Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാണക്കാട് തങ്ങളെ ട്രോളിയാൽ ഊരുവിലക്ക് നടക്കില്ല; ലബീബിനേയും കുടുംബത്തിനേയും മതപരമായ ആചാരാനുഷ്ടാനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം പാളി; മഹൽകമ്മറ്റിയുടെ കത്തിന് വഖഫ് ട്രിബ്യൂണലിന്റെ സ്റ്റേ

പാണക്കാട് തങ്ങളെ ട്രോളിയാൽ ഊരുവിലക്ക് നടക്കില്ല; ലബീബിനേയും കുടുംബത്തിനേയും മതപരമായ ആചാരാനുഷ്ടാനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം പാളി; മഹൽകമ്മറ്റിയുടെ കത്തിന് വഖഫ് ട്രിബ്യൂണലിന്റെ സ്റ്റേ

എം പി റാഫി

കോഴിക്കോട്: വയനാട് നരിക്കുണ്ട് ആനപ്പാറ സ്വദേശി കൂരിമണ്ണിൽ മേലെമണ്ണിൽ ലബീബിനും കുടുംബത്തിനും എതിരെ വിലക്കേർപ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടിക്ക് തിരിച്ചടി. ലബീബിന്റെ കുടുംബത്തിൽ നടക്കുന്ന പരിപാടികളിൽ നിന്നും വിലക്കേർപ്പെടുത്തിക്കൊണ്ട് മഹല്ല് സെക്രട്ടറി , പ്രസിഡന്റ് എന്നിവർ നൽകിയ കത്ത് സ്റ്റേ ചെയ്തുകൊണ്ട് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഉത്തരവിറക്കി. മൊയ്തീൻകുട്ടിയുടേയും കുടുംബത്തിന്റേയും മതപരമായ ആചാരാനുഷ്ടാനങ്ങൾ നിർവഹിക്കുന്നതിനും അന്യായക്കാരന്റെ വീട്ടിൽ നടക്കുന്ന വിവാഹം, വീടുതാമസം തുടങ്ങിയ മറ്റു പരിപാടികൾക്കൊന്നും അനാവശ്യമായ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ലെന്നുമാണ് വഖഫ് ട്രിബ്യൂണൽ ഇന്നലെ പുറപ്പെടുവിച്ച വിധി.

ആനപ്പാറ നരിക്കുണ്ട് സ്വദേശിയായ ലബീബിനും കുടുംബത്തിനുമാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭ്രഷ്ട് കൽപ്പിച്ചത്. ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിൽ ജഡ്ജി പി.ജെ വിൻസെന്റാണ് വിധി പ്രഖ്യാപിച്ചത്. ലബീബിനു വേണ്ടി അഡ്വ. എം. മുഹമ്മദ് ശുഹൈബ് ഹാജരായി. സ്റ്റേ നടപടിയിൽ സന്തോഷമുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലബീബ് മറുനാടൻ മലയാളിയോടു പറഞ്ഞു. രാഷ്ട്രീയ നേതാവിനെ വിമർശിച്ചു പോസ്റ്റിട്ടതിന്റെ പേരിൽ ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും രാഷ്ട്രീയ നേതാക്കൾ വിമർശനത്തിന് അതീതരല്ലെന്നും ലബീബ് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിവായ മെയ് 19നായിരുന്നു ലബീബ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ, ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരുടെ ഫോട്ടോ വച്ചുള്ള ട്രോൾ ഫെയ്‌സബൂക്ക് പ്രൊഫൈലിൽ ഷെയർ ചെയ്തത്. തുടർന്ന്, വയനാട് ജില്ലാ ഖാസി കൂടിയായ ഹൈദരലി തങ്ങൾക്കെതിരെ പോസ്റ്റിട്ടു എന്ന് കാണിച്ച് മഹല്ല് കമ്മിറ്റി കത്ത് നൽകുകയും ലബീബിന്റെ വിവാഹം, വീടുകൂടൽ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും മഹല്ലിലെ ഉസ്താദുമാരരെ അടക്കം വിലക്കുകയുമായിരുന്നു.

മെയ് 27ന് ലബീബിന്റെ വീടുകൂടൽ ചടങ്ങും 29 ന് വിവാഹവുമായിരുന്നു. ചടങ്ങുകളിൽ ആളുകളെ വിലക്കാൻ മഹല്ല് പരമാവധി ശ്രമിച്ചിരുന്നു. മഹല്ല് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം ഉസ്താദുമാർ ആരും തന്നെ വിവാഹ ചടങ്ങിന് പങ്കെടുക്കുകയും ചെയ്തില്ല. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കൾക്കും പുറമെ ലീഗുകാരായ പലരും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരെല്ലാം ലബീബിന് വലിയ കുറ്റവാളിയായിട്ടായിരുന്നു കല്ല്യാണ ദിവസവും കണ്ടിരുന്നത്. മഹല്ലിൽ നിന്നും വലിയ രീതിയിൽ ഒറ്റപ്പെടൽ അനുഭവിച്ച ലബീബും കുടുംബവും സംഭവത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മഹല്ലി കമ്മിറ്റി നൽകിയ കത്ത് പുറത്ത് വിട്ടതോടെ മഹല്ല് കമ്മിറ്റി ഈ കുടുംബത്തിൽ ഏർപ്പെടുത്തിയ വിലക്ക് പുറംലോകം അറിയുകയായിരുന്നു. തുടർന്ന് വിവാദം കത്തിപ്പടരുകയും മഹല്ല് കമ്മിറ്റി പ്രതിരോധത്തിലാവുകയും ചെയ്തു.

സമസ്തയുടെയും മഹല്ല് ഫെഡറേഷന്റെയും അറിവോടെയാണ് വിലക്ക് എന്നായിരുന്നു മഹല്ല് ഭാരവാഹികൾ ഈ കുടുംബത്തെ അറിയിച്ചിരുന്നത്. കത്തിലും ഇതു പറയുന്നു. ഇത് ബോധ്യപ്പെടാനായി കൽപ്പറ്റയിലെ സമസ്തയുടെ ജില്ലാ ആസ്ഥാനത്ത് പോയി പരാതി സമർപ്പിക്കുകയുണ്ടായി. മൂന്ന് രണ്ട് ദിവസത്തിനകം പരാതിക്ക്ു മറുപടി നൽകാമെന്ന് സംസ്ത ഓഫീസിൽ നിന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ പള്ളി കമ്മിറ്റിയിൽ നിന്നും വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്‌തെങ്കിലും ഇതുവരെയും ലബീബിനും കുടുംബത്തിനും മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി രണ്ട് ദിവസം മുമ്പ് കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹരജി സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെയുണ്ടായ സ്റ്റേ ഉത്തരവ്. വഖ്ഫ് കോടതി അടുത്ത മാസം കേസ് പരിഗണിക്കും. കൂടാതെ മനുഷ്യാകാശ കമ്മീഷനും പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ലബീബും കുടുംബവും.

അതേസമയം പാണക്കാട്് തങ്ങൾക്കെതിരെ ലബീബ് ഇട്ട അതേ പോസ്റ്റ് മെയ് 20ന് മഹല്ല് സെക്രട്ടറി അഷ്‌റഫ് പൈക്കാടൻ തന്നെ സ്വന്തം വാളിൽ ഷെയർ ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. ലബീബിന്റെ കുടുംബത്തിനെതിരെ കത്ത് നൽകിയ സെക്രട്ടറി തന്നെ പോസ്റ്റ് ഷെയർ ചെയ്തത് നാട്ടിലും ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി മഹല്ല് സെക്രട്ടറി അഷ്‌റഫ് പൈക്കാടന് പറയാനുണ്ടായിരുന്നില്ല. ലബീബിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടോ ഹൈദരലി തങ്ങളെ വിമർശിച്ചിട്ടോ അല്ല താൻ പോസ്റ്റ് ഷെയർ ചെയ്തതെന്നും കൈ തട്ടി ഷെയർ ആവുകയായിരുന്നുവെന്നും മഹല്ല് സെക്രട്ടറി അഷ്‌റഫ് പൈക്കാടൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

ഈ പോസ്റ്റ് ഫീഡ് ചെയ്ത് വെക്കാൻ വേണ്ടി ഇവിടത്തെ പലരും ഷെയർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലബീബ് ചെയ്ത അതേ കാര്യമാണ് മഹല്ല് സെക്രട്ടറിയും ചെയ്തിരിക്കുന്നത്, എന്നിട്ട് എന്തുകൊണ്ടാണ് സെക്രട്ടറിക്കെതിരെ ഊരു വിലക്ക് ഏർപ്പെടുത്താത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP