Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ; ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ മൂന്നുമാസത്തേക്ക്

ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനു സ്റ്റേ; ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ മൂന്നുമാസത്തേക്ക്

കൊച്ചി: ചിലവന്നൂരിലെ ഡിഎൽഎഫ് കെട്ടിടം പൊളിക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവിനു സ്റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചാണ് മൂന്നുമാസത്തേക്കു സ്റ്റേ ചെയ്തത്. തീരദേശ പരിപാല നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടം പൊളിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയത്. എന്നാൽ ഇതിനെതിരെ ഡിഎൽഎഫ് അധികൃതർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു.

കായൽ കൈയേറി നിർമ്മിച്ച ഡിഎൽഎഫ് ഫ്‌ളാറ്റ് പൊളിച്ചു നീക്കാനും ഫ്‌ളാറ്റിന്റെ തുടർ നിർമ്മാണങ്ങൾ നിർത്തി വയ്ക്കാനുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. തീരദേശപരിപാലന ചട്ടത്തിന് വിരുദ്ധമായി നിർമ്മിച്ച ഫ്‌ളാറ്റിന്റെ ഭാഗങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. കൊച്ചി നഗരസഭ നിയമലംഘനം നടത്തിയതായും കോടതി നിരീക്ഷിച്ചു.

ഇതിനെതിരെയാണ് ഡിഎൽഎഫ് കമ്പനി അധികൃതർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് കൊച്ചി നഗരസഭ അനുവദിച്ച പെർമിറ്റ് റദ്ദാക്കിയതും ഇത് പൊളിച്ചുനീക്കണമെന്ന സിംഗിൾ ബെഞ്ച് വിധിയും യഥാർഥ വസ്തുതകൾ വിലയിരുത്താതെയാണെന്ന് ഡിഎൽഎഫ് അപ്പീലിൽ ആരോപിച്ചു.

തീരദേശ പരിപാലന നിയമത്തിന്റെ നഗ്‌നമായ ലംഘനം നടന്നു എന്ന് കണ്ടെത്തിയാണ് സിംഗിൾ ബെഞ്ച് അനധികൃതമായി നിർമ്മിച്ച കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്. 135 മീറ്റർ കായൽ കൈയേറിയാണ് നിർമ്മാണം നടന്നതെന്ന് കോടതി വിലയിരുത്തി. ഇപ്പോൾ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

തീരപരിപാലന നിയമം മറികടന്ന് നിർമ്മിച്ച ഭാഗങ്ങൾ പൊളിച്ചു മാറ്റാനാണ് കോടതി ഉത്തരവിട്ടത്. ഇത് മൊത്തം ഫ്‌ളാറ്റിന്റെ നിർമ്മിതിയേയും ബാധിക്കും. 2007ലെ ബിൽഡിങ്ങ് നിർമ്മാണ അനുമതി പ്രകാരമുള്ള എല്ലാ പ്രവർത്തികളും നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി കോർപ്പറേഷന്റെ നടപടി കണക്കിലെടുത്തുള്ള തീരുമാനമാണ് കോടതി എടുത്തത്. കായൽ കൈയേറി കെട്ടിടം പണിയാൻ ഡിഎൽഎഫിന് അനുമതി നൽകിയ കൊച്ചി നഗരസഭയുടെ നടപടി നിയമലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. കായൽകൈയേറി ഫ്‌ലാറ്റ് നിർമ്മിച്ചതിൽ തീരദേശസംരക്ഷണ നിയമവും പരിസ്ഥിതി നിയമവും ലംഘിച്ചതായി ചീഫ് സെക്രട്ടറി ജൂലായിൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു. 2007 ലാണ് ഫഌറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഡി.എൽ.എഫ് അധികൃതരെ സമീപിക്കുന്നത്. 2007 സപ്തംബർ മുതൽ നവംബർ വരെയുള്ള മൂന്ന് മാസക്കാലയളവിനിടയിൽ എല്ലാ വകുപ്പുകളുടെയും ക്ലിയറൻസ് ഇവർ നേടി.

കൊച്ചി കോർപ്പറേഷനിൽ നിന്ന് ബിൽഡിങ് പെർമിറ്റ്, മലിനീകരണ നിയന്ത്രണബോർഡിൽ നിന്നും ഫയർ ആൻഡ് റസ്‌ക്യൂ വിഭാഗത്തിൽ നിന്നും എതിർപ്പില്ലാരേഖ, കൊച്ചി നാവിക വിമാനത്താവളത്തിൽനിന്ന് ഉയരാനുമതി എന്നിവ നേടിയെടുത്തത് ദിവസങ്ങൾക്കുള്ളിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് നിർമ്മാണം നിർത്തിവയ്ക്കാനും അനധികൃതമായി നിർമ്മിച്ചവ പൊളിച്ചുമാറ്റണമെന്നും കാട്ടി സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതിനാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP