Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കും ജാമ്യം. സ്വന്തം ജാമ്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്.

കേസിൽ സത്യം പുറത്തുവരുമെന്ന് ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. കേന്ദ്രം സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ എതിരാളികളെ സർക്കാർ വേട്ടയാടുകയാണ്. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്ന് മോദി കരുതേണ്ടെന്നും സോണിയ പറഞ്ഞു.

കോൺഗ്രസിനെ തകർക്കാമെന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി രാഷ്ട്രീയ വിരോധം തുടരട്ടെ. നിയമത്തെയും കോടതിയെയും ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കേസിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു.

ഉപാധികളേതുമില്ലാതെ 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്നു പേർക്കും കോടതി ജാമ്യം അനുവദിച്ചു. സുമൻ ദുബെ, ഓസ്‌കാർ ഫെർണാണ്ടസ്, മോത്തിലാൽ വോറ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും.

വെറും പത്തു മിനിറ്റിനുള്ളിൽ കോടതി നടപടികൾ അവസാനിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, പ്രിയങ്ക ഗാന്ധി, എ കെ ആന്റണി എന്നിവർ സോണിയക്കും രാഹുൽ ഗാന്ധിക്കും ജാമ്യം നിൽക്കാനായി കോടതിയിൽ എത്തിയിരുന്നു.

ഇരുവർക്കും ജാമ്യം നൽകരുതെന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചെങ്കിലും ഇക്കാര്യം കോടതി പരിഗണിച്ചില്ല. വിദേശയാത്രകൾ നിയന്ത്രിക്കണമെന്നു സ്വാമിയുടെ ആവശ്യവും കോടതി തള്ളി. കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകരുമായ കപിൽ സിബൽ. അഭിഷേക് സിങ്‌വി എന്നിവർ സോണിയക്കും രാഹുലിനും വേണ്ടി ഹാജരായി. കേസുമായി ബന്ധപ്പെട്ട് എപ്പോൾ വിളിപ്പിച്ചാലും ഹാജരാകാമെന്നും ഇരുവരും കോടതിയെ അറിയിച്ചു.

എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളൊക്കെ കോടതിവളപ്പിൽ എത്തിച്ചേർന്നിരുന്നു. നേരത്ത ജാമ്യാപേക്ഷ നൽകേണ്ടെന്ന നിലപാടായിരുന്നു സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പാർട്ടി തീരുമാനം. നേരത്തെ സോണിയയുടെ വസതിയായ 10 ജനപഥിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. ഇവിടെ നിന്നുമാണ് രാഹുലും സോണിയയും കോടതിയിലേക്ക് വന്നത്. ഇരുവർക്കുമായി മുൻപ്രധാനമന്ത്രി മന്മോഹൻ സിങും അഹമ്മദ് പട്ടേലുമാണ് ജാമ്യം നിൽക്കുകയെന്നായിരുന്നു സൂചന. സോണിയയുടെ മകൾ പ്രിയങ്ക ഗാന്ധിയും മരുമകൻ റോബർട്ട് വാധ്രയും കോടതിയിൽ എത്തിയിരുന്നു.

വൻ സുരക്ഷസന്നാഹത്തിലൂടെ വൈകിട്ട് മൂന്നോടെയാണ് സോണിയയും രാഹുലും കോടതിയിൽ ഹാജരായത്. ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളണമെന്ന് ഹർജിക്കാരാനായ സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിനെ ഭയപ്പെടുന്നില്ലെന്നും കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കേസിൽ ഹർജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഭാര്യയും നേരത്തെ കോടതിയിലെത്തിയിരുന്നു.

രാജ്യം ഉറ്റുനോക്കുന്ന കേസ് പരിഗണിക്കുന്ന പട്യാല ഹൗസ് കോടതിപരിസരത്തും കോൺഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരുന്നു. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്‌പി.ജി) മുതിർന്ന ഉദ്യോഗസ്ഥർ കോടതി പരിസരം പരിശോധിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം പുതുതായി 16 സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. എസ്‌പി.ജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ജില്ലാ ജഡ്ജിയുമായും ചർച്ച നടത്തി. കോടതിക്കകത്തുള്ള കടകളും കേസ് പരിഗണിക്കുന്ന കോടതിയുടെ രണ്ടാം ഗേറ്റും അടച്ചിടുകയും ചെയ്തു. രണ്ടാം നമ്പർ ഗേറ്റിലൂടെയാണ് സോണിയയും രാഹുലും കോടതിയിലെത്തിയത്.

ജാമ്യം ലഭിച്ചതിനു ശേഷം സോണിയയും രാഹുലും 24 അക്‌ബർ റോഡിലെ പാർട്ടി ആസ്ഥാനത്തേക്കു പോയി. ഭാവി പരിപാടികളെക്കുറിച്ചു മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. എ.ഐ.സി.സി ഭാരവാഹികളോടും നേതാക്കളോടും അവിടെ കാത്തിരിക്കാനാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നത്.

കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് ബിജെപി. നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസിലാണ് ഇരുവരോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാക്കൾ ഗുലാം അലി ആസാദിന്റെ വീട്ടിൽ നേരത്തെ യോഗം ചേർന്നിരുന്നു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് നാഷണൽ ഹെറാൾഡ് കേസെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് മുക്ത് ഭാരതമല്ല ബിജെപിയുടെ ലക്ഷ്യം, പ്രതിപക്ഷ മുക്ത് ഭാരതമാണെന്നും കോൺഗ്രസ് ആരോപിച്ചു.

കോൺഗ്രസ് കേസിനെ ഭയക്കുന്നുവെന്നാണു സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് കേസ് കൊടുത്തതെന്നും സ്വാമി പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണ നൽകുന്നുവെന്ന് റോബർട്ട് വാധ്ര പ്രതികരിച്ചു. പ്രതികാര രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്. സത്യം ജയിക്കുമെന്നും വാധ്ര പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിനെത്തിയ എംപിമാരോടും മുതിർന്ന നേതാക്കളോടും തലസ്ഥാനത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതിക്കു മുന്നിൽ ശക്തിപ്രകടനം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതിനു വിപരീതമായാണു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ കോടതിയിൽ എത്തിയത്്. സംസ്ഥാനങ്ങളിൽ നിന്നു നേതാക്കളാരും തലസ്ഥാനത്തേക്കു വരേണ്ടതില്ലെന്നു നിർദ്ദേശം നൽകിയിരുന്നു. ജാമ്യം നേടേണ്ട സാഹചര്യമുണ്ടായാൽ അതിനു മുതിരാതെ ജയിലിൽ പോകാൻ സോണിയയും രാഹുലും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതു പാടില്ലെന്ന ഉപദേശമാണ് അഭിഭാഷകരും മുതിർന്ന നേതാക്കളും നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP