Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ തട്ടിപ്പു കേസിലെ ആദ്യ വിധി പ്രസ്താവിച്ചു; സരിതയ്ക്കും ബിജു രാധാകൃഷ്ണനും ആറ് വർഷം വീതം കഠിന തടവ്; ആറന്മുള സ്വദേശിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയ കേസിൽ വിധി പ്രഖ്യാപിച്ചത് പത്തനംതിട്ട കോടതി; വിധിക്ക് പിന്നാലെ സരിതയ്ക്ക് ജാമ്യം

സോളാർ തട്ടിപ്പു കേസിലെ ആദ്യ വിധി പ്രസ്താവിച്ചു; സരിതയ്ക്കും ബിജു രാധാകൃഷ്ണനും ആറ് വർഷം വീതം കഠിന തടവ്; ആറന്മുള സ്വദേശിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയ കേസിൽ വിധി പ്രഖ്യാപിച്ചത് പത്തനംതിട്ട കോടതി; വിധിക്ക് പിന്നാലെ സരിതയ്ക്ക് ജാമ്യം

പത്തനംതിട്ട: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പു കേസിലെ ആദ്യ വിധി പ്രഖ്യാപിച്ചു. കേസിലെ മുഖ്യമപ്രതി സരിത എസ് നായർക്കും ബിജു രാധാകൃഷ്ണനും കോടതി ആറ് വർഷത്തെ തടവും പിഴയും വിധിച്ചിട്ടുണ്ട്. രണ്ട് കേസുകളിലായി ആറ് വർഷത്തെ ശിക്ഷയാണ് ഇരുവർക്കും വിധിച്ചിരിക്കുന്നത്. ഈ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഫലത്തിൽ സരിതയും ബിജുവും മൂന്ന് വർഷത്തെ ശിക്ഷ അനുഭവിക്കണം. കേസിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിന് കോടതി സരിതക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബിജു രാധാകൃഷ്ണന് ജാമ്യമില്ല.പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

സരിത എസ് നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതോടെ വ്യാജരേഖ ചമയ്ക്കലും പണം തട്ടിയെടുക്കലും ശരിയെന്നു തെളിഞ്ഞു. സരിതയ്ക്ക് 45 ലക്ഷം രൂപയും ബിജുവിന് 75 ലക്ഷം രൂപയും പിഴശിക്ഷയും കോടതി വിധിച്ചു.

ആറന്മുള സ്വദേശിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയ കേസിലാണ് പത്തനംതിട്ട കോടതി വിധി പ്രഖ്യാപിച്ചത്. സോളാർ തട്ടിപ്പു കേസിൽ പത്തനംതിട്ട ജുഡിഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട് (ഒന്ന്) ജയകൃഷ്ണനാണ് ഇന്ന് വിധി പ്രസ്താവിച്ചത്. കേസിൽ ബിജു ഒന്നാം പ്രതിയും സരിത രണ്ടാം പ്രതിയുമാണ്.

ആറന്മുള സ്വദേശി ബാബുരാജിൽ നിന്ന് സോളാർ കമ്പനിയുടെ ഓഹരിയെന്ന നിലയിൽ പണം തട്ടിയെടുത്തുവെന്നാണ് കേസ്. സരിതയ്ക്കു വേണ്ടി അഡ്വ. പ്രിൻസ് പി. തോമസും ബിജുവിനുവേണ്ടി ജയ്‌സൺ മാത്യുവുമാണ് കേസ് വാദിച്ചത്. ആർ. പ്രദീപ് കുമാറാണ് പബഌക് പ്രോസിക്യൂട്ടർ. സോളാർ കേസിലെ ആദ്യ വിധിയാണിത്.

വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പണം തട്ടിയെടുക്കൽ എന്നിവയ്‌ക്കെതിരെ ഇരുവർക്കുമെതിരെ തെളിവുണ്ടെന്ന് പത്തനംതിട്ട ജുഡീഷൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ആർ ജയകൃഷ്ണൻ നിരീക്ഷിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 406, 409, 420 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഗൂഢാലോചന നടന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കേസിൽ സരിതയ്ക്കു ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ ബിജുവിനെ നേരെ ജയിലിലേക്കു തന്നെ കൊണ്ടുപോയി.

സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 33 കേസുകളിലായി 6.85 കോടിയുടെ തട്ടിപ്പുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. ഡോ. ബി ആർ നായർ, ലക്ഷ്മി നായർ തുടങ്ങി പല പേരിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. സോളാർ പാനലുകളും കാറ്റാടിയന്ത്രങ്ങളും സ്ഥാപിച്ചുനൽകാം, ടീം സോളാറിന്റെ ഫ്രാഞ്ചൈസി നൽകാം, ജോലി വാങ്ങി നൽകാം, വൻ ബിസിനസുകളിൽ പങ്കാളിയാക്കാം എന്നൊക്കെ പറഞ്ഞായിരുന്നു തട്ടിപ്പ്.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 11 കേസാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലത്തു ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതിനു ബിജുവിനെതിരെ ഉള്ളതടക്കം നാലു കേസുകളുണ്ട്. ആലപ്പുഴയിൽ ഏഴ്, ഇടുക്കിയിൽ മൂന്ന്, കോഴിക്കോട്ടും കണ്ണൂരും രണ്ടുവീതം, കോട്ടയത്തും മലപ്പുറത്തും കാസർകോട്ടും ഒന്നുവീതം എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. ഒറ്റയാളിൽനിന്ന് 1.19 കോടിരൂപ തട്ടിയെടുത്തതു മുതൽ 30,000 രൂപ നഷ്ടമായതു വരെ പരാതിപ്പട്ടികയിലുണ്ട്. പത്തനംതിട്ട ജില്ലയിൽനിന്നു 11 കേസുകളിലായി ആകെ 1.78 രൂപ തട്ടിയെടുത്തതായാണു പരാതി.

കേസിൽ കോടതി പുറപ്പെടുവിക്കുന്ന വിധി എന്തായാലും അതു മാനിക്കുമെന്ന് സരിത എസ് നായർ വിധി പ്രസ്താവത്തിനു മുമ്പ് പറഞ്ഞിരുന്നു. ഇടയാറന്മുള സ്വദേശിയാണ് പരാതിക്കാരനായ ബാബുരാജ്. ബിജുവും സരിതയും ചേർന്ന് 1.19 കോടി രൂപയാണ് ബാബുരാജിൽനിന്ന് തട്ടിയെടുത്തത്. എന്നാൽ, തനിക്ക് ഈ തട്ടിപ്പുമായി കൂടുതൽ ബന്ധമില്ലെന്നാണ് സരിത പറഞ്ഞത്. കേസിൽ ഒരാഴ്ചയ്ക്കകം അപ്പീൽ നൽകുമെന്ന് സരിത എസ് നായർ പ്രതികരിച്ചു.

അരുവിക്കര ഉപതെരഞ്ഞെടുപ്പു വേളയിൽ തന്നെ സോളാർ കേസുമായി ബന്ധപ്പെട്ട് ആദ്യ വിധി പുറത്തുവന്നത് ഭരണകക്ഷിയായ കോൺഗ്രസിനും തിരിച്ചടിയായിരിക്കുകയാണ്. സോളാർ കേസുൾപ്പെടെയുള്ള അഴിമതിക്കേസുകൾ മുഖ്യവിഷയമാക്കിയായിരുന്നു ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെ സോളാർ വിഷയം പരാമർശിച്ച് യുഡിഎഫ് സർക്കാരിനെ വിമർശിച്ചു സംസാരിച്ചിരുന്നു. ഇതിനിടെ സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരായി വിധി വന്നത് തങ്ങളുടെ വാദങ്ങൾ ശരിയായി എന്നു വാദിക്കാനും എൽഡിഎഫിനാകും. തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം നേടാൻ സോളാർ വിധി എൽഡിഎഫിനു തുണയാകുമെന്നുതന്നെയാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP