Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രാതിനിധ്യ കുറവ് ഉണ്ടെങ്കിൽ മാത്രം മതി പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്ക് സംവരണം; സ്ഥാനക്കയറ്റങ്ങൾക്ക് സംവരണം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സംവരണം നൽകാൻ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ പ്രാതിനിധ്യക്കുറവ് എടുക്കേണ്ടതുമില്ല; സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരം; കോടതിക്ക് നിർബന്ധിക്കാനാവില്ല; രാജ്യത്തെ സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പ്രാപ്തമായ വിധിയുമായി സുപ്രീംകോടതി

പ്രാതിനിധ്യ കുറവ് ഉണ്ടെങ്കിൽ മാത്രം മതി പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്ക് സംവരണം; സ്ഥാനക്കയറ്റങ്ങൾക്ക് സംവരണം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സംവരണം നൽകാൻ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ പ്രാതിനിധ്യക്കുറവ് എടുക്കേണ്ടതുമില്ല; സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരം; കോടതിക്ക് നിർബന്ധിക്കാനാവില്ല; രാജ്യത്തെ സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പ്രാപ്തമായ വിധിയുമായി സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി വിധി പുതു ചർച്ചകൾക്ക് വഴിവയ്ക്കും. ജാതി സംവരണത്തിനെതിരെ ചിലർ രംഗത്ത് വരുന്നതിനനിടെയാണ് സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണങ്ങൾ. സർക്കാർ സർവീസിൽ അവരുടെ പ്രാതിനിധ്യക്കുറവ് പരിശോധിച്ചുവേണം സംവരണം നൽകാനെന്ന് കോടതി വിശദീകരിച്ചു.

സംവരണം നൽകുന്നില്ലെങ്കിൽ കണക്ക് നോക്കേണ്ടതുമില്ല. സ്ഥാനക്കയറ്റ സംവരണം മൗലികാവകാശമല്ലെന്നും നടപ്പാക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഏറെ സുപ്രധാനമായ വിധിയാണ് ഇത്. സർവ്വീസിലെ സ്ഥാനക്കയറ്റങ്ങളെ സ്വാധീനിക്കാൻ പോകുന്ന വിധി. ഭരണഘടനയിലെ 16(4), 16(4എ) അനുച്ഛേദങ്ങൾ നിർബന്ധ സ്വഭാവമുള്ളതല്ലെന്നും സർക്കാർ ജോലികളിലെയും സ്ഥാനക്കയറ്റങ്ങളിലെയും സംവരണം മൗലികാവകാശമല്ലെന്നുമാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഖ്യാനിച്ചത്. സംവരണം നടപ്പാക്കാൻ സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകിയുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

എസ്.സി., എസ്.ടി. സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനം നടത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതു ചോദ്യം ചെയ്തുള്ള പരാതികളിലാണ് സുപ്രീംകോടതിയുടെ വിധി. ' സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരമാണ്. കണക്കു നോക്കി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലേ സംവരണം നൽകാവൂ''-രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 16(4), 16(4എ) അനുച്ഛേദങ്ങൾ. സർക്കാർ സർവീസുകളിൽ അവർക്ക് പ്രാതിനിധ്യം കുറവാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അതു നൽകേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനങ്ങൾ നടത്താൻ 2012 സെപ്റ്റംബർ അഞ്ചിന് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. 2019-ൽ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. പട്ടികവിഭാഗക്കാർക്ക് സ്ഥാനക്കയറ്റ സംവരണം നൽകണമെന്നും ഈ വിഭാഗത്തിൽ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ അവരെ മാത്രം നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സ്ഥാനക്കയറ്റ സംവരണം നൽകാൻ സർക്കാർ ജോലികളിലെ അവരുടെ പ്രാതിനിധ്യക്കുറവ്, സമൂഹത്തിലെ പിന്നാക്കാവസ്ഥ എന്നിവ കണക്കെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

'മതിയായ പ്രാതിനിധ്യമില്ലെന്നു സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നാലും സംവരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല. സംവരണം ബാധ്യതയല്ല എന്നതു പോലെ തന്നെ തങ്ങളുടെ നിലപാട് ന്യായീകരിക്കേണ്ട ബാധ്യതയും സർക്കാരിനില്ല. സംസ്ഥാന സർക്കാരുകൾ സംവരണം ഏർപ്പെടുത്താൻ ബാധ്യസ്ഥരല്ല. പൊതു തസ്തികകളിലേക്കുള്ള നിയമനത്തിൽ സംവരണം പാലിക്കണമെന്നു സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കാനാവില്ലെന്നതു നിലവിലുള്ള നിയമമാണ്. അതുപോലെ തന്നെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ പട്ടിക വിഭാഗത്തിനു സംവരണം ഉറപ്പാക്കാനും സർക്കാരിനു ബാധ്യതയില്ല. ഈ സാഹചര്യത്തിൽ സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് കർശന ഉത്തരവിറക്കാനുമാവില്ല'- ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം അന്യായമാണെന്ന് പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് കാരണങ്ങളൊന്നുമില്ലെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സർക്കാർ ജോലികളിൽ സംവരണം നൽകണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാവില്ല. സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാനും സംസ്ഥാനങ്ങൾക്ക് ബാധ്യതയൊന്നുമില്ല. അഥവാ അങ്ങനെ ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്ന കണക്കുകൾ ശേഖരിക്കണം. കണക്ക് ലഭ്യമല്ലെങ്കിൽ അതിനായി ഏതെങ്കിലും വ്യക്തിയെയോ അധികൃതരേയൊ കമ്മിഷനെയോ നിയോഗിക്കാം. സർക്കാരിന്റെ തീരുമാനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ, ആ കണക്ക് കാണിക്കേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സംസ്ഥാന സർക്കാരുകളുടെ അവകാശമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 16(4), 16(4-എ) എന്നിവ ഇതാണ് പറയുന്നതെന്നും അന്ന് കപിൽ സിബൽ, കോളിൻ ഗോൺസാൽവസ് തുടങ്ങിയ പ്രമുഖ അഭിഭാഷകർ വാദിച്ചിരുന്നു. ഈ അനുച്ഛേദങ്ങൾ സംവരണം അനുവദിക്കാനുള്ള അധികാരം നൽകുന്നുണ്ട്. എന്നാൽ അവരെ സംസ്ഥാന സേവനങ്ങളിൽ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്നു സംസ്ഥാനം പറഞ്ഞാൽ മാത്രമേ അവ നടപ്പാക്കാനാവുകയുള്ളൂവെന്നാണ് ഇപ്പോൾ സുപ്രീംകോടതി പറഞ്ഞുവച്ചത്. സ്ഥാനക്കയറ്റത്തിന്റെ കാര്യങ്ങളിൽ പട്ടികജാതി / പട്ടികവർഗക്കാർക്ക് സംവരണം ഏർപ്പെടുത്താൻ സംസ്ഥാനം ബാധ്യസ്ഥരല്ല എന്നും കോടതി നിലപാടെടുത്തു.

സ്ഥാനക്കയറ്റ സംവരണത്തിന് പ്രാതിനിധ്യക്കുറവിന്റെ കണക്ക് വേണമെന്നത് ഇന്ദിരാ സാഹ്നി, എം. നാഗരാജ്, ജർണയിൽ സിങ് കേസുകളിലെ സുപ്രീംകോടതി വിധികളിൽ വ്യക്തമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജോലികളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നിർബന്ധമല്ലെന്ന് വ്യാഖ്യാനിച്ചുള്ള സുപ്രീംകോടതി വിധി ദളിത് -- ആദിവാസി- ഒബിസി വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിലെ സംവരണ വ്യവസ്ഥകൾ മൗലികാവകാശമല്ലെങ്കിലും രാജ്യത്ത് സാർവത്രികമായും നിർബന്ധമായും നടപ്പാക്കേണ്ടതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും നിയമപരമായി പ്രമേയം കൊണ്ടുവന്ന് ഇത്തരം വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുന്ന പോരായ്മകൾ കേന്ദ്ര സർക്കാർ തിരുത്തണം.

കോടതി വിധിയുടെ പുനഃപരിശോധന തേടിയുള്ള സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണം. ജോലിക്കും സ്ഥാനക്കയറ്റത്തിനുമുള്ള സംവരണവ്യവസ്ഥകൾ നടപ്പാക്കാൻ കേന്ദ്ര--സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ബാധ്യസ്ഥമാണ്-- പിബി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP