Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണൽ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സംഗീതിനെ കൊലപ്പെടുത്തിയത് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ

മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണൽ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സംഗീതിനെ കൊലപ്പെടുത്തിയത് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ

പി നാഗരാജ്

തിരുവനന്തപുരം: പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലൻ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണൽ മാഫിയ അടിച്ചു കൊന്ന കേസിൽ മണൽ മാഫിയയും കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജൂലൈ 30 ന് എല്ലാ പ്രതികളെയും ഹാജരാക്കാൻ കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തോടാണ് കോടതി ഉത്തരവിട്ടത്.

മണൽ മാഫിയ സംഘത്തിൽപ്പെട്ട ജെ സി ബി ഡ്രൈവർ വിജിൻ , ടിപ്പർ ഓടിച്ച ലിനു മഹേഷ് , ജെ സി ബി ഉടമ സജു എന്ന സ്റ്റാന്റിൻ ജോൺ , ടിപ്പർ ഉടമ ഉത്തമൻ എന്ന മണികണ്ഠൻ , സംഘത്തിലുണ്ടായിരുന്നവരും കൊലയ്ക്ക് പ്രേരിപ്പിച്ചവരും മോഷ്ടിച്ച മണൽ കടത്തുന്നതിനും ഒളിവിൽ പാർക്കുന്നതിന് സഹായിച്ചവരും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നവരും മോഷണ മുതലായ മണൽ വഞ്ചനാപരമായി കൈപ്പറ്റിയവരുമായ ബൈജു , മൂഢൻ എന്ന മിഥുൻ , മണിക്കുട്ടൻ എന്ന സുജിത് , ഉണ്ണി എന്ന ലാൽ കുമാർ , തേങ്ങ അനീഷ് എന്ന വിനീഷ് , വിശു എന്ന സനൽകുമാർ , വിഷ്ണു. ജി.നായർ , തങ്കമണി , രാജൻ എന്ന ജസ്റ്റിൻ എന്നിവരാണ് കേസിലെ ഒന്നു മുതൽ പതിമൂന്ന് വരെയുള്ള പ്രതികൾ.

2020 ജനുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി 12.30 ന് പുരയിടത്തിലെ മണ്ണ് ഇടിക്കുന്ന വിവരം സംഗീത് കാട്ടാക്കട പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ പൊലീസെത്തിയത് ഒന്നര മണിക്കൂറിന് ശേഷമാണ്. ഇതിനിടെയാണ് സംഗീതിനെ കൊലപ്പെടുത്തിയത്. നാട്ടുകാർ സംഗീതിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷമാണ് പൊലീസെത്തിയത്. പൊലീസിന്റെ അനാസ്ഥയാണ് സംഗീതിന്റെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. നിയമസഭയിലും വിഷയം ഏറെ ഒച്ചപ്പാടിനിടയാക്കിയിരുന്നു.

മണൽ മാഫിയ കാട്ടാക്കടക്ക് സമീപമുള്ള സംഗീത് ബാലന്റെ വീട്ടിൽ രാത്രി 12.30 ഓടെ അതിക്രമിച്ച് കടന്ന സമയം സംഗീത് കേരള - തമിഴ് നാട് അതിർത്തിക്ക് തൊട്ടടുത്തുള്ള കളിയൽ എന്ന സ്ഥലത്തുള്ള തന്റെ ഹാച്ചറി ഫാക്ടറിയിൽ നിൽക്കുകയായിരുന്നു. കുറച്ചപരിചിതർ വീടിന്റെ പുറകിൽ നിന്നും മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണൽ എടുക്കുന്ന വിവരം ഭാര്യ സംഗീത ഭർത്താവിനെ ഫോണിലൂടെ അറിയിച്ചു. 30 സെന്റുള്ള തന്റെ പുരയിടത്തിൽ നിന്നും മണൽ എടുക്കാൻ മുമ്പ് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് സംഗീത് അനുമതി നൽകിയിരുന്നു.

വീടിന് സമീപമുള്ള കീഴാറൂർ കടവ് പാലത്തിന് വേണ്ടിയും പഞ്ചായത്തധികൃതർ മണൽ എടുക്കാൻ സംഗീത് സമ്മതിച്ചിരുന്നു. എന്നാൽ ഈ രണ്ടവസരത്തിലും പുരയിടത്തിൽ നിന്നും മണൽ എടുക്കും മുമ്പ് സംഗീതിനെ അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. അതിനാൽ തന്നെ ഇക്കുറി മണലെടുക്കുന്നത് മണൽ മാഫിയയിൽ പെട്ട ചില ഗുണ്ടകളായിരിക്കുമെന്ന് സംഗീതിന് ബോധ്യപ്പെട്ടു. ഉടൻ സംഗീത് വിവരം കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ഫോൺ വഴി അറിയിച്ച ശേഷം വീട്ടിലേക്ക് കാറിൽ പാഞ്ഞെത്തി. സംഗീത് വീട്ടിലെത്തിയപ്പോഴേക്കും മണൽ മാഫിയ ജെ സി ബി ഉപയോഗിച്ച് 3 ലോറികളിലായി ടൺ കണക്കിന് മണൽ ലോഡ് ചെയ്തു കഴിഞ്ഞിരുന്നു.

സംഗീത് ഖനനം തടയാൻ ശ്രമം നടത്തി. തന്റെ പുരയിടത്തിൽ നിന്നും ജെ സി ബി പുറത്തു പോകുന്നത് തടയാനായി സംഗീത് തന്റെ കാർ വീട്ടിലേക്കുള്ള വഴിയിൽ കൊണ്ടിട്ടു കാറിൽ നിന്ന് പുറത്തിറങ്ങിയ സംഗീത് ജെസിബിയെ തടഞ്ഞു. എന്നാൽ ജെ സി ബി ഡ്രൈവർ ജെ സി ബി യുടെ മണ്ണുമാന്തുന്ന മാരകമായ ഇരുമ്പു ബക്കറ്റ് കൊണ്ട് സംഗീതിന്റെ തലക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. നിലവിളിയും ബഹളവും കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. സംഗീതിനെ അയൽവാസികളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എല്ലാം കഴിഞ്ഞാണ് കാട്ടാക്കട പൊലീസ് 20 മിനിറ്റു കെണ്ടെത്താവുന്ന സംഭവസ്ഥലത്ത് ഒന്നര മണിക്കൂർ കഴിഞ്ഞെത്തിയത്.

പടിഞ്ഞാറൻ ഏഷ്യയിൽ ജോലി ചെയ്തിരുന്ന സംഗീത് 6 വർഷം മുമ്പാണ് ജന്മ നാട്ടിലെത്തിയത്. ബിസിനസ്സ് നടത്തി ഉപജീവനം നടത്തുന്നതിനിടെയാണ് കുടുംബത്തിന്റെ ഏക ആശ്രയമായ സംഗീതിന്റെ ജീവൻ മണൽ മാഫിയ കവർന്നെടുത്തത്. ഭാര്യ സംഗീത വീട്ടമ്മയും 6 വയസ്സുള്ള മകൻ ശ്രീഹരിയും 4 വയസ്സുള്ള മകൾ സംഗീർത്തനയും അടങ്ങുന്ന കുടുംബത്തിനെയാണ് മണൽ മാഫിയ അനാഥമാക്കിയത്.സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത് നാട്ടുകാർക്കും വീട്ടുകാർക്കും നല്ലവനായി ജീവിച്ച സംഗീതിന് ശത്രുക്കൾ ആരും തന്നെയില്ലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തിയിരുന്നെങ്കിൽ ഗൃഹനാഥന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. പൊലീസ് - മണൽ മാഫിയ അവിശുദ്ധ കൂട്ടുകെട്ടാണ് ഗൃഹനാഥന്റെ ക്രൂരവും മൃഗീയവുമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥലവാസികളും നാട്ടുകാരും ആരോപിച്ചു.

സംഗീത് നൽകിയ വിവരം സ്റ്റേഷനിലെ ജി ഡി ചുമതലയുള്ള ഉദ്യോഗസ്ഥൻ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സംഘത്തിന് കൈമാറി. എന്നാൽ മണൽ മാഫിയ സ്ഥലം കൈയേറിയ വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും 20 മിനിറ്റു കൊണ്ടെത്താവുന്ന സ്ഥലത്ത് പൊലീസെത്തിയത് ഒന്നര മണിക്കൂർ വൈകിയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. സമാനമായ റിപ്പോർട്ട് നെടുമങ്ങാട് ഡിവൈഎസ്‌പിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 8 ന് എഎസ്ഐ അടക്കം നാല് പൊലീസുദ്യോഗസ്ഥരെ കൃത്യ വിലോപത്തിന് റൂറൽ എസ്‌പി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

എ എസ് ഐ അനിൽകുമാർ , സിവിൽ പൊലീസ് ഓഫീസർമാരായ ഹരികുമാർ , ബൈജു , സുകേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കേസിൽ പ്രത്യേക അന്വേഷണ സംഘം മെയ് 4 നാണ് കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( അന്യായമായി സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ലഹള ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 447 ( വസ്തു കൈയേറ്റം ) , 379 ( മണൽ മോഷണം ) , 302 ( കൊലപാതകം ) , 212 ( കുറ്റവാളികൾക്ക് അഭയം കൊടുത്ത് ഒളിവിൽ പാർപ്പിക്കൽ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും ) , 109 (കൃത്യത്തിന് പ്രേരണയും സഹായവും നൽകൽ ) , 411 ( മോഷണമുതലായ മണൽ വഞ്ചനാപരമായി കൈപ്പറ്റൽ ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതേ സമയം കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP