Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാർ തട്ടിപ്പ് കേസിൽ നടി ശാലു മേനോനെതിരെ വിചാരണ തുടങ്ങി; 11 സാക്ഷികളെ വിസ്തരിച്ചു; 3 സാക്ഷികൾ ജൂൺ 1 ന് ഹാജരാകണം; പ്രവാസിയെ കബളിപ്പിച്ച കേസിൽ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിരുന്നത് മൂന്നുവർഷം തടവിന്

സോളാർ തട്ടിപ്പ് കേസിൽ നടി ശാലു മേനോനെതിരെ വിചാരണ തുടങ്ങി; 11 സാക്ഷികളെ വിസ്തരിച്ചു; 3 സാക്ഷികൾ ജൂൺ 1 ന് ഹാജരാകണം; പ്രവാസിയെ കബളിപ്പിച്ച കേസിൽ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ ശിക്ഷിച്ചിരുന്നത് മൂന്നുവർഷം തടവിന്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയിൽ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്ത കേസിൽ ചലച്ചിത്ര താരം ശാലു മേനോനെതിരെ വിചാരണ തുടങ്ങി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. രണ്ടും മൂന്നും പ്രതികളായ ചലച്ചിത്ര - ടീ വി സീരിയൽ നടി ശാലു മേനോനും മാതാവുമാണ് വിചാരണ നേരിടുന്നത് പ്രോസിക്യൂഷൻ ഭാഗത്തേക്ക്11 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതി അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തു. 3 സാക്ഷികൾ ജൂൺ 1 ന് ഹാജരാകാനും മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു:

ഇതേ കേസിൽ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ 3 വർഷം തടവിനും 10,000 രൂപ പിഴയൊടുക്കാനും 2020 ഒക്ടോബർ 21 ന് കോടതി ശിക്ഷിച്ചിരുന്നു. ഗൂഢാലോചനക്കുറ്റത്തിന് 6 മാസം തടവ് , ട്രസ്റ്റ് ലംഘനത്തിന് 3 വർഷം , വഞ്ചനക്ക് 3 വർഷവും 5,000 രൂപ പിഴയും , വ്യാജരേഖ അസ്സൽ പോലെ ഉപയോഗിച്ചതിന് 2 വർഷവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശിച്ചിട്ടുള്ളതിനാൽ 3 വർഷം തടവനുഭവിക്കുകയും 10,000 രൂപ പിഴ ഒടുക്കുകയും ചെയ്യണം.

ഒന്നാം പ്രതിക്കെതിരായ കേസ് തീർന്നതിനാൽ രണ്ടും മൂന്നും പ്രതികൾക്കെതിരായ കേസ് റീ ഫയൽ ചെയ്താണ് വിചാരണ തുടങ്ങിയത്.പരാതിക്കാരനും പ്രവാസിയുമായ റാസിക് അലിയാണ് പ്രോസിക്യൂഷൻ ഭാഗം ഒന്നാം സാക്ഷി. പ്രതികളുടെ ക്രിമിനൽ റിവിഷൻ ഹർജിയിൽ കേസിന്റെ വിചാരണ വിലക്കിക്കൊണ്ടുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തതിന്റെ വെളിച്ചത്തിലാണ് വിചാരണക്കോടതി കേസ് വിചാരണ ആരംഭിച്ചത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാർ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ. ആർ.ബി. നായരെന്ന ബിജു രാധാകൃഷ്ണൻ , സിനിമാ-സീരിയൽ താരം ശാലു മേനോൻ എന്ന ശാലു വേണുഗോപാൽ , ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് വഞ്ചനാ കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.

സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ വൈദ്യുതി ബിൽ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാർ വൈദ്യുതിയുടെ പേരിൽ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയായ റാസിഖ് അലിയിൽ നിന്നും 1,04,60,000 രൂപ പണമായും ചെക്ക് ലീഫായും കൈപ്പറ്റിയാണ് സോളാർ തട്ടിപ്പിനിരയാക്കിയത്.

കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബിൽ നിരക്കിൽ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാർ പാനലും വിൻഡ്മില്ലുകളും സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നൽകിയാണ് പ്രതികൾ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തിൽ ആകൃഷ്ടനായ പ്രവാസി പരസ്യത്തിൽ കൊടുത്ത ഫോൺ നമ്പരിൽ വിളിച്ചു. കൂടിക്കാഴ്ചക്ക് മുൻ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പ്രേരിപ്പിച്ച് സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലുകളും സ്ഥാപിച്ചു നൽകാമെന്നും വിശ്വസിപ്പിച്ച് 1, 04 , 60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു അവകാശപ്പെട്ടതായും അലി പൊലീസിന് മൊഴി നൽകി. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താൻ നടത്തിയ അന്വേഷണത്തിൽ ബിജു രാധാകൃഷ്ണൻ ഓഫീസ് പൂട്ടി മുങ്ങിയതായി വെളിപ്പെട്ടതായും ആരോപിച്ചു.

പ്രവാസിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് 2013 ൽ രജിസ്റ്റർ ചെയ്ത കേസ് സോളാർ തട്ടിപ്പു കേസുകൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2013 നവംബർ 30 ന് കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 406 ( വിശ്വാസ ലംഘനം ) , 419 ( ചതിക്കുന്നതിലേക്കായുള്ള ആൾമാറാട്ടം ) , 420 ( ചതിക്കുകയും ചതിക്കപ്പെട്ടയാളെ വഞ്ചനാപരമായി പ്രേരിപ്പിച്ചും കബളിപ്പിച്ചും പണം വാങ്ങുകയും ചെയ്യൽ ) , 471 ( വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ ) , 212 ( കുറ്റക്കാർക്ക് അഭയം കൊടുത്ത് ഒളിവിൽ പാർപ്പിക്കൽ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ കോടതി ചുമത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP