Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിൻസൺ എം പോളിന്റെ സ്വപ്‌നങ്ങൾ വെറുതെയാവുമോ? മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി കോടതി സ്വീകരിച്ചു; ഫയൽ ഹാജരാക്കാൻ ഉത്തരവ്; തിരുകി കയറിയ നേതാക്കളും ആശങ്കയിൽ

വിൻസൺ എം പോളിന്റെ സ്വപ്‌നങ്ങൾ വെറുതെയാവുമോ? മുഖ്യവിവരാവകാശ കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി കോടതി സ്വീകരിച്ചു; ഫയൽ ഹാജരാക്കാൻ ഉത്തരവ്; തിരുകി കയറിയ നേതാക്കളും ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചീഫ് ഇൻഫർമേഷൻ കമ്മിഷണറായി വിൻസൺ എം. പോളിന്റെ നിയമന ശുപാർശയുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കമ്മിഷനിലേക്ക് അപേക്ഷകനായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം മുൻ എംഡി എസ്. സോമനാഥൻ പിള്ള സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ ഉത്തരവ്.

ചീഫ് ഇൻഫർമേഷൻ കമ്മിഷന്റെയും കമ്മിഷൻ അംഗങ്ങളുടെയും നിയമനത്തിനു നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. അപേക്ഷകരുടെ മികവു ശരിയായി വിലയിരുത്തിയിട്ടില്ല. രാഷ്ട്രീയ പരിഗണനയിൽ തോന്നിയപ്രകാരം വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. സിലക്ഷൻ കമ്മിറ്റി നടപടികളുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും ഹർജിഭാഗം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചാൽ വിൻസൺ എം പോളിന്റെ നിയമനം ഉൾപ്പെടെ റദ്ദാക്കും. രാഷ്ട്രീയ പരിഗണനകളുമായി കമ്മീഷണർമാരായവർക്കും പണി കിട്ടും. ഹൈക്കോടതി നിർദ്ദേശ പ്രകാരം വിവരാവകാശ കമ്മീഷണർമാർക്കായി സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മാർഗ്ഗ രേഖയും നൽകി. ഇതെല്ലാം കാറ്റിൽ പറത്തിയാണ് അംഗങ്ങളെ ശുപാർശ ചെയ്തതെന്നാണ് പരാതി.

പ്രതിപക്ഷനേതാവ് അടക്കമുള്ളവരുടെ അതിശക്തമായ എതിർപ്പ് വകവയ്ക്കാതെ വിവരാവകാശ കമ്മിഷൻ അംഗങ്ങളെ രാഷ്ട്രീയ വീതംവയ്പിലൂടെതന്നെ നിശ്ചയിച്ചതാണ് കാര്യങ്ങൾ കോടതിയിൽ എത്തിക്കുന്നത്. ബാർ കോഴക്കേസ് അന്വേഷണത്തിൽ ആരോപണവിധേയനായ മുൻ ഡി.ജി.പി: വിൻസൻ എം. പോളിനെതന്നെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനാണ് തീരുമാനിച്ചത്. നിലവിൽ മുഖ്യ വിവരാവകാശ കമ്മീഷണറായ സിബി മാത്യൂസിന് ഈ വർഷം ഏപ്രിൽ വരെ കാലവധിയുണ്ട്. എന്നിട്ടും മുഖ്യ വിവരാവകാശ കമ്മീഷറായി വിൻസൺ എം പോളിനെ നിയമിച്ചു. എന്നാൽ ഈ സമയമാകുമ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് എത്തും. അതുകൊണ്ട് തന്നെ സർക്കാരിന് തീരുമാനം എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വിൻസൺ എം പോളിന്റെ നിയമനം.

കമ്മീഷണർമാരുടെ ഒഴിവുകളും രാഷ്ട്രീയമായി വീതിച്ചു. വിൻസൻ എം. പോളിനു പുറമെ അഞ്ചു കമ്മിഷണർമാരെയും തെരഞ്ഞെടുത്തു. ഇവരുടെ പട്ടിക അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയച്ചു. അഞ്ചംഗങ്ങളെ ഭരണമുന്നണിയിലെ ഘടകകക്ഷികൾ തംവച്ചെടുത്തു. കമ്മിഷനംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവർ: അങ്കത്തിൽ ജയകുമാർ (ജനതാദൾ), എബി കുര്യാക്കോസ് (ഡി.സി.സി. ജനറൽ സെക്രട്ടറി, ആലപ്പുഴ), പി.ആർ. ദേവദാസ് (പി.എസ്.സി. മുൻ അംഗം), അബ്ദുൾ മജീദ് , റോയ്‌സ് ചിറയിൽ (പബ്ലിക് പ്രോസിക്യൂട്ടർ, കോട്ടയം). കമ്മിഷണർമാരായി നിയമിക്കപ്പെടുമെന്നു കരുതിയിരുന്ന പ്രമുഖ മാദ്ധ്യമപ്രവർത്തകരെ അവസാനനിമിഷം ഒഴിവാക്കി.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ എന്നിവരുടെ സമിതിയാണ് തീരുമാനം എടുത്തത്. വിവരാവകാശ കമ്മിഷണർമാരുടെ കസേരകൾ വിറ്റെന്നു പ്രതിപക്ഷനേതാവ് ആരോപിച്ചു. യോഗത്തിൽ, തുടക്കംമുതൽതന്നെ നിയമനരീതികളെ വി എസ്. എതിർത്തിരുന്നു. ബുധനാഴ്ച ചേർന്ന യോഗത്തിൽ പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടികയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് 269 പേരിൽനിന്ന് 16 പേരുടെ പട്ടികയുമായാണു മുഖ്യമന്ത്രി എത്തിയത്. സുപ്രധാന ഭരണഘടനാ സ്ഥാപനമായ വിവരാവകാശ കമ്മിഷനിൽ രാഷ്ട്രീയവീതംവയ്പ് ശരിയല്ലെന്നു കാട്ടി വി എസ്. വിയോജനക്കുറിപ്പ് നൽകി. എന്നാൽ ഭൂരിപക്ഷ മികവിൽ ശുപാർശ വന്നു. .

അതിനിടെ മുഖ്യ വിവരാവകാശ കമ്മിഷണറെയും വിവരാവകാശ കമ്മിഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സമിതിയിൽ വിയോജിപ്പു രേഖപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാന്ദൻ, ശുപാർശ അംഗീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു പിന്നീടു ഗവർണർ പി. സദാശിവത്തിനു കത്ത് നൽകി. അപേക്ഷകൾ സുതാര്യമായും സത്യസന്ധമായുമല്ല സൂക്ഷ്മപരിശോധന നടത്തിയതെന്നു വിയോജനക്കുറിപ്പിൽ വി എസ്. കുറ്റപ്പെടുത്തി. ആദ്യത്തെ സർക്കാർ ഉത്തരവു പ്രകാരം നാല് ഒഴിവുകളിലേക്കുള്ള നിയമനം നടത്താൻ മാത്രമാണു നിർദ്ദേശിച്ചിരുന്നത്. അതിനു പുറമെയാണു മുഖ്യ വിവരാവകാശ കമ്മിഷണറുടെയും മറ്റൊരു കമ്മിഷണറുടെയും നിയമനത്തിനു കൂടി സർക്കാർ തീരുമാനിച്ചത്. ഇതു നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും വി എസ്. കുറ്റപ്പെടുത്തി.

വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളാണു നിലവിൽ ഉള്ളത്. പുറമെ മുഖ്യ വിവരാവകാശ കമ്മിഷണർ സിബി മാത്യൂസും സസ്‌പെൻഷനിൽ കഴിയുന്ന കമ്മിഷണർ കെ. നടരാജനും ഏപ്രിൽ 23നു വിരമിക്കും. ഈ ഒഴിവുകൾ കൂടി ചേർത്ത് ഒരുമിച്ചു നിയമനത്തിനാണ് ഉന്നതതല സമിതി തീരുമാനിച്ചത്. അതുകൊണ്ട് തന്നെ കോടതി ഇടപെടലുകൾ നിർണ്ണായകമാണ്. വിഎസിന്റെ വിയോജനം ഉൾപ്പെടെയുള്ളവ നിർണ്ണായകമാകും., വിവരാവകാശ കമ്മിഷണർമാരുടെ നാല് ഒഴിവുകളിലേക്ക് 210 പേരും വരാൻപോകുന്ന മുഖ്യ വിവരാവകാശ കമ്മിഷണറുടെയും ഒരു കമ്മിഷണറുടെയും ഒഴിവുകളിലേക്ക് 59 പേരും അപേക്ഷിച്ചിരുന്നു. ബാർ കോഴക്കേസിൽ സഹായിച്ചതിനുള്ള പ്രത്യുപകാരമായാണു വിൻസൻ എം. പോളിനു സർക്കാർ മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനം നൽകിയതെന്നു വി എസ്. ആരോപിക്കുന്നു. കാലാവധി തീരുന്നതിന് മുമ്പ് തന്നെ സിബി മാത്യൂസിനെ മാറ്റുന്നത് നിയമ ലംഘനവുമാണ്.

ഹെക്കോടതി ഇടപെടലിനെ തുർന്നാണ് വിവരാവകാശ കമ്മീഷണർമാരുടെ നാല് ഒഴിവുകളിലേക്ക് നിയമനം നടത്താൻ സർക്കാർ പൊതുവിജ്ഞാപനം പുറത്തിറക്കിയത്. നിയമം, മാദ്ധ്യമപ്രവർത്തനം, മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ഏഴ് മേഖലകളിൽ അറിവും അനുഭവജ്ഞാനവും ആയിരുന്നു യോഗ്യതകൾ. ഇത് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP