Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌സി എസ്ടി സംവരണത്തിലും ക്രീമിലെയർ ആവാമെന്ന് സുപ്രീം കോടതി; സാമ്പത്തിക പുരോഗതി ജാതീയമായ പിന്നോക്കാവസ്ഥക്ക് പരിഹാരമല്ല എന്ന മുൻ നിലപാട് തിരുത്തി; ക്രീമിലെയർ ഏർപ്പെടുത്തുന്നതാണ് സമത്വത്തിന്റെ രീതി; ഒരു ജാതിക്കുള്ളിൽ കുറെപ്പേർ മാത്രം സമ്പന്നരാവുന്നതും തൊഴിൽനേടുന്നതും മറ്റുള്ളവർ അതേനിലയിൽ തുടരുന്നതും നീതികരിക്കാനാവില്ല; ജാതിസംവരണത്തിൽ അടിസ്ഥാന നിലപാട് മാറ്റി പരമോന്നത നീതിപീഠം

എസ്‌സി എസ്ടി സംവരണത്തിലും ക്രീമിലെയർ ആവാമെന്ന് സുപ്രീം കോടതി; സാമ്പത്തിക പുരോഗതി ജാതീയമായ പിന്നോക്കാവസ്ഥക്ക് പരിഹാരമല്ല എന്ന മുൻ നിലപാട് തിരുത്തി; ക്രീമിലെയർ ഏർപ്പെടുത്തുന്നതാണ് സമത്വത്തിന്റെ രീതി; ഒരു ജാതിക്കുള്ളിൽ കുറെപ്പേർ മാത്രം സമ്പന്നരാവുന്നതും തൊഴിൽനേടുന്നതും മറ്റുള്ളവർ അതേനിലയിൽ തുടരുന്നതും നീതികരിക്കാനാവില്ല; ജാതിസംവരണത്തിൽ അടിസ്ഥാന നിലപാട് മാറ്റി പരമോന്നത നീതിപീഠം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എക്കാലവും കീറാമുട്ടിയാണ് ഇന്ത്യൻ ജാതി സംവരണം. അങ്ങേയറ്റം വൈകാരികമായ ഈ വിഷയത്തിൽ സുപ്രധാനമായ നിലപാട് മാറ്റമായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ബുധനാഴ്ച നടത്തിയത്. എസ്ഇ/എസ്ടി സംവരണത്തിന് സാമ്പത്തിക പുരോഗതിയല്ല മാനദണ്ഡമെന്നും, ജാതീയവും സാമൂഹികമായ പിന്നോക്കാവസ്ഥയാണെന്നുമുള്ള മുൻ ഉത്തരവുകൾ തള്ളിയ സുപ്രീം കോടതി ക്രീമിലെയർ മാനദണ്ഡം ഈ മേഖലയിലും വേണമെന്ന് നിർദ്ദേശിച്ചു. ഒരു സമുദായത്തിലെ സമ്പന്നരായ വർഗം ജോലികൾ കുത്തകയാക്കിവെക്കുകയും മറ്റുള്ളവർ അതേനിലയിൽ തുടരുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. പ്രമുഖ ഓൺലൈൻ പോർട്ടലായ സ്‌ക്രാൾ ഇൻ ആണ് ഇതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്.

സർക്കാർ സർവീസിലുളേള പട്ടിക-ജാതി വിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റം നൽകണമെങ്കിൽ, അവരുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ ആവശ്യമില്ലെന്നും അഞ്ചംഗ ബെഞ്ച് വിദിച്ചു. എന്നാൽ, അതേ വിഭാഗക്കാരിലെ ക്രീമിലെയറുകാർക്ക് സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നും ബെഞ്ച് പറഞ്ഞു. പിന്നോക്കാവസ്ഥ വ്യക്തമാക്കുന്ന കണക്കുകൾ ശേഖരിച്ചുമാത്രമ എസ്എസിഎസിടി വിഭാഗങ്ങൾക്ക് സ്ഥാനക്കയറ്റം നൽകാവൂം എന്ന 2006 ലെ നാഗരാജ് കേസ് വിധിയിൽ വ്യക്തത വരുത്തിയാണ് ബെഞ്ചിന്റെ വിധി. നാഗരാജ് കേസിലെ വിധി വിശാല ബഞ്ചിന് വിടേണ്ടതില്ലെന്നും അഞ്ചംഗ ബഞ്ച് വിധിച്ചു. നാഗ് രാജ് കേസ് വിധി മണ്ഡൽ കമ്മീഷൻ കേസ് വിധിക്കുവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.അതേസമയം, എസ് സി എസ് ടി വിഭാഗങ്ങളിലെ മേൽത്തട്ടുകാർക്ക് സ്ഥാനക്കയറ്റ സംവരണം നൽകേണ്ടതില്ലെന്ന നാഗരാജ് കേസിലെ ഭാഗമാണ് ഭരണഘടനാ ബഞ്ച് നിലനിർത്തിയത്.

മുൻപ് ക്രീമിലെയർ പരിധിയിൽ സംവരണം ഏർപ്പെടുത്തിയിരുന്നത് മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് (ഒബിസി) മാത്രമായിരുന്നു. കോടതിയുടെ നിരീക്ഷണം പ്രാബല്യത്തിൽ വരാൻ നീക്കമുണ്ടായാൽ സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്നവർ സംവരണാനുകൂല്യത്തിൽ നിന്നും പുറത്താകും. 2006ൽ എം.നാഗരാജ് വേഴ്സ്സ് ഇന്ത്യൻ യൂണിയൻ എന്ന കേസിലെ വിധിന്യായം പുനപരിശോധിക്കണോ എന്ന് പഠിക്കാനായി ഭരണഘടനാ ബെഞ്ചിന് രൂപം കൊടുക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. സർക്കാർ ജോലികളിലെ പ്രമോഷന് പട്ടിക ജാതിക്കും പട്ടിക വർഗത്തിൽ പെടുന്നവർക്ക് സംവരണം എർപ്പെടുത്തിയതിൽ നിയന്ത്രണം കൊണ്ടുവന്ന വിധിയായിരുന്നു അത്. ഈ കേസ പഠിക്കവെയാണ് ജാതി വ്യവസ്ഥയിൽ നിന്നും സാമ്പത്തിക മാനദണ്ഡത്തിലേക്ക് ദളിതരുടേയും ആദിവാസികളുടേയും സംവരണം മാറ്റുന്നതാണ് നല്ലത് എന്ന പരാമർശം കോടതി നടത്തിയത്.

ക്രീമിലെയറിന്റെ തുടക്കം

സംവരണത്തിനായി ക്രീമിലെയർ പരിധി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയത് 1993ൽ ജസ്റ്റിസ് ഇന്ദിര സൗഹ്നിയുടെ സുപ്രീം കോടതി വിധിയാണ്. സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ആളുകളെ ഇത്തരം സംവരണത്തിൽ നിന്ന് ഒഴിവാക്കുന്നത് വഴി താഴെക്കിടയിലുള്ളവയായ യഥാർഥ പിന്നോക്ക വിഭാഗക്കാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും സാധിക്കും എന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ക്രീമിലെയർ സംവരണം എന്നത് ഒബിസി എന്ന മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് മാത്രമാണെന്നും പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾക്ക് ബാധകമല്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2005ൽ അഞ്ച് സുപ്രീം കോടതി ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചും പറഞ്ഞത് ഇതേ കാര്യമാണ്. 2008ൽ അശോക് കുമാർ താക്കൂർ അധ്യക്ഷനായ ബഞ്ചിന്റെ വിധിയും ഇതിന് സമാനമായിരുന്നു. ക്രീമിലെയർ എന്നത് പിന്നോക്ക വിഭാഗങ്ങളെ തിരിച്ചറിയാനുള്ള പരിധിയാണെന്നും ഇന്നാൽ ഇതിൽ പട്ടികജാതി വർഗം പെടില്ലെന്നും അവർ വേറെ വിഭാഗമാണെന്നും അശോക് കുമാർ അഭിപ്രായപ്പെട്ടിരുന്നു.

നിലപാടുകൾ മാറുമ്പോൾ

ബുധനാഴ്ച നാളിതുവരെ അവലംബിച്ചുവന്ന നിലപാടാണ് പരമോന്നത നീതിപീഠം മാറ്റിയത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളിലും ക്രീമിലെയർ പരിധി വരുന്നതാണ് സമത്വത്തിനുള്ള മാനദണ്ഡമെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ക്രീമിലെയർ പരിധി ദളിതർക്കും ആദിവാസി വിഭാഗങ്ങൾക്കും ലഭിക്കുമ്പോൾ സമത്വമാണ് അതിലൂടെ ഉണ്ടാകുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. 'ഈ സംവരണ ലിസ്റ്റിലുള്ള ചില ജാതിഗ്രൂപ്പുകൾ അങ്ങിനെതന്നെ നിൽക്കയാണ്. എന്നാൽ ചില വ്യക്തികൾ സാമ്പത്തികമായി ഉയർന്നിട്ടുണ്ടെന്നും അവർ ക്രീമിലെയർ ആയി പുറത്തുപോവുന്നതാണ് അഭികാമ്യം.'

ക്രീമിലെയർ പരിധി കൊണ്ടു വരുന്നതിലൂടെ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തുവാനും മുഖ്യധാരയിലേക്ക് അവരേയും എത്തിച്ച് സമത്വം സൃഷ്ടിക്കാൻ കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടു. 'സംവരണത്തിന്റെ ലക്ഷ്യം പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, മറ്റ് പൗരന്മാരുമായി കൈകോർത്തുകൊണ്ട് തുല്യമായി മുന്നോട്ടുപോവാൻ സഹായിക്കയുമാണ്. ജാതിക്കുള്ളിലെ ക്രീമിലെയർ വിഭാഗങ്ങൾ ജോലികൾ കൈയടക്കിവച്ചാൽ മറ്റുള്ളവർ അവർ എങ്ങനെയാണോ അങ്ങിനെ തന്നെ നിൽക്കും.'

അശോക് കുമാർ താക്കൂറിന്റെ വിധിയി ശരിയല്ലെന്നും ക്രീമീലെയർ എന്നത് തുല്യതയുമായി ബന്ധപ്പെട്ട ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 16, 14 എന്നിവയിലെ തുല്യതയുടെ അടിസ്ഥാനത്തിൽ ക്രീമിലെയർ ദലിത ആദിവാസി സംവരണത്തിലും ആവാമെന്ന് കോടതി നിരീക്ഷിച്ചു.

ചില മുൻ നിലപാടുകൾ

മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് 1990ൽ സംവരണം ഏർപ്പെടുത്തിയപ്പോൾ ദളിത് വിഭാഗത്തിലും ആദിവാസി വിഭാഗത്തിലും പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താൻ ക്രീമിലെയർ പരിധികൊണ്ട് സാധിക്കില്ലെന്നും ഇവർ തൊട്ടു കൂടായ്മയ്ക്ക് വിധേയമാകുന്ന വിഭാഗമാണെന്നുമായിരുന്നു സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പി.എസ് കൃഷ്ണൻ അഭിപ്രായപ്പെട്ടത് കോടതി മുമ്പ് മുഖവിലയ്ക്ക് എടുത്തിരുന്നു. ഈ വിഭാഗത്തിൽ നിന്നും ഒരാൾ കലക്ടറായാലും അയാളെ തൊട്ടുകൂടായ്മയുടെ നിഴലിൽ നിന്നും സമൂഹം മാറ്റി നിർത്തുന്നുണ്ടോ എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചിരുന്നത്.

ജവഹർലാൽ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടേയും മന്ത്രിസഭയിൽ അംഗമായിരുന്ന ജഗ്ജീവൻ റാം ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് ഗംഗാ ജലത്തിൽ കഴുകിയ സംഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാൽ സംവരണ സീറ്റുകളിൽ ദളിതരുടേയും ആദിവാസികളുടേയും എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ക്രീമിലെയർ പരിധി നിശ്ചയിക്കാമെന്നും കൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ സുപ്രീംകോടതി ഈ നിലപാടുകളെ തള്ളിക്കളയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP