Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി അപ്രസക്തമാകും; വിശാലബെഞ്ചിന് വിട്ടാൽ ഏഴംഗബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല; പുനഃപരിശോധനാ ഹർജി തള്ളാനാണു തീരുമാനിക്കുന്നതെങ്കിൽ വിശ്വാസികൾക്ക് മുമ്പിലുണ്ടാകുക തിരുത്തൽ ഹർജിയെന്ന പരിമിതസാധ്യത മാത്രം; വിധി പറയാൻ പരിഗണിക്കുന്നത് 56 പുനപരിശോധനാ ഹർജികൾ ഉൾപ്പെടെ 65 എണ്ണം; ഇന്ന് പത്തരയ്ക്ക് എല്ലാം വ്യക്തമാകും; ശബരിമല വിധി അറിയാൻ ശ്വാസമടക്കി കേരളം; എങ്ങും അതീവ ജാഗ്രത

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി അപ്രസക്തമാകും; വിശാലബെഞ്ചിന് വിട്ടാൽ ഏഴംഗബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല; പുനഃപരിശോധനാ ഹർജി തള്ളാനാണു തീരുമാനിക്കുന്നതെങ്കിൽ വിശ്വാസികൾക്ക് മുമ്പിലുണ്ടാകുക തിരുത്തൽ ഹർജിയെന്ന പരിമിതസാധ്യത മാത്രം; വിധി പറയാൻ പരിഗണിക്കുന്നത് 56 പുനപരിശോധനാ ഹർജികൾ ഉൾപ്പെടെ 65 എണ്ണം; ഇന്ന് പത്തരയ്ക്ക് എല്ലാം വ്യക്തമാകും; ശബരിമല വിധി അറിയാൻ ശ്വാസമടക്കി കേരളം; എങ്ങും അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി മുൻപാകെയുള്ളത് 65 ഹർജികൾ. ഇവയിൽ 56 എണ്ണം പുനഃപരിശോധനാ ഹർജികളാണ്. മറ്റുള്ളവ അനുബന്ധ ഹർജികളും. സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശ വിഷയം 'ചീഫ് ജസ്റ്റിസുമാരുടെ കേസാണ്'. കഴിഞ്ഞ 13 വർഷത്തിൽ പ്രധാന നടപടികളെല്ലാം വന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽനിന്നാണ്.പ്രധാന ഹർജിയിലും പുനഃപരിശോധനാ ഹർജകളിലുമായി, 2006 ഓഗസ്റ്റ് മുതൽ കഴിഞ്ഞ ഫെബ്രുവരി 6 വരെ പല തവണയായി വാദം കേട്ടത് 17 പുരുഷ ജഡ്ജിമാരും 2 വനിതാ ജഡ്ജിമാരും.

ഇത്തരത്തിലൊരു കേസാണ് ഇന്ന് വീണ്ടും സുപ്രീംകോടതി തീർപ്പ് കൽപ്പിക്കുന്നത്. പുനപരിശോധനാ ഹർജിയിലെ വിധി ഏറെ നിർണ്ണായകമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിശ്വാസികളും ്അവിശ്വാസികളുമെല്ലാം ഉറ്റു നോക്കുന്ന വിധി. ഒമ്പതുമാസത്തിലേറെയായി കേരളം കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാ ഹർജികളിലാണ് വ്യാഴാഴ്ച വിധിപറയുന്നത്. ശബരിമലയിൽ പ്രായവ്യത്യാസമില്ലാതെ സ്ത്രീപ്രവേശം അനുവദിച്ച 2018 സെപ്റ്റംബർ 28-ലെ വിധിക്കെതിരേ വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഹർജികളിലാണ് തീർപ്പുകല്പിക്കുന്നത്. കോടതി വിധി ഇന്ന് വരുന്ന പശ്ചാത്തലത്തിൽ കേരളത്തിലാകെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജ്ഞാപനത്തിനുപുറമേ, കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലും ആർത്തവകാലത്ത് സ്ത്രീകളെ വിലക്കുന്നതിന് നിയമപിൻബലം ഇല്ലാതായി. അതിനാൽ, പുനഃപരിശോധനാ ഹർജിയിലെ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നു പറയാം. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006-ൽ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി. ഇതിലാണ് പുനപരിശോധന.

കണ്ഠര് രാജീവര്, പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി.ഉഷാനന്ദിനി, ബി.രാധാകൃഷ്ണ മേനോൻ, പി.സി.ജോർജ് തുടങ്ങിയ വ്യക്തികൾ, നായർ സർവീസ് സൊസൈറ്റി, പന്തളം കൊട്ടാരം നിർവാഹക സംഘം, ശബരിമല ആചാര സംരക്ഷണ ഫോറം, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഓൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളാണ് പുനപരിശോധനാ ഹർജി നൽകിയിട്ടുള്ളത്.

ഹർജിക്കാർ ജി.വിജയകുമാർ, എസ്.ജയരാജ് കുമാർ, ഷൈലജ വിജയൻ, അഖില ഭാരതീയ മലയാളി സംഘ് എന്നിവരുരെട റിട്ട് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം, വിലക്കുള്ള പ്രായഗണത്തിൽ പെടുന്ന ഏതെങ്കിലും സ്ത്രീ ശബരിമലയിൽ പ്രവേശിക്കുന്നതിന് അവകാശം ഉന്നയിച്ചാൽ പരിഗണിക്കാവുന്ന നിയമം മാത്രവും പ്രഖ്യാപന സ്വഭാവത്തിലുള്ളതുമാണ് ഭരണഘടനാ ബെഞ്ചിന്റെ വിധിയെന്നു വിശദീകരിക്കണമെന്നാണ് ഇതിലെ ആവശ്യം. ഹൈക്കോടതിയിലെ കേസുകൾ സുപ്രീം കോടതിയിലേക്കു മാറ്റാ
ട്രാൻസ്ഫർ രണ്ട് ട്രാൻസഫർ ഹർജികളുമുണ്ട്. സർക്കാരാണ് ഇത് നൽകിയിര്രുന്നത്. ഇതിനൊപ്പം രണ്ട് പ്രത്യേക അനുമതി ഹർജികളും.

മേൽനോട്ട സമിതിയെ നിയോഗിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരും സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം എർപ്പെടുത്തിയതിനെതിരെ ആർ.വി.ബാബുവും കോടതിയെ സമീപിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവാണ് ബാബു. ഇതിനൊപ്പം സാവകാശ ഹർജിയും. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇത് നൽകുന്നത്. യുവതീപ്രവേശ വിധി നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്കു നീട്ടിവയ്ക്കണമെന്നും വനഭൂമി വിട്ടുകിട്ടി ശബരിമലയിലും പമ്പയിലും നിലയ്ക്കലും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ വിധി നടപ്പാക്കാനാവില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്.

വാദങ്ങൾ ഉന്നയിക്കാൻ അവസരം തേടി യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ചവിട്ടിയ പി.ബിന്ദു, കനകദുർഗ എന്നിവർ ഇടപെടൽ അപേക്ഷ നൽകിയിരുന്നു. പുനഃപരിശോധനാ ഹർജികൾ പരിഗണിച്ചപ്പോൾ, ഇവരുടെ അഭിഭാഷകയ്ക്കും വാദങ്ങൾ ഉന്നയിക്കാൻ കോടതി അവസരം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ വാദങ്ങളും പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കു പുറമേ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന അഞ്ചംഗബെഞ്ചാണ് വിധിപറയുക. ബെഞ്ച് ഫെബ്രുവരി ആറിന് മൂന്നരമണിക്കൂറോളം വാദം കേട്ടശേഷമാണ് വിധിപറയാൻ മാറ്റിയത്. സ്ത്രീപ്രവേശവിധി പറഞ്ഞ ബെഞ്ചിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാലാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പകരമെത്തിയത്.

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങളും പുനഃപരിശോധനാ ഹർജി തള്ളാനാണു തീരുമാനിക്കുന്നതെങ്കിൽ തിരുത്തൽഹർജിയെന്ന പരിമിതസാധ്യത മാത്രമാകും പിന്നെ വിശ്വാസികൾക്ക് മുന്നിലുണ്ടാകുക. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്നു ജഡ്ജിമാരും വിധിപറഞ്ഞ കേസിലെ ജഡ്ജിമാരുണ്ടെങ്കിൽ അവരും ചേർന്ന് ചേംബറിലാണ് തിരുത്തൽ ഹർജി പരിഗണിക്കുക. വിധിയിൽ സ്വാഭാവികനീതിയുടെ ലംഘനമുണ്ടായെന്നും ജഡ്ജിമാരുടെ ഭാഗത്തുനിന്ന് പക്ഷപാതമുണ്ടായെന്നും ബോധിപ്പിക്കാനായാലേ തിരുത്തൽഹർജി പരിഗണിക്കൂ. ഹർജിക്ക് അടിസ്ഥാനമില്ലെങ്കിൽ പരാതിക്കാരനു കോടതിച്ചെലവു ചുമത്താം.

ബെഞ്ചിലെ ഭൂരിഭാഗം അംഗങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചാൽ പഴയ വിധി സ്വാഭാവികമായും അപ്രസക്തമാകും. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസയച്ച് കേസിൽ വീണ്ടും വാദം കേൾക്കും. കക്ഷികൾക്ക് വിശദമായി വാദങ്ങൾ അവതരിപ്പിക്കാം. വിശാലബെഞ്ചിന് വിട്ടാൽ ഏഴംഗബെഞ്ചിന് വിടാനുള്ള സാധ്യതയും തള്ളാനാവില്ല. അങ്ങനെയെങ്കിൽ പഴയവിധി സ്റ്റേ ചെയ്‌തേക്കും. പിന്നീട്, ഏഴംഗബെഞ്ച് രൂപവത്കരിച്ച് വാദം കേൾക്കാൻ നിശ്ചയിക്കുന്നത് എപ്പോഴാകുമെന്നെല്ലാം ചീഫ് ജസ്റ്റിസ് തീരുമാനിക്കും. വിധിയിലെ നിയമപരമായ ചില ചോദ്യങ്ങൾമാത്രം വിശാലബെഞ്ചിലേക്ക് വിടുകയുമാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP