Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊന്ന ഒറ്റക്കൈയൻ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ബലാത്സംഗത്തിനുള്ള ഏഴ് വർഷം മാത്രം ശരിവച്ചു; ഒന്നര വർഷം കൂടി ജയിലിൽ കഴിഞ്ഞാൽ ഗോവിന്ദച്ചാമി ചിരിച്ചുകൊണ്ടു പുറത്തുവരും; സമ്പൂർണ്ണ പരാജയമായി പ്രോസിക്യൂഷൻ

സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊന്ന ഒറ്റക്കൈയൻ ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി; ബലാത്സംഗത്തിനുള്ള ഏഴ് വർഷം മാത്രം ശരിവച്ചു; ഒന്നര വർഷം കൂടി ജയിലിൽ കഴിഞ്ഞാൽ ഗോവിന്ദച്ചാമി ചിരിച്ചുകൊണ്ടു പുറത്തുവരും; സമ്പൂർണ്ണ പരാജയമായി പ്രോസിക്യൂഷൻ

ന്യൂഡൽഹി: ട്രെയിനിൽ നിന്നും സൗമ്യയെ തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല. ഹൈക്കോടതി ശരിവച്ച വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ബലാത്സംഗമെന്ന കേസ് മാത്രം തെളിയിക്കപ്പെട്ട സാഹചര്യത്തിൽ ഏഴ് വർഷത്തെ കഠിന തടവ് മാത്രമാണ് കോടതി വിധിച്ചത്. ഇതോടെ നിലവിൽ ശിക്ഷ അനുഭവിച്ച ഗോവിന്ദച്ചാമി ചിരിച്ചുകൊണ്ട് ജയിലിൽ നിന്നും പുറത്തേക്ക് വരും. ഗോവിന്ദച്ചാമി ഒന്നര വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും. ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിലെ തീർപ്പുകൽപ്പിച്ചത്.

കേസിൽ അന്തിമവാദം കേൾക്കവെ കൊലപാതകത്തിന് കോടതി തെളിവുചോദിച്ചത് കേരളമനഃസാക്ഷിയെ ഞെട്ടിച്ചു. ഈ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നുമില്ല. സൗമ്യവധക്കേസിൽ തൃശൂർ വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചതിനെ ചോദ്യം ചെയ്താണ് പ്രതി ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്. 2014 ജൂലൈ മുപ്പതിന് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്റ്റേ ചെയ്ത കോടതി കേസിൽ വിശദമായ വാദം കേട്ടു. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടതിന് കോടതിക്ക് തെളിവുകൾ നൽകാൻ പ്രോസിക്യൂഷന്് സാധിച്ചില്ല.ശാസ്ത്രീയമായ തെളിവുകളും മൊഴികളും കൊലപാതകക്കുറ്റം തെളിയിക്കാൻ പര്യാപ്തമാണോ എന്ന ചോദ്യത്തിനും പ്രോസിക്യൂഷന് ഉത്തരംമുട്ടി.

അതേസമയം, വിധികേട്ട് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് സൗമ്യയുടെ മാതാവ് സുമതി മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. കേസ് വാദിക്കാൻ അറിയാത്ത വക്കീലിനെ ഏൽപ്പിച്ചാൽ ഇങ്ങനെയുണ്ടാകുമെന്നാണ് സുമതി കരഞ്ഞുകൊണ്ട് പറഞ്ഞത്. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനു തെളിവുണ്ടോ എന്നു അപ്പീൽ പരിഗണിക്കുമ്പോൾ സുപ്രീംകോടതി പ്രോസിക്യൂഷനോട് ആരാഞ്ഞിരുന്നു. സാഹചര്യത്തെളിവുകൾ പ്രകാരം ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചത്. കോടതിയുടെ ഈ ചോദ്യത്തിന് മുമ്പിൽ പ്രോസിക്യൂഷന് ഉത്തരം മുട്ടുകയുമുണ്ടാായി. സൗമ്യയെ ട്രെയിനിൽ നിന്നു ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിനു തെളിവില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളംഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു. ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് ഇയാൾ നൽകിയ അപ്പീലിലാണ് വിധി പറയാനിരിക്കുന്നത്.

ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസിൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സർക്കാരിനായി ഹാജരായത്. ഗോവിന്ദച്ചാമിക്ക് വേണ്ടി അഡ്വ. ആളൂരും ഹാജരായി. സൗമ്യയെ ബലാൽസംഗം ചെയ്തതിനു തെളിവുണ്ട്. ഇതടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ സുപ്രീംകോടതി ശിക്ഷാ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽനിന്നു തള്ളിയിടുകയായിരുന്നു എന്നതിനുള്ള സാഹചര്യത്തെളിവുകൾ നിരത്തി ബോധ്യപ്പെടുത്താൻ ഇവർക്കായില്ല. ഇക്കാര്യത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ബെഞ്ച് ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് അഭിഭാഷകരെ താക്കീത് ചെയ്യുകയുമുണ്ടായി. സൗമ്യ യാത്രചെയ്തിരുന്ന ലേഡീസ് കംപാർട്‌മെന്റിനു മുന്നിലുള്ള ജനറൽ കോച്ചിലെ യാത്രക്കാരന്റെ മൊഴിയിൽ സൗമ്യ എടുത്തുചാടിയെന്നാണു പറയുന്നത്. ഗോവിന്ദച്ചാമി തള്ളിയിട്ടെന്നതു പോലെ തന്നെ സൗമ്യ സ്വരക്ഷയ്ക്ക് എടുത്തു ചാടിയെന്ന സാധ്യതയും നിലനിൽക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. മരണകാരണമായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയിൽ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്കു സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിടാൻ സാധിക്കുമോയെന്നു ബെഞ്ചിലെ ജസ്റ്റിസുമാരായ പ്രഫുല്ല സി.പന്തും യു.യു. ലളിതും സംശയം പ്രകടിപ്പിച്ചു. എന്നാൽ സൗമ്യ ബലാത്സംഗത്തിന് ഇരയായതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

  • ഈ വാർത്ത രാവിലെ മറ്റു മാദ്ധ്യമങ്ങൾക്കൊപ്പം മറുനാടനും പ്രസിദ്ധീകരിച്ചതാണ്. എന്നാൽ, ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തം ആണെന്നു വൈകുന്നേരത്തോടെ വ്യക്തമായിട്ടുണ്ട്. തുടർന്നു മറുനാടനും പുതിയ വാർത്ത പ്രസിദ്ധീകരിച്ചെങ്കിലും ഈ വാർത്ത തിരുത്താതെ തുടരാൻ അനുവദിക്കുകയതാണ്- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP