Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണിൽ മൂടുപടം കെട്ടിയ നീതിദേവത ഈ വിലാപം കേൾക്കുന്നില്ലേ...? പതിനെട്ടുവർഷമായി ഒരു കേസ്.... എനിക്ക് വയ്യ ഇതിന്റെ പിന്നാലേ പോകാൻ; ചെയ്യാത്ത കുറ്റത്തിന് മൂന്നാഴ്ച ജയിലിൽ കിടക്കേണ്ടിവന്നു എനിക്ക്: എന്നെ തല്ലിച്ചതച്ച പൊലീസുകാരനെതിരെ എന്താണ് നടപടി ഇനിയും വൈകുന്നതെന്ന് ചോദിച്ച് ശ്രീചിത്രയിലെ ന്യൂറോ സർജൻ ഡോ. മാത്യു എബ്രഹാം

കണ്ണിൽ മൂടുപടം കെട്ടിയ നീതിദേവത ഈ വിലാപം കേൾക്കുന്നില്ലേ...? പതിനെട്ടുവർഷമായി ഒരു കേസ്.... എനിക്ക് വയ്യ ഇതിന്റെ പിന്നാലേ പോകാൻ; ചെയ്യാത്ത കുറ്റത്തിന് മൂന്നാഴ്ച ജയിലിൽ കിടക്കേണ്ടിവന്നു എനിക്ക്: എന്നെ തല്ലിച്ചതച്ച പൊലീസുകാരനെതിരെ എന്താണ് നടപടി ഇനിയും വൈകുന്നതെന്ന് ചോദിച്ച് ശ്രീചിത്രയിലെ ന്യൂറോ സർജൻ ഡോ. മാത്യു എബ്രഹാം

അരുൺ ജയകുമാർ

തിരുവനന്തപുരം: കേസും കൂട്ടവുമായി കോടതി വരാന്ത കയറി ഇറങ്ങാനൊന്നും ഇനി വയ്യ, ഒരുപാട് കാലതാമസം എടുക്കുമെന്നതിനാൽ ഒരു ശരാശരി മനുഷ്യന്റെ അഭിപ്രായം ഇതായിരിക്കും. കോടതി വരാന്തകളിൽ ജീവിതം പാഴാക്കാൻ മടിച്ച് നീതി കിട്ടാൻ സാധ്യതയുള്ളവർപോലും കോടതികളെ സമീപിക്കാത്ത കാലത്ത് 18 വർഷങ്ങളായി ഒരു കേസിന്റെ പേരിൽ ഒരാൾ നീതി പീഠത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്.ചെയ്യാത്ത കുറ്റത്തിന് മെഡിക്കൽ വിദ്യാർത്ഥിയായിരിക്കെ ചെയ്യാത്തകുറ്റത്തിന് മൂന്നാഴ്ച ജയിലിൽ കിടക്കേണ്ടി വന്നതിനെതിരെയുള്ള നിയമപോരാട്ടം 18 വർഷങ്ങൾക്കിപ്പുറവും തുടരുകയാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സർജൻ ഡോ. മാത്യു ഏബ്രഹാം

ജ്യേഷ്ഠനോടുള്ള ശത്രുതയും മുൻവൈരാഗ്യവും തീർക്കാൻ തന്നെ മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പൊലീസുകാരനെതിരെയാണ് മാത്യു എബ്രഹാം നിയമ നടപടയുമായി മുന്നോട്ട് പോകുന്നത്. ഇപ്പോൾ എഐജിയായി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന വി പാലകൃഷ്ണനെതിരെയായിരുന്നു ഡോക്ടറുടെ നിയമപോരാട്ടം.

18 വർഷങ്ങൾക്ക് മുൻപ് മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.കേസ് കോടതിയിലെത്തിയപ്പോൾ ഗോപാലകൃഷ്ണനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിർദ്ദേശിച്ചിരുന്നു എന്നാൽ ലഭിച്ച നിയമോപദേശവും തുടർനടപടികളും സ്റ്റേ ചെയ്തുകൊണ്ട് വിചാരണ ആരംഭിക്കാനാണ് ഇപ്പോൾ കോടതി ഉത്തരവ്

1998ൽ മാത്യു എബ്രഹാം മെഡിക്കൽ പിജിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലത്ത് മാത്യു എബ്രഹാമിന്റെ സഹോദരനും അക്കാലത്തെ എസ്എഫ്‌ഐ നേതാവുമായിരുന്ന തോമസ് എബ്രഹാമിനോടുള്ള പ്രശ്‌നങ്ങളാണ് കള്ളക്കേസിൽ കലാശിച്ചതെന്നും ഡോക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. മെഡിക്കൽ കോളേജിൽ അന്ന് പിജി വിദ്യാർത്ഥിയായിരുന്ന മറ്റൊരാളാണ് ചില രോഗികളുമായി വിഷയങ്ങളുണ്ടാക്കുകയും മർദ്ദനത്തിലേക്ക് നയിച്ചതും. മെഡിക്കൽ കോളേജ് ടാക്‌സി യൂണിയനുമായുള്ള ചില വിഷയങ്ങളാണ് പിന്നീട് ഡോക്ടറുടെ ജ്യേ്ഠനുമായി പ്രശ്‌നങ്ങളുണ്ടായതിന് പിന്നിൽ.

1998 നവംബറിലാണ് സംഭവം. പുലർച്ചയോടെയാണ് രോഗിയെ മർദ്ദിച്ചവശനാക്കിയെന്നാരോപിച്ച് വള്ളക്കടവിലെ വീട്ടിൽ നിന്നും മാത്യു എബ്രഹാമിനെ ഗോപാലകൃഷ്ണൻ അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദ്ദനമേറ്റ മാത്യു എബ്രഹാമിന്റെ കരളിനും കിഡ്‌നിക്കും ക്ഷതമേൽക്കുകയും ചെയ്തിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ മുറിവുകൾ കണ്ട മജിസ്‌ട്രേറ്റ് തന്നെ മാത്യു എബ്രഹാമിനെ ജനറൽ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കേസ് കോടതിയിലിരിക്കെ ജനറൽ ഹോസ്പിറ്റലിൽ മാത്യു എബ്രഹാമിനെ പരിശോധിച്ചതിന്റെ ചികിത്സ നൽകിയതിന്റെയും കേസ് ഷീറ്റ് പിന്നീട് മോഷണം പോയി.പൊലീസ് മർദനത്തിന് ഇരയായ ഡോക്ടർ ചികിൽസ തേടിയതിന്റെ രേഖകൾ ജനറൽ ആശുപത്രിയിൽ നിന്ന് കാണാതായതുമായി ബന്ധപ്പെട്ട് അന്നു സിഐയായിരുന്ന ഗോപാലകൃഷ്ണനെതിരെ ഡോക്ടർ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ ക്രിമിനൽ നടപടി അട്ടിമറിക്കുന്ന തരത്തിൽ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ നൽകിയ നിയമോപദേശവും അതിന്റെ അടിസ്ഥാനത്തിൽ നടപടിക്കു നിർദ്ദേശിച്ച് മുൻഡിജിപി ക്രൈംസ് എഡിജിപിക്കു നൽകിയ കത്തും തടയണമെന്നും അന്വേഷണം സിബിഐക്കു വിടണമെന്നുമാണു ഹർജി.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതു തടയുന്ന വിധത്തിൽ 2017 മാർച്ച് 31നു നിയമോപദേശം നൽകിയത് സുപ്രീംകോടതി വിധി ദുർവ്യാഖ്യാനം ചെയ്തുകൊണ്ടാണെന്നു ഹർജിക്കാരൻ ആരോപിച്ചു. മുൻഡിജിപി തുടർനടപടി നിർദ്ദേശിച്ച് ഏപ്രിൽ നാലിന് എഡിജിപിക്കു കത്തയച്ചതിൽ നിന്ന് ദുരുദ്ദേശ്യപരമായ തിടുക്കം പ്രകടമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന, ഈ രണ്ട് രേഖകളിന്മേലുള്ള തുടർനടപടി തടയണം. പ്രതി സീനിയർ ഐപിഎസ് ഓഫിസർ ആയതിനാലും ഉന്നത സ്വാധീനം രേഖകളിൽ പ്രകടമായതിനാലും കേസ് സിബിഐക്കു വിടണമെന്നും ഹർജിയിൽ വാദിക്കുന്നു.

അതേസമയം, കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളിൽ ഡോക്ടർമാർ കൃത്രിമം കാണിച്ചെന്നാരോപിച്ച് വി. ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിരുന്നു. ഒറ്റ സംഭവത്തിൽ രണ്ട് എഫ്‌ഐആർ വേണ്ടെന്നും ഡോക്ടറുടെ പരാതിയിൽ തുടരന്വേഷണമാണു വേണ്ടതെന്നുമായിരുന്നു ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയുടെ നിയമോപദേശം. എന്നാൽ, കേസ് അട്ടിമറിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കു താൻ നൽകിയ നിവേദനം പരിഗണിച്ചിട്ടില്ലെന്നു ഹർജിക്കാരൻ ബോധിപ്പിച്ചു.

കേസിൽ സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും മറ്റുമായി സർക്കാർ അഭിഭാഷകനും സിബിഐക്കു വേണ്ടി സ്റ്റാൻഡിങ് കൗൺസലും നോട്ടിസ് എടുത്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കും എഐജി വി. ഗോപാലകൃഷ്ണനും സ്പീഡ് പോസ്റ്റ് മുഖാന്തിരം കോടതി നോട്ടിസ് പുറപ്പെടുവിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ എന്ന എഐജിയുടെ പ്രതികരണത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ഒദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്നും അവധിയിലാണെന്നും അമേരിക്കയിലാണെന്നുമാണ് അറിയാൻ കഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP