Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെക്ക് കേസിൽ എസ്‌ഐയെ ശിക്ഷിച്ച റെക്കോഡ് കാണാനില്ല; രേഖകൾ നഷ്ടമായത് തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്ന്; വിവരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് റിപ്പോർട്ട് ചെയ്യാൻ അഡീ. ജില്ലാ ജഡ്ജിയുടെ ഉത്തരവ്

ചെക്ക് കേസിൽ എസ്‌ഐയെ ശിക്ഷിച്ച റെക്കോഡ് കാണാനില്ല; രേഖകൾ നഷ്ടമായത് തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്ന്;  വിവരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് റിപ്പോർട്ട് ചെയ്യാൻ അഡീ. ജില്ലാ ജഡ്ജിയുടെ ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: കേരളാ പൊലീസ് സേനയിലെ സബ്ബ് ഇൻസ്‌പെക്ടറെ ചെക്ക് കേസിൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചതിന്റെ റെക്കോർഡുകൾ ജില്ലാ കോടതിയിൽ നിന്ന് കാണാതായി. വിവരം തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് റിപ്പോർട്ട് ചെയ്യാൻ ആറാം അഡീഷണൽ ജില്ലാ ജഡ്ജി സിറിൾ ഉത്തരവിട്ടു. മേൽ നടപടിക്കായി വിവരം റിപ്പോർട്ട് ചെയ്യാൻ ചീഫ് മിനിസ്റ്റീരിയൽ ഓഫീസറോടാണ് ജഡ്ജി ഉത്തരവിട്ടത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വകുപ്പുതല ആഭ്യന്തര അന്വേഷണം വേണമോ പൊലീസ് അന്വേഷണം വേണമോയെന്ന് രണ്ടു ദിവസത്തിൽ തീരുമാനമുണ്ടാകും.

സബ്ബ് ഇൻസ്‌പെക്ടറും തിരുവനന്തപുരം ശാസ്തമംഗലം ശ്രീ വില്ലയിൽ ശ്രീരംഗം ലെയിനിൽ റ്റി സി. 9/2339 ൽ താമസക്കാരനുമായ കൃഷ്ണപിള്ളയെ മജിസ്‌ട്രേട്ട് കോടതി ആറു മാസം തടവിനും എഴുപത്തയ്യായിരം രൂപ വാദിക്ക് നഷ്ടപരിഹാരം നൽകാനും ശിക്ഷ വിധിച്ചിരുന്നു. 2016 ജനുവരി 5 ന് തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മജിസ്‌ട്രേട്ട് കോടതി എസ് ഐയെ ശിക്ഷിച്ച ശേഷം 2016 ജനുവരി 28 ന് എസ് ഐ ജില്ലാ കോടതിയിൽ ക്രിമിനൽ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് ജില്ലാ കോടതി സ്റ്റേ ചെയ്തിരുന്നു. അപ്പീലിൽ തീർപ്പു കൽപ്പിക്കാൻ അപ്പീൽ ആറാം അഡീഷണൽ ജില്ലാ കോടതിയിലേക്ക് മെയ്ഡ് ഓവർ ചെയ്തു. തുടർന്ന് അപ്പീലിൽ വാദം കേൾക്കുന്നതിന് മുന്നോടിയായി കീഴ്ക്കോടതിയിൽ നിന്നു മുഴുവൻ കേസ് റെക്കോർഡുകളും വിളിച്ചു വരുത്താൻ ആറാം അഡീ. ജില്ലാ കോടതി ഉത്തരവിട്ടു.

ഉത്തരവനുസരിച്ച് അസ്സൽ വിധി ന്യായം, അസ്സൽ ചെക്ക് ലീഫ്,സാക്ഷി മൊഴികൾ എന്നിവ സഹിതമുള്ള മുഴുവൻ കേസ് റെക്കോർഡുകളും മജിസ്ട്രേട്ട് കോടതിയിൽ നിന്നും കേസ് ലിസ്റ്റ് തയ്യാറാക്കി മുദ്ര വെച്ച കവറിൽ ജില്ലാക്കോടതിയിൽ സമർപ്പിച്ചു. ജില്ലാ കോടതി ശിരസ്തദാർ കേസ് റെക്കോർഡ് ജില്ലാ കോടതിയിലെ റെക്കോർഡ് കീപ്പറെ ഏൽപ്പിച്ചു.

2017 ഓഗസ്റ്റ് 14 ന് കീഴ്‌ക്കോടതി റെക്കോർഡ് ആറാം അഡീ. ജില്ലാ കോടതിയിൽ എത്തിയതായി കോടതിയുടെ ഉത്തരവ് ഷീറ്റിൽ ( കേസ് നടപടിക്രമങ്ങൾ ജഡ്ജി രേഖപ്പെടുത്തുന്ന പേപ്പർ ) ജഡ്ജി രേഖപ്പെടുത്തിയിട്ടുണ്ട്.കീഴ്‌ക്കോടതി റെക്കോർഡ് എത്തിയതായി ബെഞ്ച് ക്ലാർക്ക് തുറന്ന കോടതിയിൽ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൽ സി ആർ (ലോവർ കോർട്ട് റെക്കോർഡ്‌സ്) എത്തിയതായി ജഡ്ജി ഉത്തരവ്ൽ ഷീറ്റിൽ രേഖപ്പെടുത്തിയത്. തുടർന്ന് വാദം കേൾക്കാനായി കീഴ്‌ക്കോടതി രേഖകൾ പരിശോധിച്ചപ്പോഴാണ് റെക്കോർഡുകൾ കാണാതായത്.

എൽ സി ആർ കണ്ടെടുക്കാൻ 2019 ഒക്ടോബർ 18 മുതലുള്ള മൂന്നു വിചാരണ ദിവസങ്ങളായ നവംബർ 11 , ഡിസംബർ 13 , 2020 ജനുവരി 13 എന്നീ തീയതികളിൽ കോടതി ആവശ്യപ്പെട്ടിട്ടും ബെഞ്ച് ക്ലാർക്കിന് അവ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നാണ് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. കോടതി ജീവനക്കാരും കോടതി ഡ്യൂട്ടി പൊലീസുകാരും പൊലീസുദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ടിൽ കാട്ടാക്കട മജിസ്‌ട്രേട്ട് കോടതിയിൽ നിന്നയച്ച തൊണ്ടി മുതലായ സ്പിരിറ്റ് കന്നാസുകൾ കാണാതായതിനെ തുടർന്ന് സ്പിരിറ്റ് കേസിൽ പൊലീസുകാരനടക്കമുള്ള പ്രതികളെ ജില്ലാ കോടതി വിട്ടയച്ചിരുന്നു. 2018 ലായിരുന്നു ജില്ലാ കോടതി സ്പിരിറ്റു കേസിലെ എല്ലാ പ്രതികളെയും തെളിവിന്റെ അഭാവത്തിൽ വിട്ടയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP