Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ

ഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കി സോളാർ അഴിമതി വീണ്ടും കൊഴുക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ തട്ടിപ്പുകാരി സരിത എസ് നായർ തന്നെ മൊഴി നൽകി രംഗത്തെത്തിയതാണ് സർക്കാറിനെ വെട്ടിലാക്കിയത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇതിൽ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.

ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഒന്നും ഉന്നയിക്കാത്ത സരിതയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതി നിർണ്ണായകമാണ്. ഇതോടെ സോളാർ വിവാദം യുഡിഎഫിനെ പിടിച്ചുലയ്ക്കുമെന്ന കാര്യം ഉറപ്പായി.

സോളാർ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തൻ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി.

ആദ്യ ഗഡു 1.10 കോടി നൽകിയത് 2012 ഡിസംബർ 27ന്

ൽഹിയിൽ ചൗന്ദ്‌നി ചൗക്കിൽ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബർ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. കുരുവിളയുടെ കാറിൽ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നൽകിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിൽ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടിൽ വച്ച് കൈമാറിയതെന്നും സരിത പറഞ്ഞു. ഈ തുക കൈമാറി 14 ദിവസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലാവുകയായിരുന്നെന്നും സരിത കമ്മിഷൻ മുമ്പാകെ പറഞ്ഞു.

മുഖ്യമന്ത്രിയെ ആദ്യം കണ്ടത് 2011 ജൂണിൽ

ഫ്‌ളോട്ടിങ് സോളാർ എന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നതിന് വേണ്ടിയായിരുന്നു ജിക്കുമോൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടറിയേറ്റിൽവച്ച് കണ്ടെന്നും സരിത പറഞ്ഞു. നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ആദ്യം കണ്ടതു 2011 ജൂണിലാണ്. അന്ന് സെക്രട്ടേറിയറ്റിൽ വച്ച് ടീം സോളാറിന്റെ സോളാർ പദ്ധതിയെ കുറിച്ചുള്ള രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിത പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാൻ അഭ്യർത്ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓർമയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.

2012 ഫെബ്രുവരി 26ന് സെക്രട്ടറിയറ്റിൽ എത്താൻ ആവശ്യപ്പെട്ടു. അന്ന് ഒരു അവധി ദിവസമായിരുന്നു. അവിടെ ജോപ്പൻ ഉണ്ടായിരുന്നതിനാൽ പണമിടപാടിന്റെ കാര്യം സംസാരിച്ചില്ല. ബിജു രാധാകൃഷ്ണനെതിരെ നടപടിയെടുക്കില്ലെന്നും തന്നോട് മുഖ്യമന്ത്രിപറഞ്ഞെന്നും സരിത മൊഴിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാൻഡ് ഫോണിൽ വിളിച്ചിട്ടുണ്ട്. അതിൽ സലിംരാജിനോടും ജിക്കുമോനോടും സംസാരിച്ചു.

ആര്യാടനു 40 ലക്ഷം നൽകിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്

വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാണ് ആര്യാടനെ കണ്ടതെന്നും സരിത വ്യക്തമാക്കി. ഊർജ്ജ വകുപ്പിന്റെ കാര്യങ്ങൾ മന്ത്രി ആര്യാടനാണ് കൈകാര്യം ചെയ്യുന്നത് എന്നു പറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആര്യാടനെ കാണാൻ നിർദ്ദേശിച്ചു. പിന്നീടും പലതവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലിംരാജ് എന്നിവർ വഴിയായിരുന്നു കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കിയിരുന്നതെന്നും സരിത മൊഴി നൽകി.

മന്ത്രി ആര്യാടൻ മുഹമ്മദിന് 25 ലക്ഷം രൂപയാണ് ആദ്യം നൽകിയത്. ആര്യാടന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പി എ കേശവനാണ് പണം നല്കിയതെന്നും സരിത പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിൽ വച്ചാണ് പണം കൈമാറിയെതെന്നും സരിത പറഞ്ഞു. 2 കോടി രൂപയാണ് ആര്യാടന്റെ പി എ ആവശ്യപ്പെട്ടത്. പിന്നീട് ഒരു കോടിയായി നിജപ്പെടുത്തി. ഇതിൽ 25 ലക്ഷം രൂപ ആദ്യഘട്ടമായി നൽകി. പിന്നീട് ഓഫീസ് സ്റ്റാഫ് മുമ്പാകെ 15 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.

ശ്രീധരൻ നായർക്കൊപ്പവും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടുവെന്നും സരിത എസ് നായർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ ഏറ്റവും വിവാദത്തിലാക്കിയ വെളിപ്പെടുത്തലായിരുന്നു അത്. ഇക്കാര്യം ശ്രീധരൻ നായർ മാദ്ധ്യമങ്ങളോടും കോടതിയിലും പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ശെൽവരാജ് എംഎൽഎയും ഉണ്ടായിരുന്നുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി.

2012 ജൂലൈ ഒൻപതിനായിരുന്നു കൂടിക്കാഴ്ച. അന്ന് മുഖ്യമന്ത്രിയുടെ ക്യാബിനിലായിരുന്നു ആർ ശെൽവരാജ് എംഎൽഎ. എല്ലാ സഹായവും ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തു.

ടി സി മാത്യു പരാതിപ്പെട്ടതു തന്നോടു പറഞ്ഞതു മുഖ്യമന്ത്രി

ട്ടിപ്പിന് വിധേയനായെന്ന് ടി സി മാത്യു മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പരാതി പറഞ്ഞത് മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.

ആരോപണങ്ങൾ തെറ്റെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പിഎയും

തേസമയം സരിത ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആരോപണ വിധേയർ പ്രതികരിച്ചു. സരിത പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പി എ കേശവനും പ്രതികരിച്ചു. സരിതയ്ക്ക് മറ്റെന്തോ ഉദ്ദേശ്യമാണ് ഉള്ളതെന്നും കേശവൻ പറഞ്ഞു.

ഇന്നു തന്നെ രാജിവയ്ക്കണമെന്നു കോടിയേരി

തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ പ്രതിയായ സരിത എസ് നായരിൽ നിന്നു കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടൻതന്നെ രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. രണ്ടു ഘട്ടങ്ങളിലായി ഒരുകോടി 90 ലക്ഷം രൂപ കോഴ നൽകിയെന്ന് സോളാർകമ്മീഷനു മുന്നിലാണ് സരിത എസ് നായർ മൊഴി നൽകിയിരിക്കുന്നത്.

മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത മൊഴിനൽകിയിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ തന്നെ രാജിവെക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കേൾക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരൻ

അതേസമയം, തെരഞ്ഞെടുപ്പു വരുമ്പോൾ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാർ കേസിൽ ഉയരുന്നതെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. കേൾക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ജനരക്ഷാ യാത്രയിലായതു കൊണ്ടു മാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പൂർണമായി മനസിലാക്കാനായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.

ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പു സമയത്ത് സ്വാഭാവികമാണ്. ഇനിയും വരാം. ഇതൊന്നും കേരളത്തിലെ യുഡിഎഫിനെയോ കോൺഗ്രസിനെയോ പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിനെ തകർക്കാൻ കുറേക്കാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ചുതന്നെ യുഡിഎഫ് മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP