Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ആറാഴ്‌ച്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി; ആറാഴ്‌ച്ചത്തേക്ക് തൽസ്ഥിതി തുടരാൻ നിർദ്ദേശം; തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവെന്നും പുതിയ തീരപ്ലാൻ കോടതിയിൽ നിന്ന് മറച്ചു വെച്ചെന്നുമുള്ള ഫ്‌ളാറ്റ് ഉടമകളുടെ വാദം താൽക്കാലികമായി മുഖവിലയ്ക്കെടുത്ത് സുപ്രീംകോടതി; പൊളിച്ചു നീക്കാനുള്ള തീയ്യതി അവസാനിച്ചതോടെ വന്ന കോടതി വിധിയിൽ നെടുവീർപ്പിട്ട് താമസക്കാർ

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ആറാഴ്‌ച്ചത്തേക്ക് തടഞ്ഞ് സുപ്രീംകോടതി; ആറാഴ്‌ച്ചത്തേക്ക് തൽസ്ഥിതി തുടരാൻ നിർദ്ദേശം; തങ്ങളുടെ വാദം കേൾക്കാതെയാണ് കോടതി ഉത്തരവെന്നും പുതിയ തീരപ്ലാൻ കോടതിയിൽ നിന്ന് മറച്ചു വെച്ചെന്നുമുള്ള ഫ്‌ളാറ്റ് ഉടമകളുടെ വാദം താൽക്കാലികമായി മുഖവിലയ്ക്കെടുത്ത് സുപ്രീംകോടതി; പൊളിച്ചു നീക്കാനുള്ള തീയ്യതി അവസാനിച്ചതോടെ വന്ന കോടതി വിധിയിൽ നെടുവീർപ്പിട്ട് താമസക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവ് ആറാഴ്‌ച്ചത്തേക്ക് നടപ്പിലാക്കരുതെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പടിവിച്ചത്. ഫ്‌ളാറ്റ് ഉടമകൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ജൂലൈ ആദ്യ വാരം ലിസ്റ്റ് ചെയ്യാൻ നിർദേശിച്ചു. ആറു ആഴ്‌ച്ച വരെയോ അല്ലെങ്കിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് വരെയോ തൽസ്ഥിതി തുടരാരാണ് കോടതി നിർദേശിച്ചത്.

ഫ്‌ളാറ്റ് ഉടമകളുടെ വാദം കേൾക്കാതെയാണ് പൊളിക്കൽ ഉത്തരവ് വാദം ഉത്തരവിൽ ജസ്റ്റിസ് ഇന്ദിര ബാനെർജി രേഖപ്പെടുത്തി. പുതിയ തീരപ്ലാൻ കോടതിയിൽ നിന്ന് മറച്ചു വച്ചതായും ഫ്‌ളാറ്റ് ഉടമകളുടെ വാദം. തീരദേശ നിയമം ലംഘിച്ച് മരട് മുൻസിപ്പാലിറ്റി പരിധിയിൽ നിർമ്മിച്ച ഉള്ള അഞ്ച് അപ്പാർട്‌മെന്റുകൾ പൊളിച്ച് നീക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് 8 ന് ആയിരുന്നു ഉത്തരവ് ഇട്ടത്. ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിങ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാൻ ആയിരുന്നു ഉത്തരവ്.

ഫ്‌ളാറ്റ് പൊളിച്ചു നീക്കാനുള്ള തീയ്യതി ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെ അപ്പാർട്ടമെന്റ് പൊളിച്ചു നീക്കുമെന്ന ആശങ്കയിൽ കഴിഞ്ഞ താമസക്കാർക്ക് ആശ്വാസമായി മാറി കോടതി ഉത്തരവ്. നേരത്തെ പ്രതികൂല വിധി ഉണ്ടാകാൻ ഇടയാക്കിയത് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലാണ് ഫ്ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്‌ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്.

വേണ്ടത്ര പഠനം നടത്താതെയോ സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ഫ്‌ളാറ്റ് ഉടമകളുമായി സംസാരിക്കുകയോ ചെയ്യാതെയാണ് സബ് കമ്മറ്റി വളരെ പൊടുന്നനെ മരട് പ്രദേശം സിആർസെഡ് സോൺ ത്രീയാണെന്ന് പ്രഖ്യാപിക്കുന്നത്. സോൺ ടു, സോൺ ത്രീയാകുമ്പോൾ മുൻപുണ്ടായിരുന്ന കെട്ടിടങ്ങൾ എല്ലാം പൊളിക്കാനുള്ള വിധി വന്നാൽ ജനങ്ങൾക്ക് മുന്നിൽ എന്ത് വഴിയെന്നാണ് ഇവർ ചോദിക്കുന്നത്. വലിയ ചതി തന്നെയാണ് ഈ വിധിക്ക് പിന്നിൽ നടന്നതെന്ന് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ ഉടമകളിൽ ഒരാളായ കോശി തോമസ് നേരത്തെ മറുനാടനോട് പറഞ്ഞിരുന്നു. അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചാൽ രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വഴിയാധാരമാവുക എന്ന വാദമാണ് ഫ്‌ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടിയത്.

തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയർത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ. അഞ്ച് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി വന്നതോടെ തീരപരിപാലന നിയമങ്ങൾക്ക് വലിയ കേരളത്തിൽ വലിയ പ്രാധാന്യം ലഭിച്ചു. ഈ നിയമങ്ങളുടെ പ്രാധാന്യം ബോധ്യമാക്കാനുള്ള കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ നീക്കമാണ് തങ്ങളുടെ ജീവിതം തന്നെ ചതിച്ചതെന്നാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ കരുതുന്നത്.

മരട് ഗ്രാമപഞ്ചായത്ത് ആയ ഘട്ടത്തിൽ മരട് പ്രദേശം സിആർസെഡ് സോൺ ടുവിലാണ് ഉൾപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ് മരട് ഗ്രാമപഞ്ചായത്ത്. ഇപ്പോൾ പൊളിക്കൽ ഭീഷണി നേരിടുന്ന ഹോളി ഫെയ്ത്ത് അടക്കമുള്ള ഫ്‌ളാറ്റുകൾ നിർമ്മിച്ചത് മരട് പ്രദേശം സോൺ ടു ആയി നിലനിൽക്കുമ്പോൾ തന്നെയാണ്. 2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപനപ്രകാരം ഇത് സി.ആർ.ഇസെഡ് രണ്ടിൽ വരുന്ന സ്ഥലമാണ്. ഈ ഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ മരട് പ്രദേശം സോൺ ത്രീയിൽ ആക്കിയിട്ടുണ്ടെന്നു തീരദേശ പരിപാലന അഥോറിറ്റി പറയുകയും ഹോളി ഫെയ്ത്ത് അടക്കമുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു കളയണമെന്നു കോടതി ഉത്തരവിടുകയും ചെയ്തത്.

പ്രതികൾ തന്നെ വാദിയായ അവസ്ഥയാണ് സബ് കമ്മറ്റിയുടെ രൂപീകരണത്തോടെ വന്നത്. പ്രതി സ്ഥാനത്തുള്ള തീരദേശ പരിപാലന അഥോറിറ്റി സ്വയം അവർക്ക് വേണ്ടി തന്നെ തീരുമാനമെടുത്തു. സിആർസെഡ് സോൺ ടുവിൽ ഉണ്ടായിരുന്ന മരട് പ്രദേശത്തെ ഫ്‌ളാറ്റ് ഇരിക്കുന്ന ഭാഗം അവർ സിആർസെഡ് ത്രീയാക്കി മാറ്റി. ഈ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിൽ വന്നപ്പോൾ അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി അഞ്ചു ഫ്‌ളാറ്റുകളും പൊളിച്ചു കളയാൻ ഉത്തരവിട്ടത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിലൊടുവിലാണ് വിധി വന്നത്. പഞ്ചായത്ത് ആയ മരട് വൻ വികസന പ്രവർത്തനങ്ങൾ നടന്നതിനെ തുടർന്നാണ് മുനിസിപ്പാലിറ്റിയാക്കിയത്. അതുകൊണ്ട് തന്നെ നിലവിലെ സോൺ ടൂ വിൽ തന്നെ മരട് തുടരേണ്ടതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്നു ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള ഒരു പഞ്ചായത്തും ഇന്ത്യയിൽ കാണില്ല. ക്രൗൺ പ്ലാസ, ലേ മെറീഡിയൻ തുടങ്ങിയ ഹോട്ടലുകൾ മരടിലാണുള്ളത്. കുണ്ടന്നൂർ ഫ്ളൈ ഓവർ തന്നെ വികസനത്തിന്റെ മകുടോദാഹരണവുമാണ്. ലേക്ക് ഷോർ ആശുപത്രിയുടെ കേസ് ഹൈക്കോടതിയിൽ നടക്കുമ്പോഴാണ് മരട് പഞ്ചായത്ത് ഹൈക്കോടതിയിൽ മരട് സോൺ ടു എന്ന് പറഞ്ഞു സത്യവാങ്മൂലം ഫയൽ ചെയ്യുന്നത്. ഇത് പെട്ടെന്ന് സോൺ ത്രീയായി പ്രഖ്യാപിച്ചപ്പോഴാണ് ഫ്ളാറ്റ് ഉടമകൾ വഞ്ചിതരാക്കപ്പെട്ട അവസ്ഥ വന്നത്. സുപ്രീംകോടതി വിധി പ്രകാരം രൂപീകരിച്ച കമ്മറ്റി ഒരു സബ് കമ്മറ്റിയെ പ്രഖ്യാപിച്ചപ്പോൾ ആദ്യകാലത്ത് മരട് സിആർസെഡ് സോൺ ത്രീയിൽ ഉൾപ്പെട്ടതായിരുന്നു എന്ന് പറഞ്ഞാണ് മരടിനെ വീണ്ടും സോൺ ത്രീയാക്കി മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP