Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടി സിദ്ദിഖിന്റെ വിവാഹമോചനവും അസാധുവാകുമോ? ഭാര്യക്ക് ഗുരുതര രോഗം ഉണ്ടെങ്കിൽ വിവാഹ മോചനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ടി സിദ്ദിഖിന്റെ വിവാഹമോചനവും അസാധുവാകുമോ? ഭാര്യക്ക് ഗുരുതര രോഗം ഉണ്ടെങ്കിൽ വിവാഹ മോചനം അനുവദിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് ഭാര്യ നസീമയെ വിവാഹമോചനം ചെയ്ത വാർത്ത ഏറെ ചർച്ചാ വിഷയമായതണ്. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും കോടതിയിൽ നടക്കുകയുമാണ്. ഭാര്യ നസീമ കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന വേളയിലായിരുന്നു സിദ്ദിഖ് ഭാര്യയെ മൊഴി ചൊല്ലിയത്. ഇതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്നും സിദ്ദിഖ് വിമർശങ്ങൾ കേൾക്കേണ്ടിയും വന്നു. ഇപ്പോൾ സിദ്ദിഖിന്റേത് അടക്കമുള്ള ഇത്തരം വിവാഹ മോചനങ്ങൾ അസാധുവാകുമോ എന്നതാണ് ഇനി അറിയേണ്ടത്. സുപ്രീംകോടതിയുടെ ഒരു വിധിയാണ് ഈ സംശയത്തിന് ആധാരമാകുന്നത്. ഉഭയകക്ഷി സമ്മതത്തോടെയാണെങ്കിൽപോലും രോഗിയായ ഭാര്യയെ ഭർത്താവിന് വിവാഹമോചനം ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു. അതുകൊണ്ട് തന്നെ ഭാര്യയുടെ സമ്മതല്ലാതെ മൊഴി ചൊല്ലിയ സിദ്ദിഖ് അടക്കമുള്ളവർക്ക് കൂടുതൽ തലവേദന ഈ വിധി ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

സ്തനാർബുദം ബാധിച്ച ഭാര്യയുടെ വിവാഹമോചനത്തിനുള്ള സമ്മതം അസാധുവാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ആദ്യം ഭാര്യയുടെ രോഗം ചികിത്സിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ട സുപ്രീംകോടതി, ചികിത്സാ ചെലവിലേക്ക് ഒരാഴ്ചക്കകം അഞ്ച് ലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. മുംബൈ കുടുംബകോടതിയുടെ പരിഗണനയിലുള്ള വിവാഹമോചന അപേക്ഷ ഹൈദരാബാദ് കുടുംബ കോടതിയിലേക്ക് മാറ്റണമെന്ന ഹരജിയിൽ അസാധാരണമായി ഇടപെട്ടാണ് അഞ്ച് വർഷം മുമ്പ് വിവാഹിതരായ ദമ്പതികളുടെ വിവാഹമോചനം സുപ്രീംകോടതി തടഞ്ഞത്. വെണ്ണങ്ങോട്ട് മോഹൻദാസ് സമീർ എന്നയാൾ സ്തനാർബുദം ബാധിച്ച ഭാര്യ അനുരാധയെ വിവാഹമോചനം ചെയ്യാൻ സമർപ്പിച്ച ഹരജി അവരുടെ രോഗം ഭേദമായ ശേഷം ഹൈദരാബാദ് കുടുംബകോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഭാര്യയുടെ ചികിത്സക്ക് 12 ലക്ഷം രൂപ നൽകാമെന്ന് കരാറുണ്ടാക്കിയാണ് മോഹൻ ദാസ് സമീർ വിവാഹമോചനത്തിന് അനുമതി തേടിയത്. 2010ലായിരുന്നു വിവാഹം. സുപ്രീംകോടതിയുടെ മധ്യസ്ഥ കേന്ദ്രം വഴി കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹമോചന ഹരജി നൽകിയത്. വിവാഹ മോചനത്തിന് ഭർത്താവ് നിശ്ചയിച്ച വ്യവസ്ഥ അനുരാധ അംഗീകരിക്കുകയായിരുന്നു. മുംബൈ ഹൈക്കോടതിയിലുള്ള വിവാഹമോചന ഹരജി ഭാര്യയുടെ സ്വദേശമായ ഹൈദരാബാദിലേക്ക് മാറ്റാനാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

എന്നാൽ, ജീവിതം അപായപ്പെടുത്തുന്ന രോഗാവസ്ഥയിലാണ് അനുരാധയെന്ന് തങ്ങൾക്ക് മനസ്സിലായെന്ന് സുപ്രീംകോടതി പറഞ്ഞു. ഡോക്ടർമാർ ശസ്ത്രക്രിയയും എട്ടോളം കീമോതെറപ്പിയും നിർദേശിച്ചിരിക്കുകയാണ്. ഓരോ ഘട്ടത്തിനും 50,000 രൂപയെങ്കിലും ചെലവാകും. അതിനാൽ ചികിത്സക്ക് പണം കണ്ടത്തൊനാണ് ഇത്തരമൊരു ധാരണയുണ്ടാക്കി അനുരാധ വിവാഹമോചനത്തിന് സമ്മതിച്ചതെന്ന് പറഞ്ഞാൽ അത് തള്ളിക്കളയാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അനുരാധയുടെ ചികിത്സക്കുള്ള തുക ഭർത്താവുമായുള്ള ഉടമ്പടിക്ക് വെക്കേണ്ട വ്യവസ്ഥയല്‌ളെന്നും മറിച്ച്, ഭർത്താവെന്ന നിലയിലുള്ള മോഹൻദാസിന്റെ ഉത്തരവാദിത്തമാണെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു. അതിനാൽ, ഒരാഴ്ചക്കകം ചികിത്സക്ക് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ഒരു ഹിന്ദുഭാര്യ ഭർത്താവിനെ ദൈവമായാണ് കാണുന്നതെന്ന് ജസ്റ്റിസ് എം.വൈ. ഇഖ്ബാൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വിവാഹത്തോടെ ഭർത്താവിനുള്ള നിസ്വാർഥമായ സേവനവും സമർപ്പണവുമാണ് ഹിന്ദു ഭാര്യയുടെ ജീവിതം. അങ്ങനെ ഭർത്താവിന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുകയാണവരെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP