Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്‌സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്‌സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ

ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്‌സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്‌സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇറാനിലാണ് പാഴ്‌സി മതം ഉണ്ടാകുന്നത്. ഈ മതത്തിന് അവിടെ ജാതികളില്ല. എന്നാൽ ഇന്ത്യയിൽ പാഴ്‌സിലുമുണ്ട് ജാതി സമ്പ്രദായം. ഞാനൊരു പുരോഹിത കുടുംബത്തിൽ ജനിച്ചതു കൊണ്ട് മാത്രമാണ് പാഴ്‌സി പുരോഹിതനാകാൻ കഴിഞ്ഞത്. അല്ലെങ്കിൽ എനിക്ക് അതിന് കഴിയുമായിരുന്നില്ല-2018ൽ എസ് സി-എസ് ടി വിഭാഗങ്ങളുടെ കേസുമായി ബന്ധപ്പെട്ട് അന്ന് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്‌ക്കൊപ്പമുള്ള ബെഞ്ചിലിരുന്ന് ആർ.എഫ്. നരിമാൻ പറഞ്ഞതാണ് ഈ വാക്കുകൾ. അതായത് ജസ്റ്റീസ് നരിമാൻ പാഴ്‌സി പുരോഹിതനാണ്. ശബരിമലയിൽ റഫൽ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇനി ചില സംശയ ദൂരീകരണത്തിനാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്. ശബരിമലയ്‌ക്കൊപ്പം പാഴ്‌സി മതവിഭാഗത്തിലെ പ്രശ്‌നവും പരിഗണിക്കും. അതുകൊണ്ട് തന്നെ പാഴ്‌സി പുരോഹിതനായ നരിമാൻ ഈ ബഞ്ചിൽ ഉൾപ്പെടുമോ എന്നതാണ് നിർണ്ണായകം. ഇക്കാര്യത്തിലെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യ.

ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇതുൾപ്പെടെ സമാനമായ കേസുകളിലെ പൊതുവായ ചോദ്യങ്ങൾക്ക് വിശാല ബെഞ്ചിൽനിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ വിധിച്ചത്. ഏഴോ അതിലേറെയോ ജഡ്ജിമാരുള്ള വിശാലബെഞ്ചാകും പൊതുവായ നിയമവിഷയങ്ങൾ പരിശോധിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവെക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കി. യുവതീപ്രവേശവിധി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാൽ, പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച 2018-ലെ വിധി നിലനിൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. അതേസമയം, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാഹർജികൾ തള്ളിക്കൊണ്ട് പഴയവിധി നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിധിയെഴുതി. ശബരിമലവിഷയം മാത്രമാണ് അഞ്ചംഗബെഞ്ചിനു മുന്നിലുള്ളതെന്നും മറ്റു കേസുകളിൽ അതത് ബെഞ്ചുകൾ എന്തു നിലപാടെടുക്കുമെന്നത് ഈ ബെഞ്ചിന്റെ വിഷയമല്ലെന്നും അവർ ന്യൂനപക്ഷവിധിയിൽ പറഞ്ഞു. ഇതാണ് ഭൂരിപക്ഷ വിധി തള്ളുന്നത്. ഇതോടെ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്കും ചർച്ചയാവുകയാണ്.

ശബരിമലയിലെ യുവതീപ്രവേശവിലക്കിനു സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശം അനുവദിക്കൽ) ചട്ടം, മുസ്ലിംസ്ത്രീകൾക്കുള്ള പള്ളിവിലക്ക്, സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. വിശാലബെഞ്ചിനു വിട്ടതോടെ ശബരിമല വിഷയത്തിലെ നിയമപോരാട്ടം ഇനിയും നീണ്ടുപോകുമെന്നുറപ്പായി. ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചുണ്ടാക്കുകയും വിവിധ കേസുകളിലെ സമാനവിഷയങ്ങൾ അതിലേക്കു വിടുകയും വേണം. ഈ കേസുകളിലെ പൊതുവായ നിയമപ്രശ്‌നങ്ങളിൽ വിശാലബെഞ്ച് തീരുമാനമെടുത്തശേഷമേ ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധിപറയാനാകൂ. പാഴ്‌സി വിഷയം കാരണം അടുത്ത വിശാല ബഞ്ചിൽ നിന്ന് നരിമാൻ മാറി നിൽക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിശാല ബഞ്ചിൽ ആചാര സംരക്ഷണത്തിന് കൂടുതൽ വഴിയൊരുക്കുന്ന നിലപാടുകളുണ്ടാകുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. 2018-ൽ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് യുവതീപ്രവേശത്തെ എതിർത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരം ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് വിശാലബെഞ്ചിനു വിടണമെന്ന് അഭിപ്രായപ്പെട്ടു. 2018-ലെ വിധിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച ജസ്റ്റിസ് ഖാൻവിൽകർ നിലപാടു മാറ്റി. വിഷയം വിശാലബെഞ്ചിനു വിടണമെന്ന് അദ്ദേഹവും നിലപാടെടുത്തു.

ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വേറെയും കേസുകൾ സുപ്രീംകോടതിയിൽ തീർപ്പാവാതെയുണ്ട്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങൾ നിലനിൽക്കുന്നു. ശിരൂർ മഠം കേസിലെ ഏഴംഗബെഞ്ചിന്റെ വിധിയും അജ്‌മേർ ദർഗക്കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇതെല്ലാമാണ് വിശാലബെഞ്ച് എന്ന തീരുമാനത്തിലേക്കെത്തിച്ചത്. ഭരണഘടനയെ വ്യാഖ്യാനം ചെയ്യുന്ന വിഷയങ്ങൾ ചുരുങ്ങിയത് അഞ്ചംഗബെഞ്ചെങ്കിലും പരിഗണിക്കണമെന്ന നിബന്ധന 1950-ലാണു വന്നത്. അന്ന്, സുപ്രീംകോടതിയിൽ ഏഴു ജഡ്ജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 34 പേരുണ്ട്. യു.എസിലും മറ്റും ഫുൾകോർട്ട് (മുഴുവൻ ജഡ്ജിമാരും) ഇരുന്നാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. ഈ മാതൃക ഈ കേസിലും വരാനാണ് സാധ്യത. അതുകൊണ്ടാണ് ഒൻപതംഗ ബഞ്ചാകും വിഷയം പരിഗണിക്കുകയെന്ന് ഏവരും പ്രതീക്ഷിക്കുന്നത്. പരമാവധി ജഡ്ജിമാർ ഇരുന്ന് ആധികാരികമായ തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് ഇന്നലത്തെ വിധിയിൽ പറയുന്നു. ഈ വിധിയിൽത്തന്നെ പറയുന്ന ശിരൂർ മഠം കേസിന്റെ വിധി പറഞ്ഞത് ഏഴംഗ ബെഞ്ചാണ്. അതുകൊണ്ടുതന്നെ ഏഴിലേറെ അംഗങ്ങളുള്ള ബെഞ്ചിലേക്ക് ശബരിമല വിഷയം പോയേക്കും.

ശബരിമല സ്ത്രീപ്രവേശകേസിലേതുപോലെ സമാനമായ വിഷയങ്ങൾ മറ്റു കേസുകളിലുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി.

1, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം

പുണെയിലെ ദമ്പതിമാരായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് എന്നിവരാണ് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഈമാസം അഞ്ചിനാണ് കേസ് ഒടുവിൽ പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നാലാഴ്ച സമയം വേണമെന്നു പറഞ്ഞ കക്ഷികളോട്, പറ്റില്ലെന്നും പത്ത് ദിവസത്തിനകംതന്നെ മറുപടി നൽകണമെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ തീരുമാനിക്കാൻ മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞതോടെ, ശബരിമല കേസിന്റെ വിധിയുമായി അതിന് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നു. വ്യാഴാഴ്ചത്തെ വിധി അത് ശരിവെക്കുകയും ചെയ്തു.

2. പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം

അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്സി സ്ത്രീയെ ഗുജറാത്തിലെ അവരുടെ ക്ഷേത്രത്തിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഗൂൾരുഖ് ഗുപ്ത എന്ന സ്ത്രീയെ, അന്യമതസ്ഥനെ വിവാഹം കഴിച്ചതിനെത്തുടർന്ന് പാഴ്സി ക്ഷേത്രത്തിൽ വിലക്കിയത് ചോദ്യംചെയ്തായിരുന്നു ഹർജി. അതിൽ പാഴ്സി സ്ത്രീക്ക് ക്ഷേത്രത്തിൽ കയറാമെന്ന് അഞ്ചംഗ ബെഞ്ച് 2017 ഡിസംബർ 14-ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ കേസ് അവിടെ അവസാനിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെല്ലാം 2018 ജനുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി. എന്നാൽ പിന്നീട് കേസ് സുപ്രീംകോടതി പരിഗണിച്ചതായി കാണുന്നില്ല. ഈ സമുദായത്തിലെ പുരോഹിതനാണ് ജസ്റ്റീസ് നരിമാൻ എന്നത് ഈ കേസിന് കൂടുതൽ പ്രാധാന്യം നൽകും. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നരിമാൻ എത്തുമോ എന്നതാണ് ചർച്ചാ വിഷയം

3. ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമം

ഷിയാ മുസ്ലിങ്ങളിലെ വളരെ ന്യൂനപക്ഷമായൊരു വിഭാഗമാണ് ദാവൂദി ബോറ. അതിലെ പെൺകുട്ടികളെ ചേലാകർമത്തിന് വിധേയമാക്കുന്നത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി 2018 സെപ്റ്റംബർ 24-ന് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. പിന്നീട് ഈ കേസ് പരിഗണിച്ചിട്ടില്ല. അഡ്വ. സുനിത തിവാരിയാണ് ഹർജി നൽകിയത്. ദാവൂദി ബോറ വിഭാഗത്തിന്റെ അനിവാര്യമായ ആചാരമാണിതെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദത്തെ കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്തുണച്ചിരുന്നു. ഇതും അംഗീകരിക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP