Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസിൽ സുപ്രധാന വിധി; ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് സുപ്രീംകോടതി; ഭരണച്ചുമതല താൽക്കാലിക സമിതിക്കെന്ന് ഉത്തരവ്; ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണ സമിതി തുടരും; നിർണായക വിധി തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിന്മേൽ; ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാകില്ല; ബി നിലവറ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഭരണസമിതിക്ക് തീരുമാനിക്കാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസിൽ സുപ്രധാന വിധി; ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് സുപ്രീംകോടതി; ഭരണച്ചുമതല താൽക്കാലിക സമിതിക്കെന്ന് ഉത്തരവ്; ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണ സമിതി തുടരും; നിർണായക വിധി തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിന്മേൽ; ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാകില്ല; ബി നിലവറ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഭരണസമിതിക്ക് തീരുമാനിക്കാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസിൽ സുപ്രധാന വിധി. ക്ഷേത്രത്തിന്റെ ഭരണത്തിൽ രാജകുടുംബത്തിനുള്ള അവകാശം ശരിവെച്ച് കൊണ്ടു സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ഭരണച്ചുമതല താൽക്കാലിക സമിതിക്കാണെന്നും തൽക്കാലം ഇത് തന്നെ തുടരമെന്നും കോടതി ഉത്തരവിട്ടു ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നൽകിയ അപ്പീലിലാണു വിധി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാൽ അതിന്റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏൽപിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം. തുടർന്ന് രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ ഇനി തെരഞ്ഞെടുക്കണം. സമിതിയിൽ അഹിന്ദുക്കൾ പാടില്ലെന്നും സുപ്രിംകോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ബി നിലവറ തുറക്കുന്നത് അടക്കമുള്ള കാര്യത്തിൽ തീരുമാനം പുതിയ ഭരണസമിതി കൈക്കൊള്ളും.

വനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പുതിയ ഭരണ സമിതി രൂപീകരിക്കും വരെ താൽക്കാലിക സമിതിക്ക് ഭരണച്ചുമതല നിർവഹിക്കാം. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു 2011 ൽ ഹൈക്കോടതി വിധിച്ചത്. ട്രസ്റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിന്മുറക്കാരെയും 'പത്മനാഭദാസൻ' എന്ന നിലയിൽ ആചാരാനുഷ്ഠാനങ്ങളിൽ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമ്മിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്തുക്കൾ ഭക്തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും ഹൈക്കോടതി അന്ന് ഉത്തരവിട്ടിരുന്നു. പുതിയ സുപ്രീംകോടതി ഉത്തരവോടെ ഹൈക്കോടതി വിധ അസാധുവായി.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം നിലവിലുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നാണ് ഹൈക്കോടതി അന്ന് അഭിപ്രായപ്പെട്ടത്. മതേതര സർക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാൽ ഗുരുവായൂർ ദേവസ്വം മാതൃകയിൽ ട്രസ്റ്റോ നിയമാനുസൃത സമിതിയോ സ്ഥാപിച്ചു ഭരണം നടത്തണം. ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന്റെ വകയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചു.

ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ച് ആണ് കേസിൽ വിധി പ്രസ്താവിച്ചത്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയിൽ ഹൈക്കോടതി പുറപ്പടിവിച്ച വിധി. ക്ഷേത്രത്തിലെ വിവിധ നിലവറകളിൽ ഉള്ള അമൂല്യനിധികളുടെ കണക്ക് എടുക്കാനും ജസ്റ്റിസുമാരായ സി.എൻ.രാമചന്ദ്രനും കെ.സുരേന്ദ്ര മോഹനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.

ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തിൽ ഒരു അവകാശവും തിരുവിതാംകൂർ രാജകുടുംബം ഉന്നയിക്കുന്നില്ല. എന്നാൽ പ്രത്യേകതകൾ ഉള്ള ക്ഷേത്രമാണ്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് (വിഗ്രഹത്തിന്) അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്.

പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന നിലപാടാണ് രാജകുടുംബം കേരള ഹൈക്കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമ്പോൾ രാജകുടുംബം ഈ നിലപാട് തിരുത്തി. പൊതുക്ഷേത്രം ആണെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സുപ്രീം കോടതി രാജകുടുംബത്തിന്റെ ഹർജികൾ കേൾക്കാൻ തീരുമാനിച്ചത്. അതേസമയം ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂർ ഭാഗം ആകുന്നതും ആയി ബന്ധപ്പെട്ട ഉടമ്പടിയിൽ പത്മനാഭസ്വാമിക്ഷേത്രവും രാജകുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ടെന്ന് കോടതിയിൽ രാജകുടുംബം ചൂണ്ടിക്കാട്ടി. കവനന്റിന്റെ അടിസ്ഥാനത്തിൽ ആണ് 1950 ലെ ട്രാവൻകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമം നിലവിൽ വരുന്നത്. ഒരു ദേവസ്വം ബോർഡിന്റെയും അധികാര നിയന്ത്രണത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടില്ല. പത്മനാഭസ്വാമിയുടെ ദാസന്മാരാണ് തങ്ങൾ എന്നും തിരുവിതാംകൂർ രാജകുടുംബം കോടതിയിൽ വാദിച്ചു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിനായി കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കണം എന്നാണ് ക്ഷേത്രം ട്രസ്റ്റി രാമ വർമ്മ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. അധ്യക്ഷനെ നിയമിക്കേണ്ട ചുമതല കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആകണം. ഓരോ അംഗങ്ങളെ വീതം ക്ഷേത്രം ട്രസ്റ്റി, കേരള സർക്കാർ, കേന്ദ്ര സർക്കാർ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. അഞ്ചാമത്തെ അംഗം ക്ഷേത്രം തന്ത്രി ആയിരിക്കണമെന്നും രാമവർമ്മ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രാമവർമ്മയുടെ ഈ അഭിപ്രായത്തോട് രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾ പൂർണ്ണമായും യോജിച്ചിരുന്നില്ല എന്നാണ് സൂചന.

8 അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാർശയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയത്. 'പത്മാനാഭ ദാസൻ' ഭരണ സമിതിയിൽ അംഗം ആയിരിക്കും എന്ന് സർക്കാർ ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. ഇതിൽ ഒരു വനിതയും, പട്ടിക ജാതി / പട്ടിക വിഭാഗത്തിൽ നിന്നുള്ള ഒരു അംഗവും ഉണ്ടാകും. ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നോമിനേറ്റ് ചെയ്യും. മുഖ്യതന്ത്രി എക്സ് - ഒഫീഷ്യോ മെമ്പർ ആകും. തൊട്ട് കൂടായ്മയിൽ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നോമിനേറ്റ് ചെയ്യില്ല. സർക്കാർ ജീവനക്കാരെയും നോമിനേറ്റ് ചെയ്യില്ല എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആകെയുള്ളത് ആറു നിലവറകൾ ആണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയിൽ കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവ എ നിലവറയിൽ നിന്ന് കണ്ടെത്തിയിരുന്നു.

ശയനമൂർത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനിയുടെ സമാധി സങ്കൽപം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കൽ വാതിലുകൾ ഉപയോഗിച്ച്. ഇതു തുറക്കാൻ നിലവിൽ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകൾ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ആചാരപരമായ കാരണങ്ങളാൽ ബി നിലവറ തുറക്കാൻ അനുവദിക്കില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുൻപ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂർ രാജകുടുംബം പറയുന്നു.

എന്നാൽ നേരത്തെ ഏഴുതവണ ബി നിലവറ തുറന്നതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ബി നിലവറയിലെ അമൂല്യ വെള്ളി ശേഖരത്തിൽ നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തിൽ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളിൽ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP