Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് ജാമ്യം; കലൂരിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതെ ഇഡി; ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിച്ചുവെന്ന ഈപ്പന്റെ വാദം അംഗീകരിച്ച്

ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് ജാമ്യം; കലൂരിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതെ ഇഡി; ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിച്ചുവെന്ന ഈപ്പന്റെ വാദം അംഗീകരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് കോടതി ജാമ്യം അനുവദിച്ചു. കലൂരിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്തോഷ് ഈപ്പന്റെ ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തില്ല. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് പത്ത് തവണ ഇ.ഡിക്ക് മുന്നിൽ സന്തോഷ് ഈപ്പൻ ഹാജരായിരുന്നു. ഏഴുദിവസം ഇ.ഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

ലൈഫ് മിഷൻ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്റേത്. ആദ്യം അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആണ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഫ്‌ളാറ്റുകൾ നിർമ്മിക്കാൻ ദുബായിയിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴയായി നൽകിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പൻ കോഴ നൽകിയതായി മൊഴി നൽകിയിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കുൾപ്പെടെ കോഴപ്പണം ലഭിച്ചതായി മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും മൊഴി നൽകിയിട്ടുണ്ട്.

കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പൻ ഒരു ലക്ഷം രൂപയിൽ അധികം വിലയുള്ള നാലു ഫോണുകൾ വാങ്ങി സ്വപ്നയ്ക്കു നൽകിയിരുന്നു. ഇതിൽ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കൽ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറിൽ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പൻ കോഴയായി നൽകിയതാണെന്നാണ് ഇഡിയുടെ നിഗമനം. സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ കേസിൽ നിർണ്ണായകമാകും.

ലൈഫ് മിഷൻ കരാർ ലഭിച്ചാൽ സ്വപ്നയടക്കമുള്ളവർക്കു 30% കമ്മിഷൻ നൽകാൻ തുടക്കത്തിൽ ധാരണയുണ്ടായിരുന്നെന്ന് സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തിരുന്നു. യൂണിടാകുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണു സന്തോഷ് ഈപ്പനെ കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. ഇത് വീണ്ടും സന്തോഷ് ഈപ്പൻ ആവർത്തിച്ചാൽ പല പ്രമുഖരും കുടുങ്ങും.

ഒരു കോടി യുഎഇ ദിർഹം (ഏകദേശം 20 കോടി രൂപ) ചെലവിട്ട് 100 ഫ്‌ളാറ്റുകൾ നിർമ്മിക്കാനുള്ള പദ്ധതി ചർച്ച ചെയ്തപ്പോഴാണിതെന്നും സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് സന്തോഷ് മൊഴി നൽകിയിരുന്നു. 'പിന്നീട് ഫ്‌ളാറ്റുകളുടെ എണ്ണം 140 ആക്കിയതോടെ 20% കമ്മിഷൻ നൽകാമെന്ന ധാരണയിലെത്തി. അപ്പോഴും ലാഭമാണു പ്രതീക്ഷിച്ചത്. കമ്മിഷൻ തുക ചെലവിനത്തിൽ കാണിക്കാമെന്നു വിചാരിച്ചു. എന്നാൽ കരാറിനെ പറ്റി വിവിധ ഏജൻസികൾ അന്വേഷണം തുടങ്ങിയതോടെ അതു തകിടം മറിഞ്ഞു' സന്തോഷ് ഈപ്പൻ പറഞ്ഞിരുന്നു.

ലൈഫ് മിഷൻ പദ്ധതിക്കായി കമ്മീഷൻ നൽകിയതായി സന്തോഷ് ഈപ്പൻ നേരത്തെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു സന്തോഷ് ഈപ്പന്റെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും നേരത്തെ നടത്തിയിട്ടുള്ള ഇടപാടുകളെക്കുറിച്ചും ആദായ നികുതി വകുപ്പും അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP