Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പാക്കിസ്ഥാൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഹർജി; മോദിക്കെതിരെ കേസെടുക്കുമോ എന്ന് ചോദിച്ച മുൻ എംപിയെ പിന്തുണച്ച് കോൺഗ്രസും; പരാമർശത്തിൽ മാപ്പു പറയാനില്ലെന്നു രമ്യ

പാക്കിസ്ഥാൻ നരകമല്ലെന്ന് പറഞ്ഞ നടി രമ്യയ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ഹർജി; മോദിക്കെതിരെ കേസെടുക്കുമോ എന്ന് ചോദിച്ച മുൻ എംപിയെ പിന്തുണച്ച് കോൺഗ്രസും; പരാമർശത്തിൽ മാപ്പു പറയാനില്ലെന്നു രമ്യ

ബംഗളുരു: കന്നഡ നടിയും കോൺഗ്രസ് പ്രവർത്തകയുമായ രമ്യക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. കർണാടകയിലെ അഭിഭാഷകൻ കെ വിറ്റൽ ഗൗഡയാണ് സോവംവാർപെട്ടിലെ ഫസ്റ്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹർജി സമർപിച്ചിരിക്കുന്നത്.

അതേസമയം, പാക്കിസ്ഥാൻ പരാമർശത്തിൽ മാപ്പ് പറയാൻ തയാറല്ലെന്ന് രമ്യ വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ല. തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ചെയ്തത്. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും രമ്യ പറഞ്ഞു.

നേരത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കർ പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിന് തുല്യമാണെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് പാക്കിസ്ഥാൻ നരകമല്ലെന്ന് രമ്യ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയെന്നോണമാണ് സാർക് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാക്കിസ്ഥാനിലെ ജനങ്ങൾ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. 'പാക്കിസ്ഥാൻ നരകമല്ല. നമ്മെപ്പോലുള്ളവരാണ് അവിടെയുമുള്ളത്.' രമ്യ പറഞ്ഞു. ഞായറാഴ്‌ച്ച മാണ്ഡ്യയിൽ നടന്ന ചടങ്ങിലായിരുന്നു രമ്യയുടെ പാക് പരാമർശം.

പാക്കിസ്ഥാനെ പുകഴ്‌ത്തിയ രമ്യ ഇന്ത്യയെ അപമാനിച്ചെന്നും പ്രകോപിച്ചെന്നും ആരോപിച്ചാണ് ഹർജി. അഭിഭാഷകന്റെ ഹർജിയിൽ ശനിയാഴ്‌ച്ച വാദം കേൾക്കും. രമ്യക്കെതിരെ ബിജെപി പ്രവർത്തകർ മാണ്ഡ്യയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. രമ്യയ്ക്കെതിരെ തെറിവിളികളുമായി സോഷ്യൽ മീഡിയയിലൂടെ ബിജെപി, എബിവിപി അനുകൂലികളും രംഗത്തെത്തിയിരുന്നു.

അതേസമയം രമ്യയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ട് റാവു രംഗത്തെത്തി. രമ്യ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെന്നും പാക് സന്ദർശനത്തിന്റെ അനുഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നും ദിനേശ് റാവു പറഞ്ഞു. 2011 മുതൽ കോൺഗ്രസ് അംഗമായ രമ്യ മാണ്ഡ്യ മണ്ഡലത്തിൽ നിന്നും മുൻപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ട്വിറ്ററിലും ഫേസ്‌ബുക്കിലും നടിയെ പരിഹസിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളും ട്രോളുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അതേസമയം തനിക്കെതിരെ വിമർശനം കൊഴുത്തപ്പോൾ മോദിക്കും മോഹൻ ഭാഗവതിനുമെതിരെ കേസെടുക്കുമോ എന്ന ചോദ്യമാണ് രമ്യ ഉയർത്തിയത്. 'പാക്കിസ്ഥാൻ ഇന്ത്യയുടെ സഹോദരനാണെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് ജീ പറയുന്നു. നരേന്ദ്ര മോദിയുടെ പ്രശസ്തമായ പാക് സന്ദർശനം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ' രമ്യ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP