Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി മുതലുകൾ താൻ തിരികെ നൽകിയില്ലെന്ന് സാക്ഷി; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഹെഡ് കോൺസ്റ്റബിളുടെ മൊഴി വ്യക്തമാക്കുന്നത് തെളിവു നശിപ്പിക്കലിലേക്ക്; സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ ഒക്ടോബർ 18 ന് വീണ്ടും തുടരും

സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ അടക്കമുള്ള തൊണ്ടി മുതലുകൾ താൻ തിരികെ നൽകിയില്ലെന്ന് സാക്ഷി; ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഹെഡ് കോൺസ്റ്റബിളുടെ മൊഴി വ്യക്തമാക്കുന്നത് തെളിവു നശിപ്പിക്കലിലേക്ക്; സിബിഐ കോടതിയിൽ നടക്കുന്ന വിചാരണ ഒക്ടോബർ 18 ന് വീണ്ടും തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളടക്കമുള്ള തൊണ്ടിമുതലുകൾ കോട്ടയം ആർഡിഒ കോടതിയിൽ നിന്നും കേസന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയത് താൻ തിരിച്ചു നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ ഹെഡ് കോൺസ്റ്റബിളും പ്രോസിക്യൂഷൻ പതിനേഴാം സാക്ഷിയുമായ കെ ശങ്കരൻ സിബിഐ കോടതിയിൽ വിചാരണയ്ക്കിടെ മൊഴി നൽകി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ റൈറ്റർ ആയിട്ടുള്ള ഹെഡ്‌കോൺസ്റ്റബിൾ കെ ശങ്കരനെ ആർഡിഒ കോടതിയിൽ സമർപിക്കുവാൻ അഭയയുടെ തൊണ്ടിമുതൽ ഏൽപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി കെ സാമുവേൽ സൂപ്പർവൈസിങ് ഓഫീസർ ആയിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ ടി മൈക്കിൾ എന്നിവർ സിബിഐയ്ക്കു നേരത്തെ മൊഴി നൽകിയിരുന്നു.

കോട്ടയം ആർഡിഒ കോടതിയിലെ സീനിയർ സൂപ്രണ്ട് ആയിരുന്ന വി ഡി ജോൺ, ക്ലാർക്ക് ആയിരുന്ന ദിവാകരൻ നായർ എന്നീ രണ്ടു പ്രോസിക്യൂഷൻ സാക്ഷികൾ അഭയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎ്‌സപി കെ സാമുവേൽ അഭയയുടെ തൊണ്ടിമുതലുകൾ ആർഡിഒ കോടതിയിൽ നിന്നും രേഖാമൂലം വാങ്ങിക്കൊണ്ടു പോയിട്ട് തിരിച്ചു നൽകിയിട്ടില്ലെന്ന് സിബിഐ കോടതിയിൽ തിങ്കളാഴ്ച വിചാരണയ്ക്കിടെ മൊഴി നൽകിയിരുന്നു. ആർഡിഒ കോടതിയിൽ നിന്നും തൊണ്ടിമുതൽ വാങ്ങിയിട്ട് തിരിച്ചുനൽകാതെ തെളിവു നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാമുവേലിനെ 2015 ൽ പ്രതിയാക്കി സിബിഐ കോടതിയിൽ റിപ്പോർട്ട് കൊടുത്തിരുന്നു.

സിസ്റ്റർ അഭയ മാനസികരോഗം മൂലം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നു സ്ഥാപിച്ചുകൊണ്ട് അന്വേഷണം അവസാനിപ്പിച്ചു 30-1-93 ൽ കോട്ടയം ആർഡിഒ കോടതിയിൽ സാമുവേൽ റിപ്പോർട്ട് നൽകിയിരുന്നു. അഭയ കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയാണ് സിബിഐ കോടതിയിൽ ഇപ്പോൾ നടക്കുന്നത്. വിചാരണ ഒക്ടോബർ 18 ന് വീണ്ടും തുടരും.

സിസ്റ്റർ അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും ഡയറിയുമുൾപ്പെടെയുള്ള തൊണ്ടിമുതലുകൾ സിബിഐ അന്വേഷണം ഏറ്റെടുത്ത ഉടൻ സബ്ബ് ഡിവിഷണൽ മജിസ്ട്രേട്ടിന്റെ (ആർ ഡി ഒ) ഉത്തരവില്ലാതെയും ഫയൽ നശിപ്പിക്കൽ നിയമം കാറ്റിൽപ്പറത്തിയും നശിപ്പിച്ചു കളഞ്ഞതായി കോട്ടയം ആർ ഡി ഒ കോടതി സീനിയർ സൂപ്രണ്ട് ജോണും എൽ ഡി ക്ലാർക്ക് ദിവാകരൻ നായരും കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷൻ ഭാഗം പതിനഞ്ചും പതിനാറും സാക്ഷികളായി മൊഴി നൽകവേയാണ് ഇവർ നിർണ്ണായക വെളിപ്പെടുത്തൽ സി ബി ഐ കോടതി മുമ്പാകെ നടത്തിയത്.

കെ ഡിസ് (കീപ്പ് ഡിസ്പോസൽ ) തൊണ്ടിമുതലും രേഖകളും ഉൾക്കൊള്ളുന്ന ഫയലുകൾ കേസ് തീർന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം ആർ ഡി ഒ യുടെ അനുമതി ഉത്തരവോടെയേ നശിപ്പിക്കാവൂയെന്ന' മാനുവൽ ഓഫ് ഓഫീസ് പ്രൊസീജിയർ' ചട്ടം കാറ്റിൽപ്പറത്തി അന്നത്തെ എൽ ഡി ക്ലാർക്ക് മുരളീധരൻ ആണ് നശിപ്പിച്ചതെന്നും സാക്ഷികൾ മൊഴി നൽകിയിരുന്നു. 1993 ജനുവരി 30 ന് മുങ്ങിമരണമായി പരിഗണിച്ച് കേസ് നമ്പർ ഫയലിൽ നിന്ന് കുറവ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സാമുവൽ ആർഡിഒ കോടതിയിൽ റിപ്പോർട്ട് നൽകി.1993 ൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ഉടൻ 1993 ജൂലൈ 6ന് ക്രൈംബ്രാഞ്ച് തൊണ്ടിമുതലുകൾ തിരിച്ചേൽപ്പിക്കുന്നതായ കത്ത് അന്നത്തെ സീനിയർ സൂപ്രണ്ട് ഏലിയാമ്മക്ക് നൽകി.

ഏലിയാമ്മ അവ കൈപ്പറ്റിയതായി രേഖപ്പെടുത്തി പച്ചമഷി കൊണ്ട് ഒപ്പിട്ടിരിക്കുന്നതായും ഫയലിൽ കാണുന്നതായും സീനിയർ സൂപ്രണ്ട് ജോൺ മൊഴി നൽകി. തൊണ്ടിമുതൽ നിയമ വിരുദ്ധമായും രഹസ്യമായും നശിപ്പിച്ച കൃത്യത്തിൽ അന്നത്തെ സീനിയർ സൂപ്രണ്ട് ഏലിയാമ്മയും ഓഫീസ് ഫയലിൽ കൃത്രിമം കാട്ടിയതായി ഏലിയാമ്മക്ക് ശേഷം ചാർജെടുത്ത സീനിയർ സൂപ്രണ്ട് ജോൺ സി ബി ഐ ഹാജരാക്കിയ ആർ ഡി ഒ കോടതി രേഖകൾ പരിശോധിച്ച് സി ബി ഐ ജഡ്ജി സനിൽകുമാർ മുമ്പാകെ സാക്ഷിമൊഴി നൽകി.

സാമുവൽ തൊണ്ടിമുതൽ സഹിതം നൽകിയതായ കത്ത് തൊണ്ടിമുതലുകളുമായി ഒത്തു നോക്കി പരിശോധിക്കാൻ ഏലിയാമ്മ സെക്ഷൻ ക്ലാർക്കിന് മാർക്ക് ചെയ്തു നൽകിയതായി കാണുന്നില്ല. കത്തിന് സിസ്ട്രിബൂഷൻ നമ്പർ നൽകിയതായി കത്തിൽ കാണുന്നില്ലെന്നും ഇതെല്ലാം നിയമവിരുദ്ധ നടപടിയാണെന്നും ഫയലിൽ കുഴപ്പം നടന്നിട്ടുള്ളതായാണ് തനിക്ക് ബോധ്യമാകുന്നതെന്നും ജോൺ മൊഴി നൽകി. അതേ സമയം ബാംഗ്ലൂർ സെൻട്രൽ ഫോറൻസിക് ലാബിലെ നാർക്കോ അനാലിസിസ് വിദഗ്ധരായ നൂറാം സാക്ഷി കന്തസ്വാമിയെയും നൂറ്റിയൊന്നാം സാക്ഷിയായ പ്രവീണിനെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിക്കരുതെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹർജി സമർപ്പിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP