Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സരിതയും ഗണേശും വളരെ അടുപ്പമുള്ളവർ; എന്റെ പേര് സരിതയെ കൊണ്ട് പറയിപ്പിച്ചതും ഗണേശ്; ഒരിക്കലും സരിതയെ കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല; ഫോൺ വിളിച്ചത് ജീവനക്കാരും: ഷിബു ബേബി ജോൺ പറയുന്നത്

സരിതയും ഗണേശും വളരെ അടുപ്പമുള്ളവർ; എന്റെ പേര് സരിതയെ കൊണ്ട് പറയിപ്പിച്ചതും ഗണേശ്; ഒരിക്കലും സരിതയെ കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല; ഫോൺ വിളിച്ചത് ജീവനക്കാരും: ഷിബു ബേബി ജോൺ പറയുന്നത്

കൊച്ചി: തനിക്കെതിരേ സോളാർകേസ് പ്രതി സരിതയെക്കൊണ്ട് പറയിച്ചത് കെ ബി ഗണേശ്‌കുമാറെന്ന് മുന്മന്ത്രി ഷിബു ബേബിജോൺ. ഗണേശും സരിതയും തമ്മിൽ ഏറെക്കാലമായി അടുത്തബന്ധമുണ്ടെന്നും സരിതയെ സഹായിക്കുന്നത് ഗണേശാണെന്നും ഷിബു ബേബിജോൺ കമ്മീഷനിൽ മൊഴി നൽകി.

സോളർ കേസിലെ മുഖ്യപ്രതി സരിത എസ്.നായരെ നേരിട്ടു കാണുകയോ അവരുമായി ഒരു തവണപോലും സംസാരിക്കുകയോ ചെയ്തിട്ടില്ല. തന്റെ പഴ്‌സനൽ സ്റ്റാഫിൽപെട്ട ആരെങ്കിലുമാകാം സരിതയുമായി സംസാരിച്ചത്. ഫോൺ വിളികളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. സരിത എസ്.നായരെ രണ്ടു ഫോൺ നമ്പരുകളിൽ നിന്നായി എട്ടുതവണ ഷിബു ബേബി ജോൺ വിളിച്ചിരുന്നുവെന്നു കാട്ടുന്ന ഫോൺരേഖകൾ സോളർ കമ്മിഷനിൽ ഹാജരാക്കിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കാണു ഷിബു മറുപടി നൽകിയത്. ബിജു രാധാകൃഷ്ണൻ തനിക്കെതിരെ മൊഴി നൽകിയതിനാലാണ് കമ്മിഷനിൽ ഹാജരാകാൻ അഭിഭാഷകനെ ഏർപ്പാടാക്കിയത്. ഇക്കാര്യത്തിൽ ബിജു രാധാകൃഷ്ണനെ ക്രോസ് വിസ്താരം ചെയ്യുന്നതിന് കമ്മിഷനിൽ അപേക്ഷ നൽകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ഇതിനൊപ്പമാണ് ഗണേശാണ് എല്ലാത്തിനും പിന്നിലെന്ന് ഷിബു മൊഴി നൽകുന്നത്. അതിന്റെ സാഹചര്യം വിശദീകരിച്ചത് ഇങ്ങനെ- താനുമായി ഒരു ബന്ധവുമില്ലാത്ത സരിത തനിക്കെതിരേ രംഗത്ത് വരാൻ മറ്റൊരു കാരണവും കാണുന്നില്ല. സരിതയും ബിജുവും തനിക്കെതിരേ പറയുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഗണേശ് ചില സൂചനകൾ നൽകിയിരുന്നു. താനുമായി ഗണേശ് മുൻ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം തീർക്കാനുള്ള ചർച്ചയ്ക്കിടെ സരിതയും വിഷയമായിരുന്നെന്നും ഷിബു ബേബിജോൺ വ്യക്തമാക്കി. സരിതയും ബിജുവുമായി ഗണേശ് കുമാറിന് അടുത്ത ബന്ധമുണ്ട്. സരിത എഴുതിയ കത്ത് പോലും ആദ്യം കിട്ടിയത് ഗണേശ്കുമാറിന്റെ പിഎ പ്രദീപിനായിരുന്നു. സരിതയെ സഹായിക്കാൻ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നതും പ്രദീപാണെന്ന് ഷിബു ബേബിജോൺ ആരോപിച്ചു.

2013 ജൂൺ 13 മുതൽ ജൂലൈ ഒൻപതുവരെ ചേർന്ന മന്ത്രിസഭാ യോഗങ്ങളിൽ ജുഡീഷ്യൽ അന്വേഷണത്തെക്കുറിച്ചു ചർച്ച ചെയ്തിരുന്നോയെന്നു പറയാനാവില്ല. അതു കാബിനറ്റ് രഹസ്യമാണ്. സോളർ ഇടപാടിലെ ക്രമക്കേടുകളെ കുറിച്ചു സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയിട്ടുണ്ട്. ഭരണരംഗത്തെ പ്രമുഖർ തട്ടിപ്പിനു കൂട്ടുനിന്നുവെന്നത് ആരോപണം മാത്രമാണ്. എന്നാൽ പൊതുപ്രവർത്തകരെന്ന നിലയ്ക്ക് ഇവരിൽ പലരെയും സരിത വിളിച്ചിട്ടുണ്ടാകാം. തനിക്കെതിരെ ബിജു കമ്മിഷനിൽ മൊഴി നൽകിയതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന കാര്യം ആദ്യമായാണ് ഉന്നയിക്കുന്നതന്നും ഷിബു പറഞ്ഞു.

ഇതിനിടെ 2015 മെയ് 28നു കമ്മിഷനിൽ നിന്നു രഹസ്യമായി അയച്ച കത്തിനു ഷിബു പഴ്‌സനൽ സെക്രട്ടറി വഴി മറുപടി നൽകിയതു ശരിയായില്ലെന്നു ജസ്റ്റിസ് ജി.ശിവരാജൻ ചൂണ്ടിക്കാട്ടി. കത്തു രഹസ്യ സ്വഭാവമുള്ളതാണെന്ന് അറിയാതെയാണ് അങ്ങനെയൊരബദ്ധം സംഭവിച്ചതെന്നു ഷിബു ബേബിജോൺ മറുപടി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP