Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികളെ കോടതി ചോദ്യം ചെയ്തു; കേസിൽ 118 സാക്ഷിമൊഴികൾ; തൊണ്ടിമുതലുകൾ കൂടാതെ 319 രേഖകൾ; റിമാന്റിൽ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; അന്തിമവാദം ഏപ്രിൽ എട്ടു മുതൽ

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികളെ കോടതി ചോദ്യം ചെയ്തു;  കേസിൽ 118 സാക്ഷിമൊഴികൾ; തൊണ്ടിമുതലുകൾ കൂടാതെ 319 രേഖകൾ; റിമാന്റിൽ കഴിയുന്ന 4 പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; അന്തിമവാദം ഏപ്രിൽ എട്ടു മുതൽ

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ 11 പ്രതികളെ കോടതി നേരിട്ട് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. സാക്ഷി വിസ്താര വിചാരണ പൂർത്തിയായതിനെ തുടർന്നാണ് വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് ജഡ്ജി ബിജു.കെ.മേനോൻ പ്രതികളെ ചോദ്യം ചെയ്തത്.

പ്രോസിക്യൂഷൻ സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന 118 സാക്ഷിമൊഴികൾ, 319 രേഖകൾ എന്നിവയിൽ നിന്നും പ്രതികളെ കുറ്റപ്പെടുത്തുന്ന സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്തത്. പ്രതിഭാഗത്തിന് സാക്ഷികളോ രേഖകളോ ഹാജരാക്കാനില്ലാത്തതിനാൽ അന്തിമവാദം ബോധിപ്പിക്കാൻ കോടതി ഉത്തരവിട്ടു.

2019 ഡിസംബർ 9 മുതൽ 2020 മാർച്ച് 20 വരെയുള്ള ദിവസങ്ങളിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 118 സാക്ഷികളെ വിസ്തരിച്ചിരുന്നു. 319 രേഖകൾ അക്കമിട്ട് പ്രോസിക്യൂഷൻ ഭാഗം തെളിവായി കോടതി സ്വീകരിച്ചു. ദൃക്‌സാക്ഷികൾ , സ്വതന്ത്ര സാക്ഷികൾ , ഫോറൻസിക് വിദഗ്ദ്ധർ , കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറി സയന്റിസ്റ്റുകൾ , അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ള ഔദ്യോഗിക സാക്ഷികൾ എന്നിവരായിരുന്നു പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിലുള്ള 118 സാക്ഷികൾ. പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയില്ല. പ്രതി ഭാഗത്തിന് പ്രോസിക്യൂഷൻ സാക്ഷിമൊഴികളിലെ 4 വൈരുദ്ധ്യങ്ങൾ മാത്രമേ ക്രോസ് വിസ്താരത്തിൽ കോടതി മുമ്പാകെ കൊണ്ടുവരാൻ സാധിച്ചുള്ളു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരം പൊലീസ് എടുത്ത മൊഴികളിലെ 4 വൈരുദ്ധ്യങ്ങൾ പ്രതിഭാഗം തെളിവായി കോടതി സ്വീകരിച്ചു.

വിചാരണക്ക് മുന്നോടിയായി എല്ലാ പ്രതികൾക്കും മേൽ കോടതി കുറ്റം ചുമത്തിയിരുന്നു. പൊലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ച് കേൾപ്പിച്ചാണ് പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്. തുടർന്ന് വിചാരണ തീയതി ഷെഡ്യൂൾ ചെയ്യാനിരിക്കേ ഒന്നാം പ്രതിയായ അലിഭായി മറ്റൊരു കേസിൽ കായംകുളം കോടതിയിൽ ഹാജരാക്കി തിരികെ പൂജപ്പുര സെൻട്രൽ ജയിലിൽ കൊണ്ടു വരവേ എസ്‌കോർട്ട് പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ പോയി. എന്നാൽ പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

വിചാരണ തടവുകാരായി റിമാന്റിൽ കഴിയുന്ന നാലു പ്രതികളെയും ഹാജരാക്കാൻ തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും ജില്ലാ കോടതി ശിരസ്തദാർക്ക് നിർദ്ദേശം നൽകി. കൂടാതെ മറ്റെല്ലാ പ്രതികളും ഏപ്രിൽ 8 മുതൽ ഹാജരാകാനും കോടതി ഉത്തരവിട്ടു. പ്രതികൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകൾ ഉള്ളതായി കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ വ്യക്തമാകുന്നതായി കുറ്റം ചുമത്തൽ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. സെഷൻസ് വിചാരണ കേസായതിനാൽ ക്രിമിനൽ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തിയത്. തങ്ങൾക്കെതിരെ കുറ്റം ചുമത്താൻ തെളിവുകൾ ഇല്ലാത്തതിനാലും തങ്ങൾക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താൻ കോടതി ഉത്തരവായത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരം പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കോടതി കുറ്റം ചുമത്തിയത്.

2018 മാർച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് കിളിമാനൂർ മടവൂർ മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വിദേശത്ത് ജിംനേഷ്യവും ബിസിനസ്സ് ബന്ധങ്ങളുമുള്ള സത്താർ എന്നയാളിന്റെ ഭാര്യയും നർത്തകിയുമായ മെറ്റിൽഡാ സോളമനും ഖത്തറിൽ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മിൽ പ്രണയത്തിലാവുകയും സത്താറിന്റെ എതിർപ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടർന്നതാണ് ക്വട്ടേഷൻ കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് കേസ്.

അബ്ദുൾ സത്താർ ഖത്തറിൽ സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതിനാൽ അവിടത്തെ കേസ് തീരാതെ ഇയാളെ ഇന്ത്യക്ക് കൈമാറാൻ വിദേശ നിയമം അനുവദിക്കാത്തതിനാൽ നിലവിൽ ഇയാളെ കേരളാ പൊലീസ് റേഡിയോ ജോക്കി കൊലക്കേസിൽ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഖത്തറിലെ കേസ് തീരുന്ന മുറക്ക് ഇയാളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തികൂടുതൽ തെളിവെടുത്ത ശേഷം ഇയാൾക്കെതിരെ പ്രത്യേക കുറ്റപത്രം സമർപ്പിക്കും. തുടർന്ന് ഇപ്പോൾ വിസ്തരിച്ച 118 സാക്ഷികളെയും വീണ്ടും വിസ്തരിക്കും.

അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്‌സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ നിലവിലുള്ള 11 പ്രതികൾ. ഇതിൽ 1 മുതൽ 4 വരെയുള്ള പ്രതികൾ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ ജില്ലാ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP