Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടിയെ ആക്രമിച്ച കേസിൽ സുനിത കൃഷ്ണൻ സുപ്രീം കോടതിയിൽ; ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യം; ഫേസ്‌ബുക്കിനോട് വിശദീകരണം തേടിയതോടെ വിവാദ പേജ് പിൻവലിച്ചു

നടിയെ ആക്രമിച്ച കേസിൽ സുനിത കൃഷ്ണൻ സുപ്രീം കോടതിയിൽ; ദൃശ്യങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യം; ഫേസ്‌ബുക്കിനോട് വിശദീകരണം തേടിയതോടെ വിവാദ പേജ് പിൻവലിച്ചു

ന്യൂഡൽഹി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ സുപ്രീംകോടതിയിൽ. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്ക് പേജ് തടയണമെന്ന് ആവശ്യപ്പെട്ടാണ് സുനിത കൃഷ്ണൻ കോടതിയെ സമീപിച്ചത്. തമിഴ് ഭാഷയിലുള്ള ഫേസ്‌ബുക്ക് പേജാണ് ദൃശ്യങ്ങളുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത്. പേജിന്റെ സ്‌ക്രീൻ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണൻ സുപ്രീം കോടതിയെ സമീപിച്ചത്.

സംഭവത്തിൽ സുപ്രീം കോടതി ഫേസ്‌ബുക്കിനോട് വിശദീകരണം തേടി. പരാതി സുപ്രീം കോടതിയലെത്തിയതിന് പിന്നാലെ ഫേസ്‌ബുക്ക് പേജ് പിൻവലിച്ചു. ദൃശ്യങ്ങൾ കൈവശമുണ്ടെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങൾ തടയണമെന്നും മനുഷ്യാവകാശ പ്രവർത്തക കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ അക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്ന രീതിയിൽ ഒരു ഫോൺ നമ്പറും പേജിൽ നൽകിയിരുന്നു. സായി വിജയ് എം എസ് ഡി എന്ന വ്യക്തിയുടെ ഫേസ്‌ബുക് പേജിൽ തമിഴ് ഭാഷയിൽ ഇട്ടിരുന്ന പോസ്റ്റ് സുനിത കൃഷ്ണന്റെ അഭിഭാഷക അപർണ ഭട്ട് ആണ് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

സാമൂഹിക മാദ്ധ്യമങ്ങളിലുണ്ടാവുന്ന ഇത്തരം മനുഷ്യത്വരഹിതമായ രീതികൾക്കെതിരെ നിയമപോരാട്ടത്തിനാണ് സുനിത കൃഷ്ണൻ ഒരുങ്ങുന്നത്. സുനിതയുടെ പരാതിയിൽ ഉടൻ തന്നെ സുപ്രീം കോടതി ഫേസ്‌ബുക്കിനോട് വിശദീകരണം തേടി. ഇതോടെ പേജ് വളരെ പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്തു. പ്രാദേശിക ഭാഷകളിലുള്ള അധിക്ഷേപകരമായ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് ഫലപ്രദമായ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

അേേതാസമയം നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ അടങ്ങിയ ഫോണോ മെമ്മറി കാർഡോ ഒന്നും കണ്ടെത്താൻ പൊലീസിനായിരുന്നില്ല. ഇക്കാര്യത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. അഭിഭാഷകനിൽ നിന്നു ലഭിച്ച മെമ്മറി കാർഡിൽ നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, യുവനടിയെ ആക്രമിച്ച ശേഷം മുങ്ങിയ പ്രതി കൊച്ചിയിൽ തിരിച്ചെത്തി പുതിയ ഫോൺ വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. മുൻകൂർ ജാമ്യത്തിനു ശ്രമിക്കാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന ഫോൺ മാറ്റി പുതിയ ഫോൺ വാങ്ങിയത്. എന്നാൽ, ഇതിൽ നിന്നു സുനി ആരെയും വിളിച്ചിട്ടുണ്ടോ എന്നറിയില്ല. അങ്ങനെ വിളിച്ചതായി ടവർ ലൊക്കേഷനും കിട്ടിയിട്ടില്ല. ഒരേസമയം സുനി പത്തോളം സിം കാർഡുകൾ ഉപയോഗിക്കുന്നതും ഇക്കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ശേഷം ആദ്യം ആലപ്പുഴയിലേക്കാണ് സുനി മുങ്ങിയത്. അവിടെ നിന്നു കോയമ്പത്തൂരിലെ ഒളിയിടത്തിലേക്കു പോകുന്ന വഴിക്കാണ് കൊച്ചിയിൽ ഇറങ്ങി പുതിയ ഫോൺ വാങ്ങിയത്. കളമശ്ശേരിയിലെ കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നു വ്യക്തമായി. ഇതിന്റെ തെളിവുകളും കടക്കാരന്റെ മൊഴിയും അടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ വരവിൽ അഭിഭാഷകനെ കണ്ടപ്പോൾ ഫോണും മെമ്മറി കാർഡും അഭിഭാഷകനെ സുനി ഏൽപിക്കുകയായിരുന്നു.

17നു രാത്രിയാണ് സുനിയും കൂട്ടരും നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചത്. അന്നു രാത്രി ആദ്യം ആലപ്പുഴയിലെത്തിയ സുനിയും വിജേഷും മണികണ്ഠനും 19നാണ് കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ടു മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. സുരക്ഷിതമായ ഒളിയിടം കണ്ടെത്താനും കൂടിയാണ് പ്രതികൾ കൊച്ചിയിൽ എത്തിയത്. അഭിഭാഷകനെ കണ്ട സുനിൽകുമാർ ഒരു മൊബൈൽ ഫോൺ കൈമാറി. ഇതിനുശേഷമാണു കളമശേരിയിലെ കടയിൽ കയറി ഫോൺ വാങ്ങിയത്.

2000 രൂപയിൽ താഴെ വിലവരുന്ന ഫോൺ ആണ് വാങ്ങിയത്. പ്രത്യേകിച്ച് ഏതെങ്കിലും മോഡൽ തിരക്കിയല്ല വന്നതെന്നും ധൃതിയിൽ ഒരു ഫോൺ എടുത്ത് പണം നൽകി പോകുകയായിരുന്നുവെന്നുമാണു കടയുടമയുടെ മൊഴി. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ കടയുടമ വഴി പൊലീസിനു ലഭിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP