായി പൊരുത്തപ്പെടുന്നതല്ല 497-ാം വകുപ്പ്. വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാൽ അതൊരു ക്രിമിനൽ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക ബന്ധത്തിനുള്ള സ്വയംനിർണയാവകാശത്തെ ബഹുമാനിക്കണം. അതിനെ ഹനിക്കുന്നതാകരുത് വിവാഹം. സമൂഹത്തിന്റെ താൽപര്യത്തിനനുസരിച്ച് ചിന്തിക്കണമെന്നും ജീവിക്കണമെന്നും സ്ത്രീയോട് ആവശ്യപ്പെടാനാവില്ല. സ്ത്രീ ഭർത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ.എഫ്. നരിമാനും വിലയിരുത്തി.

വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ വിധി പറയുകയാണു സുപ്രീംകോടതി. നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് വിവാഹേതര ബന്ധത്തിലേർപ്പെടുന്ന പുരുഷന്മാർക്കെതിരെ മാത്രമാണ്. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവർത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. 158 വർഷം പഴക്കമുള്ളതാണ് ഈ വകുപ്പെനന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

ഒരാളുടെ ഭാര്യയുമായി, അയാളുടെ സമ്മതമില്ലാതെ ബന്ധപ്പെടുന്ന പുരുഷൻ കുറ്റക്കാരനാകുന്നതാണ് 497-ാം വകുപ്പ്. ഭർത്താവ് പരാതിപ്പെട്ടാൽ തന്റെ ഭാര്യയുമായി ബന്ധപ്പെട്ടയാൾക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കാം. അതേസമയം, ഭാര്യയെ ഇരയായിക്കണ്ട് വെറുതേവിടുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ വകുപ്പ്. തന്റെ ഭർത്താവ് മറ്റൊരാളുമായി ബന്ധപ്പെട്ടാൽ സ്ത്രീക്ക് പരാതിപ്പെടാനുമാകില്ല. ഒട്ടുമിക്ക രാജ്യങ്ങളിലും വിവാഹേതരബന്ധം ക്രിമിനൽക്കുറ്റമല്ലെന്നിരിക്കേ ഇവിടെയും അങ്ങനെയല്ലാതാക്കണമെന്നാണ് ഹർജിയിലെ വാദം.

വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനൽ കുറ്റമായി നിലനിർത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങൾ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസർക്കാർ നിലപാട്. അതേസമയം, വിവാഹമോചനത്തിനുള്ള സിവിൽ കുറ്റമായി നിലനിർത്താമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP