Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ പടുകൂറ്റൻ ഫ്‌ളാറ്റുകൾ പൊളിച്ചടുക്കിയ കാർക്കശ്യക്കാരൻ ന്യായാധിപന്റെ മുന്നിൽ ടെലിക്കോം ഭീമന്മാരും മുട്ടു മടക്കുമോ? ജസ്റ്റിസ് അരുൺ മിശ്രയെ ചൊടിപ്പിച്ചത് ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചത്; പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവിറക്കിയത് കഴിഞ്ഞ മാസം 23ന്; കടംകയറി കുത്തുപാള എടുത്തിരിക്കുന്ന ബിഎസ്എൻഎൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കി

മരടിലെ പടുകൂറ്റൻ ഫ്‌ളാറ്റുകൾ പൊളിച്ചടുക്കിയ കാർക്കശ്യക്കാരൻ ന്യായാധിപന്റെ മുന്നിൽ ടെലിക്കോം ഭീമന്മാരും മുട്ടു മടക്കുമോ? ജസ്റ്റിസ് അരുൺ മിശ്രയെ ചൊടിപ്പിച്ചത് ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചത്; പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവിറക്കിയത് കഴിഞ്ഞ മാസം 23ന്; കടംകയറി കുത്തുപാള എടുത്തിരിക്കുന്ന ബിഎസ്എൻഎൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്‌പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശിക അടയ്ക്കണമെന്ന വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്ന രൂക്ഷ വിമർശന ഉയർത്തി സൂപ്രിംകോടതി ഇന്നലെ രംഗത്തുവന്നതോടെ ഈ കമ്പനികളുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്. നിയമം ലഘിച്ചു നിർമ്മിച്ച മരടിലെ പടുകൂറ്റൻ ഫ്‌ളാറ്റുകൾ പൊളിപ്പിച്ച കാർക്കാര്യക്കാരനായ ജസ്റ്റിസ് അരുൺ മിശ്രയാണ് ടെലികോം കമ്പനികളുടെ കേസ് പരിഗണിക്കുന്നത് എന്നതിനാൽ ടെലിക്കോം കമ്പനികൾക്കും കോടതിയുടെ നീക്കം കനത്ത തിരിച്ചടിയാണ്. അരുൺ മിശ്രയെ കൂടാതെ ജസ്റ്റിസ് എസ് അബ്ദുൾ നസീർ, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. ഇതിൽ കടുത്ത വിമർശനം ഉയർത്തിയത് അരുൺ മിശ്രയാണെന്ന് മാത്രം.

കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചതോടെ കേന്ദ്രവും വെട്ടിലായിട്ടുണ്ട്. പിന്നാലെ, ഇന്നലെ രാത്രി 12നു മുൻപു തന്നെ പണം അടയ്ക്കണമെന്നു കമ്പനികൾക്കു കേന്ദ്രം അന്ത്യശാസനം നൽകിയെങ്കിലും കമ്പനികൾ പണം അടച്ചിട്ടില്ല. വിവിധ ടെലികോം കമ്പനികളിൽനിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള കേന്ദ്ര തീരുമാനം ഒക്ടോബർ 24നു സുപ്രീം കോടതി ശരിവച്ചിരുന്നു. പിഴയും ചേർത്ത് 1.47 ലക്ഷം കോടിയാണ് കഴിഞ്ഞ മാസം 23നകം നൽകേണ്ടിയിരുന്നത്. വിധിക്കെതിരെ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ കഴിഞ്ഞ 16നു കോടതി തള്ളി.

എന്നാൽ, പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് 23നു മന്ത്രാലയം ഉത്തരവിറക്കി. ഇതു ചോദ്യം ചെയ്ത് സേവ് കൺസ്യൂമർ റൈറ്റ്‌സ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടന റിട്ട് ഹർജി നൽകി. ഉത്തരവു പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു കമ്പനികളും അപേക്ഷ നൽകി. ഇവയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.

പുനഃപരിശോധനാ ഹർജി തള്ളിയശേഷവും കമ്പനികൾ നയാപൈസ അടച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. വിധി നടപ്പാക്കാതിരിക്കാൻ മന്ത്രാലയം നൽകിയ ഉത്തരവ് പണത്തിന്റെ ശക്തിയാണു കാണിക്കുന്നതെന്നും പറഞ്ഞു. ഉത്തരവ് ഉടനെ പിൻവലിക്കണം; അടുത്ത മാസം 17നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയലക്ഷ്യ നടപടി വേണ്ടെങ്കിൽ കമ്പനികളുടെ മാനേജിങ് ഡയറക്ടറും ഡയറക്ടർമാരും ഉത്തരവു നൽകിയ ഉദ്യോഗസ്ഥനും കാരണം ബോധിപ്പിക്കണം. പണമടച്ചില്ലെങ്കിൽ ഇവർ നേരിട്ടു ഹാജരാകുകയും വേണം കോടതി വ്യക്തമാക്കി. പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾക്കു തൊട്ടു പിന്നാലെ സർക്കാർ പിൻവലിച്ചു. കമ്പനികളും കോടതിയിലെ ഇടക്കാല അപേക്ഷകൾ പിൻവലിച്ചു.

കടുത്ത വിമർശനമാണ് സൂപ്രീംകോടതി ഉയർത്തിയത്. കോടതി വിധി നടപ്പാകാത്ത രാജ്യത്തു ജീവിക്കാനല്ല, രാജ്യം വിടാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ സുപ്രീം കോടതി അടച്ചുപൂട്ടുന്നതാണു നല്ലതെന്നും ജസ്റ്റിസ് മിശ്ര പരിതപിച്ചു. ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പണം നൽകാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് അക്കൗണ്ടന്റ് ജനറലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിധി അട്ടിമറിക്കുന്ന നടപടിയാണ് ഇതെന്നാണ് കോടതി വിലയിരുത്തിയത്.

സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുംവിധം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ നടപടി തന്നെ അക്ഷരാർഥത്തിൽ നടുക്കിയെന്നു ജസ്റ്റിസ് മിശ്ര പറഞ്ഞു. 'ഇതു പണത്തിന്റെ ശക്തിയല്ലാതെന്ത്? ഇത്തരത്തിലല്ല ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. ഇതു കമ്പനികളെ സഹായിക്കാനുള്ള നടപടി മാത്രമാണ്. ടെലികോം വകുപ്പിലെ ഒരു ഡെസ്‌ക് ഓഫിസർക്ക് എങ്ങനെയാണ് സുപ്രീം കോടതിയുടെ ഉത്തരവിനോട് ഇതു ചെയ്യാനാവുക? ഇതാണോ രാജ്യത്തെ നിയമം? ഇങ്ങനെയാണോ നിങ്ങൾ കോടതിയോടു പെരുമാറേണ്ടത്? ആരാണ് ഈ വിഡ്ഢിത്തമൊക്കെ കാണിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞാൻ ഈ കോടതിയിലും സംവിധാനത്തിലും പ്രവർത്തിക്കുന്നതെങ്ങനെ? ഉത്തരവാദിത്തത്തോടെയാണ് ഞാനിതു പറയുന്നത്'' ജസ്റ്റിസ് മിശ്ര പറഞ്ഞു.

ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. അപ്പോൾ, അദ്ദേഹത്തോടു കോടതി ചോദിച്ചതിങ്ങനെ: രാജ്യത്തിന്റെ സോളിസിറ്റർ ജനറലെന്ന നിലയ്ക്ക്, ഉത്തരവു പിൻവലിക്കാൻ താങ്കൾ ഉദ്യോഗസ്ഥനോടു പറഞ്ഞോ? ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല. ഇങ്ങനെ ഈ രാജ്യത്തു സംഭവിക്കാൻ പാടില്ല. ഇത്തരത്തിൽ ഞങ്ങൾക്കു പ്രവർത്തിക്കാനാവില്ല. നിങ്ങളുടെ ഡെസ്‌ക് ഓഫിസർക്ക് ഇങ്ങനെ പ്രവർത്തിക്കാമെങ്കിൽ, നമുക്കു സുപ്രീം കോടതി അടച്ചുപൂട്ടാം. പണത്തിന്റെ ബലം അത്രയേറെയാണ്.

കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) എന്നതിൽ എന്തൊക്കെ ഉൾപ്പെടുമെന്നതായിരുന്നു കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള തർക്കം. ഇതു തീർപ്പാക്കിയാണ് കഴിഞ്ഞ ഒക്ടോബർ 24ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധി നൽകിയത്. അങ്ങനെയാണ്, കമ്പനികൾ സ്‌പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീ ഇനത്തിൽ പിഴയും പലിശയും ചേർത്ത് 1.47 ലക്ഷം കോടി രൂപ ടെലികോം വകുപ്പിനു നൽകണമെന്ന സ്ഥിതിയായത്. ടെലികോം സേവനങ്ങൾ മാത്രമാണ് എജിആറിൽ ഉൾപ്പെടുകയെന്നാണ് കമ്പനികൾ വാദിച്ചത്. എന്നാൽ, സേവനങ്ങൾ മാത്രമല്ല, നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് എജിആർ എന്ന് ടെലികോം വകുപ്പ് നിലപാടെടുത്തു. ഇതു സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

കമ്പനികൾ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നൽകണമെന്നാണ് 1999ലെ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ചാണ് കരാറിൽ എജിആർ വ്യവസ്ഥ ഉൾപ്പെടുത്തിയത്. സ്‌പെക്ട്രം യൂസർ ഇനത്തിൽ വരുമാനത്തിന്റെ 3 5% വരെയും ലൈസൻസ് ഫീ ആയി 8 ശതമാനവും നൽകണമെന്നാണു വ്യവസ്ഥ ചെയ്തത്. വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നു സേവ് കൺസ്യൂമർ റൈറ്റ്‌സ് ഫൗണ്ടേഷനു വേണ്ടി ഹാജരായ ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കർ എന്നിവർ വാദിച്ചിരുന്നു.

കോടതി ഉത്തരവ് പ്രകാരം കമ്പനികൾ നൽകേണ്ടത് ഈ തുകയാണ്:

വോഡഫോൺ ഐഡിയ 53,000 കോടി രൂപ

ഭാരതി എയർടെൽ 35,586 കോടി

ടാറ്റ ടെലി സർവീസസ് 14,000 കോടി

റിലയൻസ് കമ്യൂണിക്കേഷൻസ് 16456 കോടി(പലിശയില്ലാതെ)

ബിഎസ്എൻഎൽ 2098 കോടി

എംടിഎൻഎൽ 2537 കോടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP