Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ് വഴിത്തിരിവിലേക്ക്; പ്രതികൾക്ക് മേൽ ഗൂഢാലോചന, കൂട്ടായ്മ കുറ്റങ്ങൾ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം സമർപ്പിച്ചു; ജൂൺ 12 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ് വഴിത്തിരിവിലേക്ക്; പ്രതികൾക്ക് മേൽ ഗൂഢാലോചന, കൂട്ടായ്മ കുറ്റങ്ങൾ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം സമർപ്പിച്ചു; ജൂൺ 12 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് മേൽ ഭേദഗതി ചെയ്ത കുറ്റപത്രം ചുമത്തി. ഗൂഢാലോചന, കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് നടന്ന പുനർ വിസ്താരത്തിൽ കൊലപാതക കൃത്യത്തിന് ഏകദൃക്‌സാക്ഷിയായ ഒന്നാം സാക്ഷി അനൗൺസർ കുട്ടനെ വീണ്ടും വിസ്തരിച്ചതിൽ ആദ്യ മൊഴി തിരുത്തി പ്രതിഭാഗം ചേർന്നു.

പ്രതികൾ മുഖം മൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും അതിനാൽ ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും ഏക ദൃക്‌സാക്ഷി കോടതിയിൽ രണ്ടാം മൊഴി നൽകി. മുമ്പ് 2019 ൽ നടന്ന വിചാരണയിൽ കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയത് പൊലീസ് നിർദ്ദേശ പ്രകാരമാണെന്നും കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഒന്നാം സാക്ഷി മൊഴി നൽകി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ കേസിൽ അന്തിമവാദം കേൾക്കാനിരിക്കെയാണ് കുറ്റപത്രം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 2023 ഫെബ്രുവരിയിൽ എത്തിയത്.

പ്രതിഭാഗം വാദവും കേട്ട ശേഷം പുതുക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുകയായിരുന്നു. കുറ്റപത്രം ഭേദഗതി ചെയ്തതിനാലാണ് ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന ആദ്യ പൊലീസ് മൊഴി , കേസന്വേഷണ ഘട്ടത്തിൽ വനിത ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ മേൽനോട്ടത്തിൽ ജയിലിൽ വച്ച് നടത്തിയ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് (തിരിച്ചറിയൽ പരേഡ്) ൽ പ്രതികളെ ചൂണ്ടിക്കാട്ടി മജിസട്രേട്ടിന് നൽകിയ വിരൽ പതിപ്പും ഒപ്പും വച്ച് നൽകിയ സ്ഥിരീകരണ മൊഴി , തുടർന്ന് 2019 ൽ നടന്ന ആദ്യ വിചാരണയിൽ സത്യം ചെയ്ത് പ്രതികളെ വീണ്ടും തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി കോടതിയിൽ ജില്ലാ ജഡ്ജിക്ക് നൽകിയ മൊഴി എന്നിവയുടെ വെളിച്ചത്തിൽ സാക്ഷിയുടെ ഇപ്പോഴത്തെ മൊഴി തിരുത്തൽ കൂറുമാറ്റത്തിന് നിയമസാധുതയില്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിചാരണക്ക് ശേഷം മജിസ്‌ട്രേട്ടിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തിരുത്തിയതിന് സാക്ഷിക്കെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.

കോടതിയിൽ സത്യം ചെയ്ത് നൽകിയ ആദ്യ മൊഴി തെളിവു മൂല്യമുള്ള മൊഴിയാണ്. അത് പിന്നീട് മാറ്റി പറയാനാകില്ല. പറഞ്ഞാലും അത് മുഖവിലക്കെടുക്കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. അതിനാലാണ് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 145 പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കാത്തത്. കൂറുമാറിയ സാക്ഷിയുടെ ചീഫ് - ക്രോസ് വിസ്താര മൊഴിയിൽ പ്രോസിക്യൂഷന് അനുകൂലമായ ഘടകങ്ങൾ ഉണ്ടെങ്കിൽ അവ പ്രോസിക്യൂഷൻ ഭാഗം തെളിവിൽ സ്വീകരിക്കാവുന്നതാണെന്ന് ഇന്ത്യൻ തെളിവുനിയമത്തിലെ വകുപ്പ് 154 നെ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിന്യായത്തിൽ വിവക്ഷിക്കുന്നുണ്ട്.

കൊലക്കേസിൽ ദൃക്‌സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും 2019 ൽ കോടതിയിൽ തിരിച്ചറിഞ്ഞു നൽകിയ മൊഴിയാണ് തിരുത്തിയത്.

ജയിലിലേക്ക് തിരിച്ചയച്ച അലിഭായി , അപ്പുണ്ണി, തൻസീർ എന്നീ 3 പ്രതികളെ ജൂൺ 12 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന നിലവിലുള്ള 11 പ്രതികൾ. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ വിദേശത്ത് ജയിലിൽ കഴിയുകയാണ്. 2 മുതൽ 4 വരെയുള്ള പ്രതികളായ അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവർ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

കൊലക്കേസിൽ ദൃക്‌സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും കോടതിയിൽ തിരിച്ചറിഞ്ഞു മൊഴിനൽകി. 2019 മെയ് 9 ന് ആരംഭിച്ച വിചാരണയിലാണ് ഒന്നാം സാക്ഷിയായ വെള്ള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ പ്രതിക്കൂട്ടിൽ നിന്ന മൂന്നു പ്രതികളെ തിരിച്ചറിഞ്ഞ് മുൻ ജില്ലാ ജഡ്ജി ഇ .എം. സാലിഹ് മുമ്പാകെ ചൂണ്ടിക്കാണിച്ച് മൊഴി നൽകിയത്. അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവരെയും അവർ കൃത്യത്തിന് ഉപയോഗിച്ച തൊണ്ടിമുതലുകളായ വാളുകൾ , വെട്ടുകത്തി എന്നിവയും കോടതിയിൽ തിരിച്ചറിഞ്ഞു സാക്ഷിമൊഴി നൽകിയിരുന്നു.

സംഭവ ദിവസം രാത്രി ക്ഷേത്രത്തിൽ ഉത്സവപ്രോഗ്രാം കഴിഞ്ഞ് താനും രാജേഷും മടവൂർ മെട്രാസ്സ് റെക്കോർഡിങ് സ്റ്റുഡിയോയിൽ റെക്കോർഡിങ് ജോലി ചെയ്യും മുമ്പ് ഭക്ഷണം കഴിക്കവേ അർദ്ധരാത്രി 1.30- 1.45 മണിയോടെ പള്ളിക്കൽ ഭാഗത്ത് നിന്ന് ഒരു ചുവപ്പുനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാർ സ്പീഡിൽ കൊണ്ടുവന്ന് സ്റ്റുഡിയോയ്ക്ക് മുൻവശം ബ്രേക്ക് ചെയ്തു നിർത്തി. രണ്ടു മൂന്ന് സെക്കന്റിൽ വണ്ടി എടുത്ത് തുമ്പോട് ഭാഗത്തേക്ക് പോയി. അഞ്ചു മിനിറ്റിനുള്ളിൽ കാർ തിരിച്ചു വന്നു. ആദ്യം നിർത്തിയ അതേ സ്‌പോട്ടിൽ നിർത്തിയിട്ട് വീണ്ടും പള്ളിക്കൽ ഭാഗത്തേക്ക് പോയി. പതിനഞ്ചു മിനിറ്റിനുള്ളിൽ കാർ തിര്യെ വന്നു.

താൻ ഉടൻ സ്റ്റുഡിയോ പടിയിറങ്ങി താഴെ റോഡിൽ വന്നു. അപ്പോൾ പുറകുവശം കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്ന തൻസീർ എന്ന പ്രതി എന്നെ വെട്ടുകത്തി കൊണ്ട് വെട്ടി. വെട്ട് കൈ കൊണ്ട് തടുത്തപ്പോൾ തോളിലും കൈമുക്കിലുമായി കൊണ്ട് മാരകമായി പരിക്കേറ്റു. തുടർന്ന് അയാൾ ആയുധവുമായി സ്റ്റുഡിയോ വരാന്തയിൽ നിന്നു. ആ സമയം കാറിന്റെ മുൻവശം ഡോർ തുറന്ന് വാളുമായി ഒരു പ്രതി (അലിഭായി) സ്റ്റുഡിയോയിൽ ഓടിക്കയറി രാജേഷിനെ 3 - 4 വെട്ട് വെട്ടി. അതു കഴിഞ്ഞ് മറ്റൊരു പ്രതി (അപ്പുണ്ണി) വാളുമായി സ്റ്റുഡിയോയിൽ കയറി രാജേഷിനെ ചന്നം പിന്നം വെട്ടി. താൻ ഭയന്ന് സഹായം അഭ്യർത്ഥിച്ച് സമീപ വീടുകളിൽ പോയി ആളെ കൂട്ടി വന്നു. അപ്പോഴേക്കും പ്രതികൾ കൃത്യം നിർവ്വഹിച്ച് തിര്യെ പോയി. തന്നെയും രാജേഷിനെയും ആദ്യം പാരിപ്പളി മെഡിക്കൽ കോളേജിൽ എത്തിച്ചു. രാജേഷ് മരണപ്പെട്ടതായി ഡോകടർ സ്ഥിരീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP